സുരാജിന്റെ മാനറിസം പോലും കൃത്യമായി ചെയ്തു, കോമഡിയും വില്ലത്തരവും വഴങ്ങും എന്നിട്ടും ഷറഫുദ്ദീൻ തഴയപ്പെടുന്നോ?
നേരം സിനിമയിൽ ട്യൂട്ടറായി ചെറിയൊരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അഭിനയത്തിലേക്ക് എത്തിയതാണ് ഷറഫുദ്ദീൻ. അൽഫോൺസ് പുത്രനുമായുള്ള പരിചയമാണ് നേരത്തിൽ വേഷം ലഭിക്കാൻ കാരണമായത്. മിനിറ്റുകൾ മാത്രം ദൈർഘ്യമുള്ള കഥാപാത്രമായിരുന്നു. കോളേജ് പഠനം പൂർത്തിയാക്കിയശേഷം ചില ജോലികൾ ചെയ്യുകയും ഒപ്പം സീസൺസ് ഇന്ത്യ എന്ന പേരിൽ ഒരു ടൂറിസം കമ്പനി സ്ഥാപിക്കുകയും ചെയ്തിരുന്നു നടൻ. അതുമായി മുന്നോട്ട് പോകുന്നതിനിടയിലാണ് അൽഫോൺസിന്റെ സിനിമാ ചർച്ചകളിൽ ഷറഫുദ്ദീനും ഭാഗമാകുന്നത്.
നേരത്തിനുശേഷം രണ്ടാമത്തെ സിനിമ ജൂഡ് ആന്റണിക്കൊപ്പം ഓം ശാന്തി ഓശാനയായിരുന്നു. പ്രായത്തിൽ കവിഞ്ഞ കഥാപത്രമായിരുന്നുവെങ്കിലും കോമഡി തനിക്ക് നന്നായി വഴങ്ങുമെന്ന് ബ്രോക്കറായി അഭിനയിച്ച് നടൻ തെളിയിച്ചു. ഓം ശാന്തി ഓശാനയുടെ റിലീസിനുശേഷം ഷറഫുദ്ദീനെ സിനിമാ പ്രേമികൾ ശ്രദ്ധിച്ച് തുടങ്ങി.

പിന്നീട് 2015ൽ സിനിമയിലെ ഷറഫുദ്ദീന്റെ ഗോഡ് ഫാദറായ അൽഫോൺസ് പുത്രന്റെ പ്രേമത്തിൽ ഒരു വേഷം ചെയ്തു. അതൊരു വഴിത്തിരിവായി. ഇന്നും നടൻ ചെയ്തതിൽ ഏറെ ആഘോഷിക്കപ്പെട്ട ഒരു കഥാപാത്രം പ്രേമത്തിലെ ഗിരിരാജൻ കോഴിയാണ്. സുഹൃത്ത് വലയത്തിനുള്ളിൽ നിന്നും പുറത്ത് നിന്നുമെല്ലാം ഷറഫുദ്ദീനെ തേടി അതോടെ അവസരങ്ങൾ വന്ന് തുടങ്ങി.
നായകൻ റോളുകൾ ഷറഫുദ്ദീന്റെ ലക്ഷ്യമായിരുന്നില്ല. നല്ല കഥാപാത്രങ്ങൾ ചെയ്യുക എന്നത് മാത്രമെ ലക്ഷ്യമാക്കിയുള്ളു. അതുകൊണ്ട് തന്നെ വില്ലൻ റോളുകളും ചെയ്ത് തുടങ്ങി. വരത്തൻ, അഞ്ചാം പാതിര തുടങ്ങിയവ അങ്ങനെയാണ് ഷറഫുദ്ദീന്റെ സിനിമാ ജീവിതത്തിൽ സംഭവിക്കുന്നത്. ജോസി കെ ബേബിയും ഡോ. ബെഞ്ചമിൻ ലൂയിസുമെല്ലാം പ്രേക്ഷകർ പ്രതീക്ഷിച്ചതിനെക്കാൾ ഒരുപടി മുകളിൽ നിന്ന കഥാപാത്രങ്ങളായിരുന്നു.
ഷറഫുദ്ദീൻ തന്നെയാണോ ജോസിയും ബെഞ്ചമിൻ ലൂയിസുമെല്ലാം അഭിനയിച്ചതെന്ന് പോലും പ്രേക്ഷകന് ഒരു നിമിഷം തോന്നിപ്പോയി. പ്രിയൻ ഓട്ടത്തിലാണ് സിനിമയിലൂടെയാണ് നായക വേഷങ്ങൾ ചെയ്ത് തുടങ്ങിയത്. ഒരിക്കലും ഞാൻ നായകനാകാൻ വേണ്ടി ചെയ്ത സിനിമയല്ല ഇത്. സിനിമയുടെ തിരക്കഥാകൃത്തുക്കൾ കഥ പറഞ്ഞപ്പോൾ രസകരമായി തോന്നി. പ്രിയൻ എന്ന കഥാപാത്രം നായകനായതുകൊണ്ട് ഞാനും നായകനായിയെന്ന് മാത്രം എന്നായിരുന്നു ആദ്യമായി നായകനായതിനെ കുറിച്ച് ചോദിച്ചപ്പോഴുള്ള നടന്റെ പ്രതികരണം.
ന്റിക്കാക്കാക്കൊരു പ്രേമോണ്ടാർന്ന്, മധുര മനോഹര മോഹം, ഹലോ മമ്മി തുടങ്ങിയവയാണ് പിന്നീട് ഷറഫുദ്ദീൻ നായകനായ സിനിമകൾ. പന്ത്രണ്ട് വർഷത്തെ സിനിമാ ജീവിതത്തിനിടെ നടൻ വലുതും ചെറുതുമായ നിരവധി വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും അവയ്ക്ക് അർഹിക്കുന്ന അംഗീകാരം കിട്ടിയിട്ടുണ്ടോയെന്നത് സംശയമാണ്.

