കൈ പിടിച്ച് തിരിച്ചതും കുപ്പിവള പൊട്ടി കയ്യിൽ മുറിവായി, പ്രതികരണം പ്രതീക്ഷിച്ചതുപോലെയായിരുന്നില്ല; ബിനു പപ്പു
മോഹൻലാൽ സിനിമ തുടരുമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തിയേറ്ററുകളും സോഷ്യൽമീഡിയയുമെല്ലാം ഭരിക്കുന്നത്. തരുൺ മൂർത്തി സംവിധാനം ചെയ്ത സിനിമയുടെ ആരംഭഘട്ടം മുതൽ പിന്നണിയിലും ക്യാമറയ്ക്ക് മുന്നിലും നടൻ ബിനു പപ്പുവും ഭാഗമായിരുന്നു. ഇതുവരെ ചെയ്തിട്ടുള്ള പോലീസ് കഥാപാത്രങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി അൽപ്പം പരുക്കനാണ് തുടരുമിൽ ബിനു അവതരിപ്പിച്ച ബെന്നി.
ചിത്രത്തിൽ മോഹൻലാലിനും ശോഭനയ്ക്കുമൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവം ബിനു പപ്പു കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെച്ചു. നടി ശോഭനയുടെ കൈ പിടിച്ച് തിരിക്കുന്ന രംഗത്തിൽ കുപ്പിവള പൊട്ടി നടിയുടെ കയ്യിൽ കുത്തികയറിയെന്നും എന്നാൽ അവരുടെ പ്രതികരണം താൻ പ്രതീക്ഷിച്ചതുപോലെയായിരുന്നില്ലെന്നും ബിനു പപ്പു പറയുന്നു.

ഓപ്പോസിറ്റ് നിൽക്കുന്നയാളെ കംഫർട്ടബിൾ ആക്കുക എന്ന പരിപാടിയാണ് ലാലേട്ടൻ അദ്ദേഹത്തോടൊപ്പം അഭിനയിച്ചപ്പോൾ എനിക്ക് ചെയ്ത് തന്നത്. ഒരു ഗിവ് ആന്റ് ടെയ്ക്കാണല്ലോ. അതുപോലെ ശോഭന മാമിനെ ചോദ്യം ചെയ്യുന്ന സീനിൽ മാമിന്റെ കാലിൽ ചവിട്ടുന്ന രംഗമുണ്ട്. മാമിന്റെ കാലിൽ മിഞ്ചിയുമുണ്ട്. ഞാനാണെങ്കിൽ പോലീസ് ഷൂസുമാണ് ഇട്ടിരിക്കുന്നത്.
ക്രൂരമായ രീതിയിൽ നിന്നൊക്കെയാണ് ഞാൻ അഭിനയിക്കുന്നത്. അതുപോലെ മാമിന്റെ കൈ പിടിച്ച് തിരിക്കുന്ന ഒരു രംഗമുണ്ട്. മാമിന്റെ കയ്യിൽ കുപ്പിവളയുണ്ട്. ഞാൻ അമർത്തി പിടിച്ചപ്പോൾ കുപ്പിവള പൊട്ടി കയ്യിൽ മുറിവായി. ഞാൻ കൈ പിടിച്ച് തിരിച്ചപ്പോഴും മാമിന് ശരിക്കും വേദനിച്ചു. ഫോഴ്സ് കൊടുത്ത് ചെയ്യുമ്പോൾ തീർച്ചയായും ആർക്കാണെങ്കിലും വേദനിക്കും.
ഡേയ് കൈ വിടറാ... ചോക്ലേറ്റ് വാങ്ങിത്തരേ... ഇന്നേക്ക് ദുർഘാഷ്ടമി കൈ വിടറാ... എന്നൊക്കെയാണ് ആ സമയത്ത് മാം പ്രതികരിച്ച് പറഞ്ഞ ഡയലോഗുകൾ. എനിക്ക് ചിരിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. ദൈവത്തെ ഓർത്ത് ഇങ്ങനെയുള്ള ഡയലോഗുകൾ ഒന്നും പറയല്ലേ എന്നാണ് കട്ട് വിളിച്ചശേഷം ഞാൻ മാമിനോട് പറഞ്ഞത്. ടിപ്പിൾ തമിഴ് സ്റ്റൈലിലായിരുന്നു ശോഭന മാമിന്റെ സംസാരം. അതുകേട്ട് ചിരിയടക്കാൻ പ്രയാസപ്പെട്ടുവെന്ന് ബിനു പപ്പു പറയുന്നു.
സിനിമയ്ക്ക് റിലീസിന് മുമ്പ് വേണ്ട രീതിയിൽ ആർട്ടിസ്റ്റ് പ്രമോഷൻ നൽകാതിരുന്നപ്പോൾ പലരും ഓവർ കോൺഫിഡൻസല്ലേ കാണിക്കുന്നതെന്ന് ചോദിച്ചുവെന്നും ബിനു പപ്പു പറയുന്നു. നിങ്ങൾ ഓവർ കോൺഫിഡൻസല്ലേ കാണിക്കുന്നതെന്ന് പലരും ചോദിച്ചിരുന്നു. കാരണം ഒരു തരത്തിലും ആർട്ടിസ്റ്റ് പ്രമോഷനും നടത്തിയിരുന്നില്ല. പക്ഷെ സിനിമയുടെ മുകളിൽ ഞങ്ങൾക്ക് ഒരു കോൺഫിഡൻസുണ്ടായിരുന്നു.

