ഹാപ്പി ബെര്‍ത്ത്‌ഡേ പൃഥ്വിരാജ് സുകുമാരന്‍! നടന്റെ കരിയറില്‍ ശ്രദ്ധേയമായ ആ സിനിമകള്‍
ലൂസിഫര്‍ എന്ന സിനിമയുടെ വലിയ വിജയത്തിലൂടെ ഇക്കൊല്ലം തിളങ്ങിനില്‍ക്കുന്ന താരങ്ങളില്‍ ഒരാളാണ് പൃഥ്വിരാജ് സുകുമാരന്‍. ആദ്യ സംവിധാന സംരംഭം തന്നെ ചരിത്ര വിജയമാക്കിയ പൃഥ്വിയുടെ മികവിനെ എല്ലാവരും വാനോളം പുകഴ്ത്തിയിരുന്നു. പതിനേഴ് വര്‍ഷത്തെ സിനിമാ ജീവിതത്തിനിടെ പൃഥ്വിയുടെ കരിയറില്‍ വഴിത്തിരിവായ വര്‍ഷം കൂടിയായിരുന്നു 2019. അഭിനേതാവെന്നതിലുപരി സിനിമയിലെ വിവിധ മേഖലകളിലായി തിളങ്ങാന്‍ നടന് സാധിച്ചിരുന്നു.
സിനിമാത്തിരക്കുകള്‍ക്കിടെ സൂപ്പര്‍താരത്തിന്റെ മറ്റൊരു പിറന്നാള്‍ ദിനം കൂടി വന്നെത്തിയിരിക്കുകയാണ്. ആരാധകരും സിനിമാ സുഹൃത്തുക്കളുമെല്ലാം നടന് പിറന്നാളാംശസകള്‍ അറിയിച്ച് സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. നന്ദനം എന്ന രഞ്ജിത്ത് ചിത്രത്തിലൂടെ അരങ്ങേറിയ പൃഥ്വി കരിയറില്‍ ഇതുവരെയായി നൂറിലധികം സിനിമകളിലാണ് അഭിനയിച്ചത്. അഭിനയ പ്രാധാന്യമുളള സിനിമകള്‍ക്കൊപ്പം തന്നെ മാസ് എന്റര്‍ടെയ്‌നറുകളും നടന്റെതായി പുറത്തിറങ്ങിയിരുന്നു. മലയാളത്തിന് പുറമെ തമിഴ്,ഹിന്ദി ഭാഷകളിലും താരം അഭിനയിച്ചു. പൃഥ്വിയുടെ പിറന്നാള്‍ ദിനം നടന്റെ കരിയറില്‍ ശ്രദ്ധിക്കപ്പെട്ട സിനിമകളെക്കുറിച്ച് കൂടുതലറിയാം...

ലാല്‍ജോസിന്റെ സംവിധാനത്തില്‍ 2006ല്‍ പുറത്തിറങ്ങിയ ക്ലാസ് മേറ്റ്‌സ് പൃഥ്വിയുടെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയ സിനിമകളിലൊന്നായിരുന്നു. ക്യാമ്പസിന്റെ പശ്ചാത്തലത്തില്‍ പ്രണയം,സൗഹൃദം,രാഷ്ട്രീയം തുടങ്ങിയ പ്രമേയമാക്കി ഒരുക്കിയ ചിത്രമായിരുന്നു ഇത്. സിനിമയില്‍ സുകുമാരന്‍ എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് നടന്‍ കാഴ്ചവെച്ചത്. ക്ലാസ്‌മേറ്റ്‌സിന് പിന്നാലെയാണ് എം പദ്മകുമാറിന്റെ സംവിധാനത്തില്‍ വാസ്തവം പുറത്തിറങ്ങിയത്.

ചിത്രത്തിലെ ബാലചന്ദ്രന്‍ അഡിഗ എന്ന പൃഥ്വിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വാസ്തവത്തിലെ പ്രകടനത്തിനാണ് ആദ്യമായി മികച്ച നടനുളള സംസ്ഥാന പുരസ്‌കാരം പൃഥ്വിക്ക് ലഭിച്ചിരുന്നത്. വടക്കന്‍ കേരളത്തില്‍ ജീവിച്ച ബാലചന്ദ്രന്‍ അഡിഗയ്ക്ക് സെക്രട്ടറിയേറ്റില്‍ ജോലി ലഭിക്കുന്നതും തുടര്‍ന്നുനടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം കാണിച്ചത്.