പടക്കളത്തിന്റെ ഒടിടി റിലീസിനുശേഷം ഏറ്റവും കൂടുതൽ ചർച്ചയാകുന്നത് ഷറഫുദ്ദീന്റെ സിനിമാ ജീവിതമാണ്. കോമഡിയും വില്ലത്തരവും എല്ലാം അനായാസം വഴങ്ങുന്ന നായകന് വേണ്ട എല്ലാ ഗുണങ്ങളുമുള്ള അണ്ടറേറ്റഡ് പെർമോഫറായാണ് ഷറഫുദ്ദീനെ സിനിമാപ്രേമികൾ വിലയിരുത്തുന്നത്. മനു സ്വരാജ് സംവിധാനം ചെയ്ത പടക്കളത്തിൽ രഞ്ജിത്ത് എന്ന അധ്യാപകന്റെ റോളായിരുന്നു ഷറഫുദ്ദീന്.
സിനിമയുടെ സെക്കന്റ് ഹാഫിൽ ബോഡി സ്വാപ്പ് നടന്ന് കഴിയുമ്പോൾ സിനിമയിൽ മറ്റൊരു പ്രധാന വേഷം ചെയ്ത സുരാജായി ഗംഭീരപ്രകടനമാണ് ഷറഫുദ്ദീൻ കാഴ്ചവെച്ചത്. സുരാജിന്റെ മാനറിസങ്ങൾ പോലും വളരെ കൃത്യമായി ഒട്ടും ഓവറാകാതെ ചെയ്യാനും ഷറഫുദ്ദീന് സാധിച്ചു. എല്ലാ റോളുകളും കൈകാര്യം ചെയ്തിട്ടും ഷറഫുദ്ദീന് നല്ല അവസരങ്ങൾ ലഭിക്കുന്നില്ലെന്നതും പടക്കളത്തിന് ശേഷം ചർച്ചയായി മാറിയിട്ടുണ്ട്.
താൻ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിനെക്കാൾ തന്നെ ഒരാൾ തിരഞ്ഞെടുക്കുന്നതിനാണ് ഷറഫുദ്ദീൻ പ്രാധാന്യം നൽകുന്നത്. സുരാജിനും ഷറഫിനും പുറമെ സന്ദീപ് പ്രദീപാണ് പടക്കളത്തിൽ മറ്റൊരു കേന്ദ്ര കഥാപാത്രം ചെയ്ത യുവതാരം.


Click it and Unblock the Notifications











