ശോഭനയുടെ ഷോ കാണാൻ പോയി; നൃത്തം കണ്ട് ഞാൻ കരഞ്ഞു; താരത്തെക്കുറിച്ച് ബൃന്ദ മാസ്റ്റർ
അഭിനയ രംഗത്ത് വീണ്ടും സജീവമാകുകയാണ് നടി ശോഭന. മോഹൻലാൽ, രജിനികാന്ത് എന്നിവർക്കൊപ്പം നടി അഭിനയിക്കുന്ന സിനിമ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഏറെക്കാലമായി നൃത്തത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചതായിരുന്നു ശോഭന. ഇടയ്ക്ക് വരനെ ആവശ്യമുണ്ട് എന്ന സിനിമ ചെയ്തെങ്കിലും വീണ്ടും നടി അഭിനയത്തിൽ നിന്നും മാറി നിന്നു. ഏറെ നാളുകൾക്ക് ശേഷം ശോഭനയെ ബിഗ് സ്ക്രീനിൽ കാണാനാകുമെന്ന സന്തോഷത്തിലാണ് ആരാധകർ.

ജെഎഫ്ഡബ്ല്യു അവാർഡ് വേദിയിൽ സംസാരിക്കവെയാണ് ബൃന്ദ മാസ്റ്റർ ശോഭനയെ പ്രശംസിച്ചത്. ശോഭനയുടെ നൃത്തം നേരിട്ട് കണ്ടതിനെക്കുറിച്ച് ബൃന്ദ സംസാരിച്ചു. അടുത്തിടെ ഞാൻ ഇവരുടെ ഷോ കാണാൻ പോയിരുന്നു. രണ്ടര മണിക്കൂർ ഒരു സ്ത്രീ സ്റ്റേജിൽ നിർത്താതെ ഡാൻസ് ചെയ്യുന്നു. ആറ് തവണ ഡ്രസ് ചേഞ്ചോടെ. ഞാൻ അത്ഭുതപ്പെട്ട് പോയി. നമ്മളൊന്നും ഒന്നുമല്ലേ എന്ന് തോന്നും. ഡാൻസ് കഴിഞ്ഞ് എന്റെയടുത്ത് വന്നപ്പോൾ ഞാൻ കരഞ്ഞു. അതാണ് ശോഭനയുടെ ഡാൻസിന്റെ ശക്തിയെന്ന് ബൃന്ദ മാസ്റ്റർ പറഞ്ഞു.
ബൃന്ദ മാസ്റ്ററെക്കുറിച്ച് ശോഭനയും സംസാരിച്ചു. ഡാൻസ് അസിസ്റ്റന്റായും കൊറിയോഗ്രാഫറായും പതിനഞ്ച് വയസ് മുതൽ ഡാൻസ് ചെയ്യുന്ന ആളാണ് ബൃന്ദ മാസ്റ്റർ. ഞങ്ങൾക്ക് രണ്ട് പേർക്കും ഒരേ പ്രായമാണ്. ആദ്യമായി കണ്ടത് മുതൽ ഇന്ന് വരെയും ബൃന്ദ എന്റെ സുഹൃത്താണ്. ഇത്രയും വർഷങ്ങൾ പാട് പെട്ട് ഡാൻസ് ചെയ്ത് ഇവർക്ക് ഇപ്പോൾ കാലിന് ചെറിയ പ്രശ്നമുണ്ട്. ഡാൻസേഴ്സിന് അത് വരും.

രണ്ട് വർഷത്തിന് മുമ്പ് തഞ്ചാവൂർ ക്ഷേത്രത്തെക്കുറിച്ച് ഡോക്യുമെന്റേഷൻ എടുക്കുന്നുണ്ടെന്ന് ഞാൻ പറഞ്ഞു. ഞാൻ വന്ന് ഷൂട്ട് ചെയ്ത് തരാമെന്ന് ബൃന്ദ മാസ്റ്റർ പറഞ്ഞു. അത്രയും ലെജന്റായ ബൃന്ദ ഒന്ന് ആലോചിക്കുക കൂടി ചെയ്യാതെയാണ് തന്നെ സഹായിക്കാൻ തയ്യാറായതെന്നും ശോഭന വ്യക്തമാക്കി.
നർത്തകി മേതിൽ ദേവികയും ശോഭനയെക്കുറിച്ച് നേരത്തെ സംസാരിച്ചിട്ടുണ്ട്. ശോഭനയുമായുള്ള താരമത്യത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു മേതിൽ ദേവിക. ആരാണ് മികച്ചത് എന്ന ചോദ്യമില്ല. തീർച്ചയായും അത് ശോഭനയാണെന്ന് മേതിൽ ദേവിക അന്ന് വ്യക്തമാക്കി. അങ്ങനെ ആരെയും താരതമ്യം ചെയ്യാനും പാടില്ല. തന്റെ ജൂനിയറായ കുട്ടികളിൽ എന്നേക്കാൾ മികച്ച എത്രയോ പേരുണ്ടെന്നും മേതിൽ ദേവിക വ്യക്തമാക്കി.
ശോഭനയുടെ വരാനിരിക്കുന്ന സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. മോഹൻലാലിനൊപ്പം അഭിനയിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് തരുൺ മൂർത്തിയാണ്. 20 വർഷങ്ങൾക്ക് ശേഷം ശോഭനയും മോഹൻലാലും ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണിത്. ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിട്ടില്ല.


Click it and Unblock the Notifications