'പൃഥ്വിയോട് ആടുജീവിതത്തിന്റെ ഐഡിയ പറഞ്ഞപ്പോൾ തന്നെ ആ ചുംബന രംഗത്തെ കുറിച്ച് ഞാൻ വിവരിച്ചിരുന്നു'; ബ്ലെസി
പിന്നണിയിൽ പ്രഗത്ഭരുടെ നീണ്ട നിരയുമായി വന്ന സിനിമയാണ് ഇക്കഴിഞ്ഞ മാർച്ച് 28ന് തിയേറ്ററുകളിലെത്തിയ പൃഥ്വിരാജ് സിനിമ ആടുജീവിതം. ഒരു ചെറുപ്പക്കാരന്റെ സ്വപ്നങ്ങളും ചതിക്കപ്പെട്ടവന്റെ ദയനീയതയും അതിജീവിക്കാനുള്ള അവന്റെ പോരാട്ടവുമൊക്കെ സ്‌ക്രീനിൽ എത്തിക്കാൻ മലയാളത്തിൽ പൃഥ്വിരാജിനെപ്പോലെ ഉചിതമായ മറ്റൊരു അഭിനേതാവില്ലെന്നാണ് ആടുജീവിതം കണ്ടിറങ്ങിയവർ ഒന്നടങ്കം പറഞ്ഞത്. ശരീരഭാരം കുറച്ചും ഉപവസിച്ചുമെല്ലാം ഒരോ സീനിനുവേണ്ടിയും ചില്ലറയൊന്നുമല്ല പൃഥ്വിരാജ് കഷ്ടപ്പെട്ടിരിക്കുന്നത്. നജീബായി മറ്റൊരാളെ പ്രേക്ഷകർക്ക് ഇനി സങ്കൽപ്പിക്കാനാവില്ല.
ബെന്യാമിന്റെ നോവലാണ് ആടുജീവിതം സിനിമയ്ക്ക് ആധാരം. സിനിമസ്നേഹികൾക്കുള്ള ട്രീറ്റായിരുന്നു ആടുജീവിതം. സിനിമ ഒരു സർവൈവൽ ത്രില്ലറാണെങ്കിലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നിപ്പിക്കുന്ന ഗാനങ്ങളാൽ സമ്പന്നമാണ് ആടുജീവിതം. അതുപോലെ സൈനുവും നജീബും തമ്മിലുള്ള മനോഹരമായ ഒരു പ്രണയവും സിനിമയിൽ ഒരു പാട്ടിൽ പറഞ്ഞിട്ടുണ്ട്.

ലിപ് ലോക്ക് രംഗങ്ങൾ അടക്കമുള്ള പാട്ടിൽ പൃഥ്വിരാജിന്റെ നായികയായി വേഷമിട്ടിരിക്കുന്നത് അമല പോളാണ്. ഓമനെ എന്ന് തുടങ്ങുന്ന ഗാനത്തിലാണ് പ്രണയരംഗങ്ങൾ ബ്ലെസി ഉൾപ്പെടുത്തിയിരിക്കുന്നത്. പൊതുവെ ബ്ലെസി സിനിമകളിലെ പ്രണയരംഗങ്ങൾക്ക് വലിയൊരു ഫാൻ ബേസുണ്ട്.
തന്മാത്ര, പ്രണയം, ഭ്രമരം തുടങ്ങിയ സിനിമകളിലെ പ്രണയങ്ങൾ മറ്റൊരു സംവിധായകനും ഇതുവരെ പറഞ്ഞിട്ടില്ലാത്ത രീതിയിലുള്ളതായിരുന്നു. ഇപ്പോഴിതാ പൃഥ്വിരാജ്-അമല പോൾ പ്രണയരംഗങ്ങളെ കുറിച്ച് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ തുറന്ന് സംസാരിച്ചിരിക്കുകയാണ് ബ്ലെസി. പൃഥ്വിയോട് ആടുജീവിതത്തിന്റെ ഐഡിയ പറഞ്ഞപ്പോൾ തന്നെ ആ ചുംബന രംഗത്തെ കുറിച്ച് താൻ വിവരിച്ചിരുന്നുവെന്നാണ് ബ്ലെസി പറയുന്നത്.
'ലോഹിതദാസ് തൻ്റെ കഥാപാത്രങ്ങൾക്കെല്ലാം വിശദമായ ബാക്‌സ്‌റ്റോറി തയ്യാറാക്കുമായിരുന്നു. എത്ര അപ്രധാനമായ വേഷമാണെങ്കിലും അതുണ്ടാകും. എന്റെ ഓരോ കഥാപാത്രവും എങ്ങനെയായിരിക്കണമെന്ന് കൃത്യമായ ധാരണയുണ്ട്. സൈനുവിൻ്റെ കാര്യത്തിലും അങ്ങനെ തന്നെ. സൈനുവും നജീബും തമ്മിലുള്ള പുഴയിലെ ലിപ് ലോക് സീൻ ഞാൻ എഴുതിയത് ചുംബനഭാരത്താൽ താഴ്ന്നുപോയി എന്നാണ്.'
'അതുപോലെ ആടുജീവിതത്തിൻ്റെ ഐഡിയ പൃഥ്വിരാജിനോട് ആദ്യം പറയുന്ന കാലത്തേ വിവരിച്ച് കൊടുത്ത സീനാണ് നജീബിൻ്റെ മീശ സൈനു കടിച്ചെടുക്കുന്നത്. പിന്നീടത് പാട്ട് സീനിൽ ഉൾപ്പെടുത്തി', എന്നാണ് ബ്ലെസി പറഞ്ഞത്. വളരെ കാലത്തിനുശേഷം അമല പോളിനും ആടുജീവിതത്തിലൂടെ നല്ലൊരു മലയാള സിനിമയുടെ ഭാഗമാകാൻ സാധിച്ചു. ആടുജീവിതത്തിലെ സൈനു എന്ന കഥാപാത്രം തന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണെന്നാണ് അമലയും പറഞ്ഞത്.

ഞാൻ ആദ്യമായിട്ടാണ് ഒരു മുസ്ലീം കഥാപാത്ര സിനിമയിൽ അവതരിപ്പിക്കുന്നത്. സൈനു എന്ന കഥാപാത്രമായി മാറാൻ ബ്ലെസിയേട്ടനായിരുന്നു എന്റെ പ്രധാന റഫറൻസ്. നന്നായി അഭിനയിച്ച് കാണിച്ച് തരുന്ന ഒരാൾ എന്ന നിലയിൽ ബ്ലെസിയേട്ടൻ എന്റെ മുന്നിലേക്ക് സൈനുവിനെ കൃത്യമായി വരച്ചിട്ടുണ്ട്. അവളുടെ സന്തോഷമൊക്കെ വളരെ ഭംഗിയായാണ് ബ്ലെസിയേട്ടൻ അഭിനയിച്ച് കാണിച്ചത്.
നജീബും സൈനുവും തമ്മിലുള്ള പ്രണയത്തിന്റെയും സ്നേഹത്തിന്റെയും കെമിസ്ട്രി വളരെ നന്നായി പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ സൈനുവായി മാറാൻ എനിക്ക് അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല എന്നാണ് അമല പോൾ അടുത്തിടെ പറഞ്ഞത്.


Click it and Unblock the Notifications











