ആകെ 48 സിനിമകള്‍, അതില്‍ സൂപ്പര്‍ഹിറ്റ് വിജയം നേടിയത് 5 സിനിമകള്‍ മാത്രം, ഒരു മമ്മൂട്ടി ചിത്രം!!
വര്‍ഷം പകുതി എത്തുന്നതിന് മുന്‍പേ തന്നെ കൊറോണ എന്ന മഹാമാരി കേരളത്തെ വിടാതെ പിടിച്ചുകെട്ടി വരിഞ്ഞിരുന്നു. ലോക്ക് ഡോണ്‍ പ്രഖ്യാപിച്ചതോടെ തിയേറ്ററുകള്‍ അടച്ചുപൂട്ടേണ്ടി വന്നു. വിജയകരമായി മുന്നേറുകയായിരുന്ന പല സിനിമകള്‍ക്കും പെട്ടന്ന് ഫുള്‍സ്റ്റോപ്പ് ഇട്ടത് പോലെയായിരുന്നു ലോക്ക് ഡൗണ്‍ പ്രഖ്യാപനം. ഒടിടി റിലീസിങിലൂടെ ചില സിനിമകള്‍ റിലീസ് ചെയ്തുവെങ്കിലും പ്രതീക്ഷിച്ച വിജയം നേടാനൊന്നും കഴിഞ്ഞില്ല. വലിയ പ്രതീക്ഷകളര്‍പ്പിച്ച് വന്‍ ബഡ്ജറ്റ് സിനിമകളൊക്കെ തിയേറ്റര്‍ റിലീസിനായി കാത്തുകെട്ടി കിടക്കുകയാണ് ഇപ്പോഴും.
Recommended Video
കൊറോണ ഭീതി രാജ്യത്തെ വേട്ടയാടുന്നതിന് മുന്‍പേ തന്നെ ചില സിനിമകള്‍ മികച്ച തിയേറ്റര്‍ പ്രകടനം നടത്തിയിരുന്നു. അത്തരത്തില്‍ എടുത്ത് പറയാന്‍ അഞ്ച് സിനിമകള്‍ മാത്രമാണ് 2020 ല്‍ സംഭവിച്ചത്. ഇരുന്നൂറില്‍ പരം സിനിമകള്‍ ഒരു വര്‍ഷം റിലീസ് ചെയ്യുന്ന മലയാള സിനിമയില്‍ 2020 ല്‍ ആകെ റിലീസ് ചെയ്തത് വെറും 48 സിനിമകള്‍ മാത്രമാണ്. അതില്‍ കലാമൂല്യമുള്ള ചില ചിത്രങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ തിയേറ്റര്‍ വിജയം നേടിയത് വെറും അഞ്ച് സിനിമകള്‍ മാത്രമാണെന്ന് ചുരുക്കം.
കപ്പേള, ട്രാന്‍സ് തുടങ്ങിയ ശ്രദ്ധ നേടിയ ചിത്രങ്ങള്‍ക്കൊന്നും തിയേറ്ററില്‍ അധികം ആയുസുണ്ടായിരുന്നില്ല. എന്നാല്‍ ഒട്ടും പ്രതീക്ഷിക്കാത്ത വന്‍ വിജയം നേടാന്‍ മറ്റ് ചില സിനിമകള്‍ക്ക് സാധിച്ചു. അങ്ങനെ അഞ്ച് സിനിമകളെ കുറിച്ചാണ് ഇനി പറയുന്നത്.

അഞ്ചാം പാതിര
മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത അഞ്ചാം പാതിര എന്ന ചിത്രം ബ്ലോക്ബസ്റ്റര്‍ ഹിറ്റാണ്. കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി അണിയിച്ചൊരുക്കിയ ചിത്രം ക്രൈം ത്രില്ലര്‍ ഗണത്തില്‍ പെടുന്നതായിരുന്നു. ഷറഫുദ്ദീന്‍, ജിനു ജോസഫ്, ഉണ്ണിമായ പ്രസാദ് തുടങ്ങിയവരുടെ അഭിനയവും ശ്രദ്ധ നേടി. എന്നാല്‍ ചിത്രം തിയേറ്ററില്‍ വിജയരമായി ഓടിക്കൊണ്ടിരിയ്‌ക്കെ ലോക്ക്ഡൗണ്‍ പ്രഖ്യാപിയ്ക്കപ്പെട്ടു.

ഷൈലോക്ക്
രാജാധിരാജയ്ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവന്‍ അണിയിച്ചൊരുക്കിയ ചിത്രമാണ് ഷൈലോക്ക്. കറുത്ത ഷര്‍ട്ടും പാന്റും ധരിച്ചുള്ള മമ്മൂട്ടിയുടെ ലുക്ക് പുറത്ത് വിട്ടത് മുതല്‍ സിനിമ ശ്രദ്ധ നേടിയിരുന്നു. ചിത്രം ലോക്ക് ഡൗണിന് മുന്‍പേ ഇറങ്ങിയത് കൊണ്ട് തന്നെ സൂപ്പര്‍ഹിറ്റ് വിജയം നേടി.

അയ്യപ്പനും കോശിയും
അനാര്‍ക്കലി എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജിനെയും ബിജു മേനോനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സച്ചി സംവിധാനം ചെയ്ത ചിത്രമാണ് അയ്യപ്പനും കോശിയും. തിയേറ്റര്‍ ഇളക്കി മറിച്ച ചിത്രം സൂപ്പര്‍ഹിറ്റ് വിജയം നേടി. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷക മനസ്സില്‍ പതിഞ്ഞവയാണ്. സച്ചിയുടെ ഏറ്റവും അവസാനത്തെ ചിത്രമെന്ന പ്രത്യേകതയും അയ്യപ്പനും കോശിയ്ക്കുമുണ്ട്.

വരനെ ആവശ്യമുണ്ട്
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്ത ചിത്രമാണ് വരനെ ആവശ്യമുണ്ട്. പ്രിയ ദര്‍ശന്റെ മകള്‍ കല്യാണി പ്രിയദര്‍ശന്‍ അഭിനയിച്ച ആദ്യ മലയാള സിനിമ എന്നതിനപ്പുറം, വര്‍ഷങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും ഒന്നിച്ച ചിത്രമെന്ന പ്രത്യേകതയും വരനെ ആവശ്യമുണ്ട് എന്ന സിനിമയ്ക്കുണ്ട്. ഉര്‍വശിയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തി.

ഫോറന്‍സിക്
ടൊവിനോ തോമസും മംമ്ത മോഹന്‍ദാസും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഫോറന്‍സിക് എന്ന ക്രൈം ത്രില്ലറും തിയേറ്റര്‍ വിജയം നേടി. അഖില്‍ പോളും അനസ് ഖാനും ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രം തിയേറ്ററില്‍ മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കെയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിയ്ക്കപ്പെട്ടത്.


Click it and Unblock the Notifications











