മായാനദിയുടെ കാസ്റ്റിങ് കോൾ കണ്ട് ആദ്യം വന്നത് പേളിയുടെ മെയിൽ; ഓഡീഷനിൽ എന്ത് സംഭവിച്ചുവെന്ന് ബിനു
ടൊവിനോ തോമസ് സിനിമകളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ചിത്രമാണ് 2017ൽ റിലീസ് ചെയ്ത മായാനദി. ആഷിക് അബു സംവിധാനം ചെയ്ത സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത് ശ്യാം പുഷ്കരനും ദിലീഷ് നായരുമായിരുന്നു. സിനിമയുടെ അണിയറയിൽ പ്രവർത്തിച്ചവരിൽ ഒരാൾ നടൻ ബിനു പപ്പുവായിരുന്നു. നടി ഐശ്വര്യ ലക്ഷ്മിയുടെ കരിയറിൽ ടേണിങ് പോയിന്റായി മാറിയ കഥാപാത്രമായിരുന്നു മായനദിയിലെ അപ്പു.
മാത്തൻ എന്ന കഥാപാത്രത്തെയാണ് സിനിമയിൽ ടൊവിനോ തോമസ് അവതരിപ്പിച്ചത്. ഐശ്വര്യലക്ഷ്മിയുടെ കരിയറിൽ സംഭവിച്ച രണ്ടാമത്തെ സിനിമയുമായിരുന്നു ഇത്. അതിന് മുമ്പ് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയിലാണ് ഐശ്വര്യലക്ഷ്മി നായികയായത്.

ഇപ്പോഴിതാ സിനിമയുടെ കാസ്റ്റിങ് കോൾ പോസ്റ്റ് ചെയ്തപ്പോൾ ആദ്യം വന്ന മെയിൽ പേളി മാണിയുടേതാണെന്ന് പറയുകയാണിപ്പോൾ ബിനു പപ്പു. ബിനുവും ഭാഗമായ ഏറ്റവും പുതിയ സിനിമ എക്കോയുടെ പ്രമോഷന്റെ ഭാഗമായി പേളിയുടെ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം വെളിപ്പെടുത്തിയത്. മായാനദിയെന്ന മൂവി നമുക്ക് എല്ലാവർക്കും സ്പെഷ്യലായിട്ടുള്ള സിനിമയാണ്.
ആഷിക് അബുവിന്റെ മിക്ക സിനിമകളും നമുക്ക് സ്പെഷ്യലാണ്. യുണീക്കായിട്ടുള്ള സംവിധായകനാണ് അദ്ദേഹം എന്ന് പേളി പറഞ്ഞപ്പോഴാണ് ബിനു ഇക്കാര്യം എടുത്തിട്ടത്. അത് പറഞ്ഞപ്പോഴാണ് എനിക്ക് ഒരു കാര്യം ഓർമ വന്നത്. എന്റെ അടുത്ത് നീ വന്ന് പെട്ടല്ലോ... മായാനദിയുടെ ഓഡീഷന് ഫസ്റ്റ് വന്ന മെയിൽ പേളി മാണിയുടേതാണ്.
അത് എനിക്ക് ഇപ്പോഴും ഓർമയുണ്ട് ബിനു പറഞ്ഞു. ആ പോസ്റ്റ് പ്രത്യക്ഷപ്പെട്ട് രണ്ട് മിനിറ്റിനകം ഞാൻ മെയിൽ അയച്ചു എന്നായിരുന്നു പേളിയുടെ മറുപടി. അത് കേട്ടതും ഒരു കയ്യടി കൊടുക്കടോ... എന്നായിരുന്നു ബിനു പറഞ്ഞത്. എന്നിട്ട് പേളി മാണിയെ സെലക്ട് ചെയ്തില്ലേയെന്ന് സന്ദീപ് പ്രദീപ് ചോദിച്ചപ്പോൾ പിന്നെ പറയാം എന്നായിരുന്നു ബിനു പപ്പുവിന്റെ മറുപടി.
ഓരോരോ കാര്യങ്ങൾ ഓർമിപ്പിക്കല്ലേ. എന്നെ ഇമോഷണൽ ആക്കല്ലേ. എന്നെ എന്തിനാണ് ഇഗ്നോർ ചെയ്തത്. നിങ്ങളാണല്ലേ എന്റെ മെയിൽ ഡിലീറ്റ് ചെയ്തത് എന്ന് പേളി ബിനു പപ്പുവിനോട് ചോദിച്ചു. പേളിയുടെ മെയിൽ വന്ന കാര്യം ഞാൻ ആഷിക്കയോട് പോയി പറഞ്ഞിരുന്നു.

എന്നിട്ട് പേളിയെ ഓഡീഷന് വിളിക്കുകയും ചെയ്തിരുന്നു എന്നും ബിനു കൂട്ടിച്ചേർത്തു. അയ്യോ... ഞാൻ കണ്ടില്ല. ടിഷ്യു തരൂ... കരയണം എനിക്ക്. എന്തോ ഒരു കള്ളക്കഥ... എക്കോപോലെ ഇതിന് പിന്നിലുണ്ട്. എന്നെ റെസ്ട്രിക്ട് ചെയ്തിട്ട് പക്ഷെ പ്രൊട്ടക്ട് ചെയ്തു എന്ന് പറയുന്നത് പോലെ തോന്നുന്നു.
കുഴപ്പമില്ല... ഞാൻ കരയാം. മായാനദി 2വിന് വിളിച്ചാൽ ഞാൻ പൊക്കോട്ടെ ശ്രീനി എന്നുമാണ് മറുപടിയായി സരസമായി സംസാരിച്ച് പേളി പറഞ്ഞത്. മുപ്പത്തിയാറുകാരിയായ പേളി നായിക വേഷങ്ങൾ ചെയ്തിട്ടുള്ള സിനിമകൾ വിരളമാണ്. നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന ദുൽഖർ സിനിമയിൽ ബൈക്കർ ഗേളായിട്ടായിരുന്നു പേളിയുടെ സിനിമ അരങ്ങേറ്റം.
പിന്നീട് ദി ലാസ്റ്റ് സപ്പർ, ഞാൻ, ലോഹം, ഡബിൾ ബാരൽ, ജോ ആന്റ് ദി ബോയ്, പ്രേതം, കാപ്പിരി തുരുത്ത്, പുള്ളിക്കാരൻ സ്റ്റാറാ, ഹു, ലുഡോ, വലിമൈ, ക്വീൻ എലിസബത്ത്, ഡിക്ടറ്റീവ് ഉജ്വലൻ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു. ഒരിടയ്ക്ക് അവതാരക റോളിൽ മിനിസ്ക്രീനിൽ തിളങ്ങി നിന്ന പേളി വിവാഹശേഷം യുട്യൂബ് ചാനലിന് കൂടുതൽ ശ്രദ്ധ കൊടുക്കുകയായിരുന്നു.


Click it and Unblock the Notifications