2011ല്‍ പുറത്തിറങ്ങിയ ഉറുമി,ഇന്ത്യന്‍ റുപ്പി,സിറ്റി ഓഫ് ഗോഡ് തുടങ്ങിയ ചിത്രങ്ങളും നടന്റെതായി ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ സാമ്പത്തികമായി വിജയം നേടിയത് ഉറുമി, ഇന്ത്യന്‍ റുപ്പി തുടങ്ങിയ സിനിമകളായിരുന്നു. പീരിയോഡിക്ക് ആക്ഷന്‍ ചിത്രമായിരുന്ന ഉറുമിയിലെ പൃഥ്വിയുടെ കഥാപാത്രം ഇന്നും പ്രേക്ഷക മനസുകളില്‍ നിന്നും മായാതെ നില്‍ക്കുന്നവയാണ്. രഞ്ജിത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഇന്ത്യന്‍ റുപ്പിയും പൃഥ്വിയുടെ കരിയറില്‍ ഇറങ്ങിയ വേറിട്ട ചിത്രങ്ങളില്‍ ഒന്നായിരുന്നു.

2012ലാണ് സാമ്പത്തികമായും പ്രമേയപരമായും ഏറെ ശ്രദ്ധിക്കപ്പെട്ട പൃഥ്വിയുടെ അയാളും ഞാനും തമ്മില്‍ പുറത്തിറങ്ങിയിരുന്നത്. ലാല്‍ ജോസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മെഡിക്കല്‍ ഡ്രാമ ചിത്രം കൂടിയായിരുന്നു ഇത്. ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റെ തിരക്കഥയില്‍ ഒരുങ്ങിയ സിനിമയിലെ ഡോ രവി തരകന്‍ എന്ന പൃഥ്വിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച നടന്‍,മികച്ച ഹാസ്യ നടന്‍ എന്നീ വിഭാഗങ്ങളില്‍ സിനിമയ്ക്ക് പുരസ്‌കാരം ലഭിച്ചിരുന്നു.

മുംബൈ പോലീസ്, മെമ്മറീസ് തുടങ്ങിയ സിനിമകള്‍ പൃഥ്വിയുടെതായി 2013ല്‍ പുറത്തിറങ്ങിയ ശ്രദ്ധേയ ചിത്രങ്ങളായിരുന്നു. റോഷന്‍ ആന്‍ഡ്രുസ് സംവിധാനം ചെയ്ത മുംബൈ പോലീസില്‍ ഞെട്ടിപ്പിച്ച പ്രകടനമായിരുന്നു പൃഥ്വി കാഴ്ചവെച്ചത്. മെമ്മറീസിലെ സാം അലക്‌സ് എന്ന കഥാപാത്രവും നടന്റെതായി ഏറെ ശ്രദ്ധിക്കപ്പെിരുന്നു. ജിത്തു ജോസഫിന്റെ സംവിധാനത്തിലാണ് പൃഥ്വിയുടെ മെമ്മറീസ് പുറത്തിറങ്ങിയിരുന്നത്.

കരിയറില്‍ ആദ്യമായി പട്ടാള വേഷത്തില്‍ പൃഥ്വി എത്തി ചിത്രമായിരുന്നു പിക്കറ്റ് 43. മേജര്‍ രവിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രം തിയ്യേറ്ററുകളില്‍ ഹിറ്റായും മാറിയിരുന്നു. സിനിമയില ഹവില്‍ദാര്‍ ഹരീന്ദ്രന്‍ നായര്‍ എന്ന കഥാപാത്രത്തിന് മികച്ച പ്രേക്ഷക പ്രശംസകളാണ് ലഭിച്ചിരുന്നത്. സച്ചിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ അനാര്‍ക്കലിയും ഈ വര്‍ഷം തന്നെയാണ് റിലീസ് ചെയ്തിരുന്നത്.

ആര്‍എസ് വിമലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ എന്ന് നിന്റെ മൊയ്തീനും പൃഥ്വിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. യഥാര്‍ത്ഥ ജീവിത കഥ പറഞ്ഞ സിനിമയില്‍ മൊയ്തീന്‍ എന്ന കഥാപാത്രമായി ശ്രദ്ധേയ പ്രകടനം തന്നെയാണ് നടന്‍ കാഴ്ചവെച്ചത്. മൊയ്തീന് ശേഷമിറങ്ങിയ എസ്ര ബോക്‌സോഫീസില്‍ 50 കോടി ക്ലബില്‍ കടന്ന പൃഥ്വിരാജ് ചിത്രമായിരുന്നു. ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട സിനിമയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്.

2019ലാണ് പൃഥ്വി, നസ്രിയ, പാര്‍വതി തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയ കൂടെ പുറത്തിറങ്ങിയത്. അഞ്ജലി മേനോന്റെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമയിലെ ജോഷ്വാ അലോഷ്യസിനെയും പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു. കൂടെയ്ക്ക് പിന്നാലെയെത്തിയ നയനും പൃഥ്വിയുടെ ശ്രദ്ധിക്കപ്പെട്ട സിനിമകളിലൊന്നായിരുന്നു. സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ ത്രില്ലര്‍ ചിത്രമായി പുറത്തിറങ്ങിയ സിനിമ പൃഥ്വി തന്നെയാണ് നിര്‍മ്മിച്ചിരുന്നത്.


Click it and Unblock the Notifications