For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മണിക്കൂറുകൾക്ക് മുമ്പ് വരെ മകൻ ഉണ്ണിയുമായി സംസാരിച്ചിരുന്നു, വിയോഗം ഉൾക്കൊള്ളാനാവാതെ താരങ്ങൾ

  |

  മലയാള സിനിമയുടെ തീരാനാഷ്ടമാണ് നെടുമുടി വേണുവിന്റെ വിയോഗം. താരത്തിന്റെ വിയോഗം ഞെട്ടലോടെയാണ് പ്രേക്ഷകരും സിനിമാ ലോകവും കേട്ടത്. ഇപ്പോഴിത നെടുമുടി വേണുവിനെ കുറിച്ച് വാചാലനാവുകയാണ് നടൻ ജയറാം.കലാരംഗത്ത് ഇത്ര താളബോധമുള്ള നടൻ വേറെ ഉണ്ടാകില്ലെന്നാണ് നടൻ പറയുന്നത്. മനോരമ ചാനലിനോടാണ് നടൻ പ്രതികരിച്ചത്.

  ജയറാമിന്റെ വാക്കുകൾ: ഇന്നലെ രാത്രി മുതൽ ഇങ്ങനത്തെ ഒരു വാർത്ത പുറത്തു വരരുതേ എന്ന് പ്രാർഥിക്കുകയായിരുന്നു. മൂന്ന് മണിക്കൂർ മുമ്പ് വരെ മകൻ ഉണ്ണിയുമായി സംസാരിച്ചു. പക്ഷേ അത് സംഭവിച്ചു. സത്യത്തിൽ ഏഷ്യയിൽ തന്നെ പകരം വെക്കാന്‍ ഒരാളില്ലാത്ത നടനാണ് അദ്ദേഹം. അത് തെളിയിച്ച ആളാണ്. എന്നെ സംബന്ധിച്ചിടത്തോളം വേണുച്ചേട്ടൻ ആയിട്ടൊരു സിനിമ ഉണ്ടെന്നറിഞ്ഞാൽ ചെണ്ട, ഘടം, ജിഞ്ചറ എല്ലാ സാധനവുമായിട്ടാകും ഞാൻ സെറ്റിലെത്തുക. എല്ലാ ക്ഷേത്രകലകളും അദ്ദേഹത്തിന് വശമാണ്. ഇത്ര താളബോധമുള്ള നടൻ വേറെ കാണില്ല .വേറെ ഭാഷയിൽ അഭിനയിക്കാൻ പോകുമ്പോൾ നെടുമുടി വേണുവിനെ പോലെ ഒരു നടൻ ഞങ്ങൾക്ക് ഉണ്ടായിരുന്നെങ്കിൽ എന്ന് അവർ പറയുമായിരുന്നു എന്ന് ജയറാം പറയുന്നു.

  നടി മഞ്ജ വാര്യരും വേദന പങ്കുവെച്ച് രംഗത്ത് എത്തിയിരുന്നു. നടനോടൊപ്പമുളള ചിത്രം പങ്കുവെച്ച് കൊണ്ടാണ് നെടുമുടി വേണുവുമായിട്ടുളള അടുപ്പത്തെ കുറിച്ച് നടി പറഞ്ഞത്. മഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെ...അച്ഛന്‍ മരിച്ചപ്പോള്‍ ഒരു കത്ത്‌ വന്നു. 'സങ്കടപ്പെടേണ്ട...ഇവിടെ ഒരച്ഛനും അമ്മയും എന്നുമുണ്ടാകും...'വാത്സല്യം നിറഞ്ഞ വാക്കുകളില്‍ നെടുമുടി വേണു എന്ന മനുഷ്യന്‍ മിന്നാമിനുങ്ങുപോലെ പ്രകാശിക്കുന്നുണ്ടായിരുന്നു. എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ അച്ഛന്‍വേഷങ്ങള്‍ക്ക് നെഞ്ചില്‍ തൊടുന്ന,ഭംഗിയുള്ള പ്രകാശമുണ്ടാകുന്നത് എന്നറിയാന്‍ ഇപ്പോഴും ഞാന്‍ സൂക്ഷിച്ചുവച്ചിട്ടുള്ള കത്തിലെ വരികള്‍ മാത്രം മതി. ആ അച്ഛനാണ് ഇപ്പോള്‍ യാത്രപറഞ്ഞുപോകുന്നത്. 'ദയ'യില്‍ തുടങ്ങിയ ബന്ധമായിരുന്നു ഞങ്ങളുടേത്. പിന്നെ 'ഉദാഹരണം സുജാത', 'ജാക്ക് ആൻഡ് ജിൽ', ഏറ്റവും ഒടുവില്‍ 'മരയ്ക്കാറും' . ഒരുമിച്ചഭിനയിച്ച ചിത്രങ്ങള്‍ കുറവെങ്കിലും എന്നും വിളിപ്പുറത്തുണ്ടായിരുന്നു അദ്ദേഹം. എവിടെയോ വായിച്ച ഓര്‍മയില്‍ ഞാന്‍ ഇടയ്ക്ക് കളിയായി വിളിക്കുമായിരുന്നു..'കൊടുമുടി വേണു!!' അത്രയും ഉയരത്തിലായിരുന്നു എന്നും അദ്ദേഹം. അഭിനയത്തിലും ജീവിതത്തിലും. പലതും പഠിപ്പിച്ച,തണലും തണുപ്പും തന്ന ഒരു പര്‍വതം. മനസുകൊണ്ട് എപ്പോഴും പ്രണമിക്കുമായിരുന്നു ആ ഔന്നത്യത്തെ. മരണമില്ലാത്ത ഓര്‍മയായി മനസിലുണ്ടാകും എന്നും....വേദനയോടെ വിട! - മഞ്ജു സോഷ്യൽ മീഡിയയിൽ കുറിച്ചു.

