'ഒരു സ്‌ക്രീൻ ടെസ്റ്റ് പോലും ഇല്ലാതെയാണ് ഈ വേഷം കിട്ടിയത്, നല്ല മനുഷ്യന്മാരാണ് നല്ല നടൻമാർ എന്നതിനേക്കാൾ'
മമ്മൂട്ടിയുടെ ഭ്രമയുഗമാണ് തിയേറ്ററിലും സോഷ്യൽമീഡിയയിലും തരംഗം. കണ്ടവർക്കെല്ലാം സിനിമയെ കുറിച്ച് നല്ലത് മാത്രമെ പറയാനുള്ളു. മമ്മൂട്ടിയുടെ അഭിനയത്തെപ്പറ്റി ഒന്നും പറയുന്നില്ല. അഭിനയത്തോടുള്ള അഭിനിവേശം മൂത്ത് മൂത്ത് ഭ്രാന്തായിപ്പോയ മനുഷ്യനെപ്പറ്റി എന്ത് പറയാനാണ് എന്നാണ് സിനിമ കണ്ടിറങ്ങുന്നവരെല്ലാം ചോദിക്കുന്നത്. ഇതുവരെയുള്ള സിനിമാ ജീവിതത്തിലെ അര്‍ജുന്‍ അശോകന്റെ മികച്ച പ്രകടനമായാണ് പ്രേക്ഷകർ താരത്തിന്റെ ഭ്രമയുഗത്തിലെ അഭിനയത്തെ കുറിച്ച് അഭിപ്രായപ്പെടുന്നത്.
വെറും മൂന്ന് ലീഡ് ക്യാരക്ടറും കുറച്ച് നേരം മാത്രം ഉള്ള രണ്ട് ക്യാരക്ടറും വെച്ച് ബ്ലാക്ക് ആന്റ് വൈറ്റിൽ എടുത്ത ഒരു പരീക്ഷണ ചിത്രമാണ് ഭ്രമയുഗം. ഭയം, ആകാംഷ എന്നിവയാണ് ഈ ചിത്രം പ്രേക്ഷകർക്ക് കൂടുതലായും നൽകുന്ന വികാരങ്ങൾ. ചിത്രത്തിൽ ഒരു യക്ഷി വരുന്നുണ്ട്. യഥാർത്ഥത്തിൽ അങ്ങനെ ഒരു യക്ഷിയുണ്ടെങ്കിൽ ഏത് അർദ്ധരാത്രിയിലും ഒറ്റയ്ക്ക് നടക്കാൻ ആരും ആഗ്രഹിക്കും.
നോട്ടം കൊണ്ട് കാമം, ക്രോധം, ലാസ്യം ഉൾപ്പെടെയുള്ള ഭാവങ്ങളും ശരീര ചലനങ്ങൾ കൊണ്ട് ആരെയും ആകർഷിക്കുന്ന മാസ്മരിക വലയം സൃഷ്ടിക്കാനും ആ യക്ഷി കഥാപാത്രത്തിന് കഴിഞ്ഞുവെന്നാണ് സിനിമ കണ്ടവരുടെ അഭിപ്രായം.

യക്ഷി കഥാപാത്രം ചെയ്ത നടിയുടെ പേര് അമൽഡ ലിസ് എന്നാണ്. സിനിമയിൽ വന്നിട്ട് എട്ട് വർഷമായെങ്കിലും ശ്രദ്ധിക്കപ്പെടുന്ന അല്ലെങ്കിൽ ചർച്ചയാകുന്ന ഒരു കഥാപാത്രം അമൽഡയെ തേടി എത്തിയത് ഇപ്പോഴാണ്. ഒരു സ്‌ക്രീൻ ടെസ്റ്റ് പോലും ഇല്ലാതെയാണ് അമൽഡ ഭ്രമയുഗത്തിലേക്ക് എത്തിയത് അത്ര. മോഡലിംഗിലൂടെയാണ് അമൽഡ തന്റെ കരിയറിന് തുടക്കമിടുന്നത്. 2016ൽ കമ്മട്ടിപ്പാടം എന്ന ചിത്രത്തിലാണ് അമൽഡ ആദ്യമായി അഭിനയിക്കുന്നത്.
റോസമ്മ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. അതിനുശേഷം 2019ൽ നയൻ എന്ന സിനിമയിലാണ് അമൽഡ അഭിനയിച്ചത്. അണ്ടർ വേൾഡ്, സി യു സൂൺ എന്നീ സിനിമകളിലും താരം അഭിനയിച്ചു. ഇപ്പോഴിതാ ഭ്രമയുഗത്തിലെ യക്ഷി കഥാപാത്രത്തിന് ജീവൻ നൽകിയപ്പോഴുള്ള അനുഭവം പങ്കിട്ടിരിക്കുകയാണ് നടി.
'സിനിമ സൂപ്പർഹിറ്റാണ്. തീയറ്ററിൽ തന്നെ സിനിമ കാണണം. ഒരു ബ്ലാക്ക് ആന്റ് വൈറ്റ് സിനിമയാണ്. ആളുകളൊക്കെ വിളിച്ച് നല്ല അഭിപ്രായങ്ങൾ പറയുന്നുണ്ട്. മമ്മൂക്ക നന്നായി ചെയ്തിട്ടുണ്ട്. എല്ലാ നടന്മാരുടെയും പെർഫോമൻസും പിന്നിലുള്ളവരുടെ ശ്രമങ്ങളും തീയറ്ററിൽ തന്നെ കാണണം. മമ്മൂക്കയ്ക്ക് എങ്ങനെയാണ് ഇങ്ങിനെയുള്ള കഥാപാത്രങ്ങൾ വരുന്നതെന്ന് ആലോചിച്ചിട്ടുണ്ട്.'
'ഇത് ഒരു വല്ലാത്ത മീറ്ററിലാണ് ഈ കഥാപാത്രം ചെയ്തിരിക്കുന്നത്. നല്ല നല്ല കഥാപാത്രങ്ങളാണ് മമ്മൂക്കയ്ക്ക് കിട്ടുന്നത്. വേണമെങ്കിൽ അദ്ദേഹത്തിന് ചിന്തിക്കാം എന്തെങ്കിലും ചെയ്താൽ മതിയെന്ന്. പക്ഷെ അദ്ദേഹം സിനിമ തിരഞ്ഞെടുക്കുന്നത് അത്രത്തോളം പാഷനോടെയാണ്. മമ്മൂക്കയുടെ സ്കിൽ ഒന്നും തീരില്ല. ഇനിയും ഒരുപാട് കഥാപാത്രങ്ങൾ അദ്ദേഹം ചെയ്യും.'

