'ഭർത്താവ് മകനോട് പറഞ്ഞത് കേട്ട് കണ്ണീരണിഞ്ഞു; നിർബന്ധിച്ചിട്ടാണ് വിവാഹം ചെയ്തത്; പക്ഷെ അടുത്തറിഞ്ഞപ്പോൾ'
ഡാൻസ് കൊറിയോഗ്രാഫ് രംഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള വ്യക്തിയാണ് ബൃന്ദ മാസ്റ്റർ. മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി നിരവധി സിനിമകളിൽ ബൃന്ദ കൊറിയോഗ്രാഫ് ചെയ്തു. പ്രമുഖ കൊറിയോഗ്രാഫർ കല മാസ്റ്റർ ബൃന്ദ മാസ്റ്ററുടെ സഹോദരിയാണ്. ഇപ്പോഴിതാ തന്റെ ഭർത്താവിനെക്കുറിച്ച് സംസാരിക്കുകയാണ് ബൃന്ദ മാസ്റ്റർ. വിവാഹത്തിന് തനിക്ക് താൽപര്യമില്ലായിരുന്നെന്ന് ബൃന്ദ മാസ്റ്റർ പറയുന്നു. ഗലാട്ട തമിഴിനോടാണ് പ്രതികരണം.
സിംഗിൾ ജീവിതം മതി, കല്യാണം വേണ്ടെന്നായിരുന്നു ഞാൻ തീരുമാനിച്ചത്. എന്നാൽ എന്റെ സഹോദരിമാരെല്ലാം കല്യാണം കഴിച്ചേ പറ്റൂ എന്ന് നിർബന്ധിച്ചു. അമ്മ ഒരിക്കൽ നിർബന്ധിച്ചപ്പോൾ ചെയ്യാം ആരെ വേണമെങ്കിലും നോക്കിക്കോ എന്ന് ഞാൻ പറഞ്ഞു. ഉടനെ പെണ്ണ് കാണൽ നടന്നു. പയ്യനെ ഞാനല്ല ആദ്യം കണ്ടത്. ചേച്ചിമാരോട് നിങ്ങൾ പോയി കാണ്. നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ ഓക്കെയെന്ന് ഞാൻ പറഞ്ഞു. അവർ കണ്ടു. വളരെ ക്യൂട്ടാണ്, തടിയുണ്ടെന്ന് പറഞ്ഞു.

അദ്ദേഹത്തിന് അമ്മയില്ല. അച്ഛൻ ദുബായിലാണ്. ഒരു ദിവസം എന്നെ കാണാൻ വന്നു. അന്ന് സാരി ധരിക്കാൻ അമ്മ പറഞ്ഞു. പറ്റില്ലെന്ന് ഞാൻ. അതിന്റെ പേരിൽ വഴക്കായി. ഖുശ്ബു ഞങ്ങളെ വിളിച്ച് സംസാരിച്ചു. അമ്മയോട് വഴക്കിടരുതെന്ന് പറഞ്ഞു. അദ്ദേഹം വന്ന് സംസാരിച്ചു. എന്റെ വലിയ കുടുംബത്തെ അദ്ദേഹത്തിന് ഇഷ്ടമായി.
എനിക്കദ്ദേഹത്തെ അടുത്തറിയണമായിരുന്നു. ആറ് മാസം അദ്ദേഹത്തെ മനസിലാക്കി. ഇടയ്ക്ക് വിവാഹ നിശ്ചയം നടന്നു. വളരെ നല്ല വ്യക്തിയാണ്. എന്റെ വർക്കിൽ ഇടപെടില്ല. ഒരുപാട് സ്വാതന്ത്ര്യം തരും. അടുത്ത സുഹൃത്തുക്കളാണ്. പക്ഷെ വഴക്കിടും. എന്നാൽ പിറ്റേന്ന് രാവിലെ അത് മറക്കും. വഴക്ക് നീണ്ട് പോകില്ല. എപ്പോഴും അദ്ദേഹമാണ് സോറി പറയുക. അധികം സംസാരിക്കില്ല.

അമ്മ മരിച്ച ശേഷം അദ്ദഹമാണ് എനിക്ക് അമ്മയും അച്ഛനും. കുട്ടികളെ നന്നായി നോക്കും. എനിക്ക് ഒരു കാര്യവും അറിയില്ല. ബാങ്കിൽ പോയി ഒപ്പിടാൻ പറഞ്ഞാൽ ചെയ്യും. അദ്ദേഹമെല്ലാം നോക്കിക്കോളും. എന്റെ സഹോദരി പറയുന്നത് അദ്ദേഹം കേൾക്കും. അവരോട് അനുവാദം ചോദിക്കും. കാരണം എന്നോട് ചോദിക്കുന്നത് വെറുതെയാണെന്ന് അറിയാം. എന്റെ ചേച്ചിയെ അമ്മയെ പോലെയാണ് അദ്ദേഹം കാണുന്നത്. വളരെ സിംപിളായ വ്യക്തിയാണ്.
ഒരുപാട് പ്രശംസിക്കുന്ന ആളല്ല ഭർത്താവ്. ഞാൻ ചോദിക്കാറുമില്ല. എന്നാൽ ഒരാഴ്ച മുമ്പ് അദ്ദേഹമൊരു കാര്യം പറഞ്ഞു. ഞാൻ എന്റെ മകനൊപ്പം കിടക്കുകയായിരുന്നു. നിന്റെ അമ്മ എത്ര നല്ലയാളാണെന്ന് അറിയുമോ, വളരെ നല്ല ഹൃദയമുള്ള ആളാണ്, അമ്മയെ പോലെ നല്ലൊരു വ്യക്തിയെ കാണാൻ പറ്റില്ല, നീ ഭാഗ്യവാനാമെന്ന് മകനോട് അദ്ദേഹം പറഞ്ഞു. എനിക്ക് കണ്ണീർ വന്നു. അതെന്നെ സ്പർശിച്ചു. പൊതുവെ അങ്ങനെ പ്രശംസിച്ച് സംസാരിക്കാത്ത ആളായിരുന്നു ഭർത്താവെന്നും ബൃന്ദ മാസ്റ്റർ വ്യക്തമാക്കി.


Click it and Unblock the Notifications