  വല്യേട്ടൻ എന്നാണ് സംവിധായകൻ പ്രിയദർശൻ നെടുമുടിയെ വിശേഷിപ്പിച്ചത്. മനോരമയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അഭിനേതാവ്, സംവിധായകൻ എന്നതിലുപരി എനിക്ക് അദ്ദേഹവുമായി വല്യേട്ടൻ ബന്ധമാണ് ഉണ്ടായിരുന്നത്. വേണുച്ചേട്ടൻ സിനിമയിൽ വരുന്നതിനു മുമ്പേ എനിക്ക് അദ്ദേഹത്തെ അറിയാം. എന്റെ ആദ്യത്തെ സിനിമയായ പൂച്ചയ്ക്കൊരു മൂക്കുത്തിയിലെ നായകൻ അദ്ദേഹമായിരുന്നു. എന്റെ അറിവ് ശരിയാണെങ്കിൽ അദ്ദേഹം അവസാനം അഭിനയിച്ചതും എന്റെ കൂടിയാണ്. തമിഴ് ചിത്രം സമ്മർ ഓഫ് 92-വാണ് ആ ചിത്രം. ഇനി റിലീസ് ചെയ്യാനുള്ള അദ്ദേഹത്തിന്റെ സിനിമകളിലൊന്നും ഞാൻ സംവിധാനം ചെയ്ത മരക്കാർ ആണ്. ഇതൊക്കെ ഒരു നിമിത്തമാണ്.

  നെടുമുടി വേണു എന്ന നടൻ വിടവാങ്ങിയതിലല്ല സങ്കടം, എനിക്ക് എന്റെ വേണുച്ചേട്ടൻ പോയി. മുപ്പത്തിമൂന്നോളം സിനിമകളിൽ അദ്ദേഹം എനിക്കൊപ്പം പ്രവർത്തിച്ചു. ഓരോ സിനിമകളിലും അദ്ദേഹം എന്നെ അമ്പരിപ്പിച്ചിട്ടുണ്ട്. നമ്മൾ ഇതുവരെ കാണാത്തതെന്തോ കാണിച്ചുതരുന്ന നടനാണ് വേണുച്ചേട്ടൻ. അഭിനയമായിരുന്നു അദ്ദേഹത്തിന്റെ ശ്വാസം. ഒരു സിനിമയ്ക്കു വേണ്ടിയും അദ്ദേഹം തയാറെടുക്കുന്നത് ഞാൻ കണ്ടിട്ടില്ല. സ്വാഭാവികമായ അഭിനയശൈലിയായിരുന്നു വേണുച്ചേട്ടന്റേത്- പ്രിയദർശൻ പറഞ്ഞു.,

  നെടുമുടിയെ അനുസ്മരിച്ച് മോഹൻലാലും രംഗത്ത് എത്തിയിരുന്നു.ഒരു ജേഷ്ഠസഹോദരനെപ്പോലെ, ചേർത്തുപിടിച്ച വാത്സല്യമായിരുന്നു വേണുച്ചേട്ടൻ എന്നാണ് മോഹൻലാൽ പറയുന്നത്.. അരനൂറ്റാണ്ടുകാലം മലയാളസിനിമയുടെ ആത്മാവായി നിലകൊണ്ട് പ്രിയപ്പെട്ട വേണുച്ചേട്ടൻ നമ്മെ വിട്ടുപിരിഞ്ഞു. നാടക അരങ്ങുകളിൽ നിന്നു തുടങ്ങി സ്വാഭാവിക അഭിനയത്തിന്റെ ഹിമാലയശൃംഗം കീഴടക്കിയ ആ മഹാപ്രതിഭയുടെ വേർപാട് മലയാളത്തിന്റെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നാണ്. വ്യക്തിപരമായി എനിക്കതൊരു വലിയ വേദനയും. ഒരു ജേഷ്ഠസഹോദരനെപ്പോലെ, ചേർത്തുപിടിച്ച വാത്സല്യമായിരുന്നു വേണുച്ചേട്ടൻ എനിക്ക്. എത്ര സിനിമകളിൽ ഒന്നിച്ചു ഞങ്ങൾ. മലയാളം നെഞ്ചോടുചേർത്ത എത്ര വൈകാരിക സന്ദർഭങ്ങൾ ഒന്നിച്ചുസമ്മാനിക്കാനായി ഞങ്ങൾക്ക്. ആഴത്തിലുള്ള വായനയും അതിലൂടെ നേടിയ അറിവും കൊണ്ട്, തുല്യം വയ്ക്കാനില്ലാത്ത വ്യക്തിത്വമായി മാറിയ എന്റെ വേണു ചേട്ടന് ഔപചാരികമായ ഒരു ആദരാഞ്ജലി നൽകാൻ ആവുന്നില്ല. കലയുടെ തറവാട്ടിലെ ഹിസ് ഹൈനസ് ആയ ആ വലിയ മനസ്സിന്റെ സ്നേഹച്ചൂട് ഹൃദയത്തിൽ നിന്ന് ഒരിക്കലും മായില്ല നടൻ കുറിച്ചു.

  English summary
  Celebrities Shares Memory About Late actor Nedumudi venu, went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X