'എനിക്ക് ഈ വേഷം കിട്ടിയത് ഒരു ഭാഗ്യമാണ്. ഒരു സ്‌ക്രീൻ ടെസ്റ്റ് പോലും ഇല്ലാതെയാണ് എനിക്ക് ഈ വേഷം കിട്ടിയത്. മമ്മൂക്കയോടൊപ്പം അഭിനയിക്കുന്നതിന്റെ ടെൻഷനൊക്കെ ഉണ്ടായിരുന്നു. പക്ഷെ അദ്ദേഹം നമ്മളെ സംസാരിച്ച് നല്ല കംഫർട്ടാക്കും. എനിക്ക് ഡയറക്ടർ നല്ല സ്പേസ് തന്നിരുന്നു. ഡ്രസ് ഇട്ടിട്ടുള്ള ട്രയൽ ഒരുപാട് തവണ ചെയ്തിരുന്നു. ഞങ്ങൾ അത് ടെസ്റ്റ് ഷൂട്ട് നടത്തി. കളറിലും ബ്ലാക്ക് ആന്റ് വൈറ്റിലും കണ്ടുനോക്കി. ആർക്കും കളറിൽ അത് ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ല.'
'ഈ സ്റ്റോറിയെ ഒരു ഫെയറി ടെയിലിലേക്ക് കൊണ്ടുപോകുന്നത് ഈ കഥാപാത്രമാണ്. മമ്മൂക്ക സെറ്റിലൊക്കെ ഭയങ്കര എനർജെറ്റിക്കാണ്. സസ്പെൻസ് ഉള്ളത് കൊണ്ടാണ് എന്റെ ഫോട്ടോ പോസ്റ്ററിൽ ഇല്ലാതിരുന്നത്. മണികണ്ഠന്റെ കൂടെയാണ് ആദ്യം വർക്ക് ചെയ്തിരുന്നത്. ഇപ്പോൾ വീണ്ടും ഈ സിനിമയിൽ വർക്ക് ചെയ്യാൻ പറ്റിയതിൽ സന്തോഷം.'
'ഞാൻ ഇതുവരെ കൂടെ വർക്ക് ചെയ്തിട്ടുള്ള എല്ലാ നടന്മാരും ദുൽഖർ ഉൾപ്പെടെ എനിക്ക് തുടക്കകാരി എന്ന നിലയിൽ നല്ല സപ്പോർട്ട് തന്നിട്ടുണ്ട്. നല്ല മനുഷ്യനമാരാണ് നല്ല നടൻമാർ എന്നതിനേക്കാൾ. പ്രിവ്യൂ മുതൽ സിനിമ ഒറ്റ വട്ടമെ കണ്ടുള്ളു.'
'ഇനി മെന്റലി പ്രിപ്പേർഡായിട്ട് വേണം ഒന്നുകൂടി കാണാൻ. ഫ്രണ്ട്സും ഫാമിലിയുമൊക്കെ സിനിമ കണ്ടിട്ട് നന്നായിയെന്ന് പറഞ്ഞു. മമ്മൂക്കയുടെ കൂടെ ഇനിയും സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ട. സിനിമയിൽ വന്നിട്ട് എട്ടുവർഷമായി. എനിക്ക് കിട്ടുന്ന സിനിമകളിൽ നിന്നും ഇഷ്ടമുള്ളത് നോക്കിയാണ് സെലക്ട് ചെയ്യുന്നതെന്ന്', തന്റെ സിനിമാ ജീവിതത്തെ കുറിച്ച് സംസാരിച്ച് അമൽഡ പറഞ്ഞു.


Click it and Unblock the Notifications