ബാക്ക് ഫയർ ചെയ്യുമോയെന്ന് ചെറിയ പേടിയും ഉണ്ടായിരുന്നു. ഞാൻ ഇതുവരെ ചെയ്തിട്ടുള്ള പോലീസ് സിനിമകളിൽ എന്റെ പോലീസ് കഥാപാത്രം മിക്കപ്പോഴും നന്മ മരമായിരുന്നു. ഹെലനിലും ജാവയിലും എല്ലാം അങ്ങനെയായിരുന്നു. തുടരുമിൽ എന്റെ കഥാപാത്രം തുടങ്ങുന്നത് തന്നെ ചെറിയ ഹ്യൂമർ പരിപാടിയിലൂടെയാണ്.
അതുപോലെ ജോർജെന്ന കഥാപാത്രത്തിലേക്ക് ഒരു നടനെ കൊണ്ടുവരുമ്പോൾ ആളുകൾക്ക് പ്രഡിക്ടബിളായി പോകുമോയെന്ന സംശയം എല്ലാവർക്കുണ്ടായിരുന്നു. അതുകൊണ്ടാണ് പ്രകാശ് വർമയെ ജോർജായി അഭിനയിപ്പിച്ചത്. മുമ്പ് സിനിമയിൽ അഭിനയിച്ചിട്ടില്ലെങ്കിലും ഡബ്ബിങ് ചെയ്തിട്ടുള്ളയാളാണ് പ്രകാശേട്ടൻ. ഗ്യാങ്സ്റ്റർ സിനിമയിലെ ഫസ്റ്റ് വോയിസ് ഓവർ പ്രകാശേട്ടന്റേതാണ്. നിരവധി മേജർ പരസ്യ ചിത്രങ്ങൾ ചെയ്തിട്ടുള്ള വ്യക്തിയാണ്.
ജോർജിലേക്ക് പുതിയ ആള് വേണമെന്ന് ആദ്യമെ തീരുമാനിച്ചിരുന്നു എന്നും നടൻ പറയുന്നു. വർങ്ങൾക്കുശേഷമാണ് മോഹൻലാൽ-ശോഭന കോമ്പോയിൽ ഒരു സിനിമ വരുന്നത്. അതുകൊണ്ട് തന്നെ സിനിമയിൽ ചെറിയൊരു പ്രതീക്ഷ പ്രേക്ഷകർക്കുണ്ടായിരുന്നു. ആ പ്രതീക്ഷയ്ക്കും പതിന്മടങ്ങ് മുകളിൽ നിൽക്കുന്ന സിനിമ നൽകാൻ തരുൺ മൂർത്തിക്കും സാധിച്ചു.


Click it and Unblock the Notifications