ഷൂട്ടിംഗിന് രണ്ട് ദിവസം മുമ്പ് ടെസ്റ്റ് ഷൂട്ട്; മമ്മൂക്കയെ കാണിച്ചപ്പോഴുള്ള പ്രതികരണം; സംവിധായകൻ
തിയറ്ററിൽ മികച്ച പ്രതികരണം തേടി മുന്നേറുകയാണ് മമ്മൂട്ടിയുടെ ഭ്രമയുഗം. പ്രേക്ഷകർക്ക് പുതിയൊരു ദൃശ്യാനുഭവമാണ് ഭ്രമയുഗം നൽകുന്നത്. ഇതിന് മുമ്പും ഹൊറർ സിനിമകൾ ഒരുപാട് വന്നിട്ടുണ്ടെങ്കിലും ഭ്രമയുഗത്തിന്റെ ദൃശ്യാവിഷ്കാരം പ്രേക്ഷകർ ഒന്നടങ്കും ചൂണ്ടിക്കാട്ടുന്നു. മമ്മൂട്ടിയുടെ മാസ്മരിക പ്രകടനമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോഴത്തെ സജീവ ചർച്ച. ഭൂതകാലം എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട രാഹുൽ സദാശിവനാണ് ഭ്രമയുഗത്തിന്റെ സംവിധായകൻ.
ഭൂതകാലവും പ്രേക്ഷകരെ ഏറെ ഭയപ്പെടുത്തിയ ഹൊറർ സിനിമയാണ്. ഭ്രമയുഗത്തെക്കുറിച്ച് സംസാരിക്കുകയാണ് രാഹുൽ സദാശിവൻ. ബ്ലാക്ക് ആന്റ് വൈറ്റ് സിനിമ ഷൂട്ട് ചെയ്യുന്നത് എളുപ്പമല്ലെന്ന് രാഹുൽ സദാശിവൻ പറയുന്നു. ടെസ്റ്റ് ഷൂട്ട് ചെയ്തപ്പോൾ മമ്മൂട്ടിയുടെ പ്രതികരണത്തെക്കുറിച്ചും സംവിധായകൻ സംസാരിച്ചു. യഥാർത്ഥ ഷൂട്ട് തുടങ്ങുന്നതിന് രണ്ട് ദിവസം മുമ്പ് ടെസ്റ്റ് ഷൂട്ട് ചെയ്തു. കുറച്ച് നടൻമാരെ വെച്ച് ഷൂട്ട് ചെയ്തു. അത് നല്ല രീതിയിൽ വന്നു.

റഷുകൾ മമ്മൂക്കയെ കാണിച്ചു. ഓക്കെ ആയിരുന്നു. ഇതൊരു ചലഞ്ച് ആണ്, നമുക്ക് ചെയ്യാമെന്ന് പറഞ്ഞു. അങ്ങനെയാണ് പ്രൊജക്ട് മുന്നോട്ട് കൊണ്ട് പോയതെന്ന് സംവിധായകൻ വ്യക്തമാക്കി. ടൈംസ് ഓഫ് ഇന്ത്യയോടാണ് പ്രതികരണം. ഭൂതകാലത്തിന് ശേഷം ഡിഒപി ഷഹ്നാദ് ജലാലുമായും എഡിറ്റർ ഷഫീഖ് മുഹമ്മദ് അലിയുമായും രാഹുൽ സദാശിവൻ ഒന്നിച്ച സിനിമയാണ് ഭ്രമയുഗം. കൊടുമൺ പോറ്റി എന്ന കഥാപാത്രത്തെയാണ് ഭ്രമയുഗത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്.
അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ഇവരുടെ പ്രകടനം പ്രേക്ഷക പ്രശംസ നേടുന്നുണ്ട്. അർജുൻ അശോകൻ അവതരിപ്പിച്ച തേവൻ എന്ന കഥാപാത്രത്തിലേക്ക് ആദ്യം പരിഗണിച്ചത് ആസിഫ് അലിയെയാണ്. ആദ്യം ഡേറ്റ് നൽകിയെങ്കിലും ഭ്രമയുഗത്തിന്റെ ഷൂട്ടിംഗ് നീണ്ട് പോയി. മറ്റ് സിനിമകളുടെ ഡേറ്റുമായി ക്ലാഷ് വന്നതോടെ നടൻ സിനിമയിലൂടെ പിന്മാറുകയായിരുന്നു. ഇതോടെയാണ് അർജുൻ അശോകൻ സിനിമയിലേക്ക് എത്തുന്നത്. 17ാം നൂറ്റാണ്ടിൽ നടക്കുന്ന സാങ്കൽപ്പിക കഥയാണ് ഭ്രമയുഗം.

റിലീസ് ചെയ്ത ആദ്യ ദിവസം സിനിമ ആഗോള തലത്തിൽ ആറ് കോടി രൂപ നേടിയെന്നാണ് റിപ്പോർട്ട്. കേരളത്തിൽ നിന്ന് മാത്രം 3.5 കോടി രൂപ നേടിയത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവർത്തി രാമചന്ദ്രയും എസ് ശശികാന്തും ചേർന്നാണ് ഭ്രമയുഗം നിർമ്മിച്ചിരിക്കുന്നത്.
കരിയറിൽ തുടരെ ശ്രദ്ധേയ സിനിമകളുമായി മുന്നേറുന്ന മമ്മൂട്ടിക്ക് ഭ്രമയുഗത്തിന് ലഭിക്കുന്ന സ്വീകാര്യത ഇരട്ടി മധുരമാണ് നൽകുന്നത്. ഇതിന് മുമ്പ് പുറത്തിറങ്ങിയ കാതൽ ദ കോർ എന്ന സിനിമയും മികച്ച അഭിപ്രായം നേടി. മമ്മൂട്ടിയുടെ സിനിമാ സെലക്ഷൻ ദേശീയ തലത്തിൽ ചർച്ചയായിട്ടുണ്ട്.
നടന്റെ വരും സിനിമകളിലും ആരാധകർക്ക് പ്രതീക്ഷകളേറെയാണ്. ബസൂക്കയാണ് മമ്മൂട്ടിയുടെ അടുത്ത സിനിമ. ഡിനോ ഡേവിസാണ് സിനിമ സംവിധാനം ചെയ്യുന്നത്. ക്രെെം ഡ്രാമ ജോണറിൽ ആണ് ബസൂക്ക ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം ഗൗതം വാസുദേവ് മേനോനും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നു. ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണ് ബസൂക്ക.


Click it and Unblock the Notifications