അന്ന് പൂർണിമ രണ്ടാം ഭാര്യയായി, ആപ്പിളിനെ പോലെയായിരുന്നു, വഴക്ക് കണ്ടാൽ നാളെ ഡിവോഴ്സാകുമെന്ന് തോന്നും; ആനന്ദ്
ഇരുപത്തിയഞ്ച് വർഷത്തോളമായി വിജയകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് തെന്നിന്ത്യൻ താരങ്ങളായ പൂർണിമയും ആനന്ദും. പൂർണിമ ഏറെയും സഹനടി റോളുകളിലും സീരിയലുകളിലുമാണ് മലയാളത്തിൽ അഭിനയിച്ചിട്ടുള്ളത്. ആനന്ദ് വില്ലൻ റോളുകളാണ് ചെയ്തിട്ടുള്ളത്. ആനന്ദിനെ ഏറെയും മലയാളികൾ ഓർത്തിരിക്കുന്നത് സുരേഷ് ഗോപി ചിത്രം ടൈഗറിലെ മുസാഫിർ എന്ന കഥാപാത്രത്തിലൂടെയാണ്.
പൂർണിമയും ആനന്ദും ദമ്പതികളാണെന്ന വിവരം ഭൂരിഭാഗം പ്രേക്ഷകർക്കും അറിയില്ല. മൂന്ന് വർഷത്തോളം നീണ്ട പ്രണയത്തിനുശേഷമാണ് ഇരുവരും വിവാഹിതരായത്. ഇപ്പോഴിതാ മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ തങ്ങളുടെ പ്രണയകഥയും ജീവിതത്തിലെ വിശേഷങ്ങളും പങ്കുവെക്കുകയാണ് ഇരുവരും. ഞങ്ങൾ ചെന്നൈയിലാണ് താമസം. വിവാഹവും അവിടെ വെച്ചാണ് നടന്നത്.

മലയാള സിനിമയിൽ പ്രവർത്തിക്കുന്നവരേയൊന്നും അധികം ക്ഷണിച്ചിരുന്നില്ല. വിവാഹം വളരെ ലളിതമായിരുന്നു. പബ്ലിസിറ്റിയും കൊടുത്തില്ല. അതുകൊണ്ടാകും ഞങ്ങൾ ദമ്പതികളാണെന്ന് പലർക്കും അറിയാത്തത്. ആദ്യമായി ഒരു ടെലിഫിലിമിലാണ് ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചത്. അതിൽ ഉർവശി ചേച്ചി എന്റെ ആദ്യ ഭാര്യയുടേയും പൂർണിമ രണ്ടാം ഭാര്യയുടേയും റോളാണ് ചെയ്തത്.
പൂർണിമ വരും മുമ്പ് തന്നെ അവൾ നീ കരുതുന്നപോലൊരു ആളല്ലെന്ന് സംവിധായകൻ എനിക്കൊരു ചെറിയ വിശദീകരണം തന്നിരുന്നു. അത് കേട്ടപ്പോൾ മുതൽ കാണാനും പരിചയപ്പെടാനും ഞാൻ ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു. മനോ ബാലയായിരുന്നു സംവിധായകൻ. 1997ൽ ആണ് ഇതെല്ലാം നടന്നത്. പിങ്ക് കളറിൽ ആപ്പിളിനെ പോലെയായിരുന്നു അന്ന് പൂർണിമ. അന്ന് ഞങ്ങൾ ഒരുപാട് നേരം സംസാരിച്ചു.
പിറ്റേ ദിവസം പൂർണിമയ്ക്ക് ജോണ്ടിസ് പിടിപെട്ടു. ആശുപത്രിയിൽ കൊണ്ടുപോയതും വീട്ടിൽ നിന്നും ഭക്ഷണം അടക്കം എത്തിച്ച് ശുശ്രൂഷിച്ചതും ഞാനാണ്. അതോടെ അവൾ ഫ്ലാറ്റായി. അവിടെ തുടങ്ങി പ്രണയം. മൂന്ന് വർഷത്തോളം പ്രണയിച്ചു. പിന്നീട് ഞങ്ങൾ ഒരുമിച്ച് ഗുരുവായൂരിലേക്ക് ഒരു ദിവസം യാത്ര പോയി. എനിക്കൊപ്പം എന്റെ മാതാപിതാക്കളും ഉണ്ടായിരുന്നു.
ആ യാത്രയിൽ ഉടനീളം എന്റെ മാതാപിതാക്കളെ പൂർണിമ നന്നായി കെയർ ചെയ്തു. അവരെ ഇംപ്രസ് ചെയ്യിക്കുക എന്ന ലക്ഷ്യം കൂടി ഞങ്ങൾക്കുണ്ടായിരുന്നു. ട്രെയിൻ തൃശൂർ എത്തിയപ്പോഴേക്കും പൂർണിമയെ ഇഷ്ടപ്പെട്ടുവെന്നും നിനക്ക് അവളെ വിവാഹം ചെയ്തൂടെയെന്നും മാതാപിതാക്കൾ എന്നോട് ചോദിച്ചു. അങ്ങനെയാണ് വിവാഹത്തിലേക്ക് കടക്കുന്നത്. ഞാൻ മലയാളം, തെലുങ്ക്, തമിഴ് എല്ലാം സംസാരിക്കും.

പൂർണിമയുടെ തടിയാണ് എനിക്ക് ഇഷ്ടം. എല്ലാവരേയും പോലെ വഴക്കിടുന്ന കപ്പിൾ തന്നെയാണ് ഞങ്ങളും. ഞങ്ങളുടെ വഴക്ക് കണ്ടാൽ ഉടനെ ഡിവോഴ്സാകുമെന്ന് മറ്റുള്ളവർക്ക് തോന്നും. പക്ഷെ ഞങ്ങൾ അടുത്ത ദിവസം മുതൽ വീണ്ടും പഴയ സ്നേഹത്തോടെ കെട്ടിപിടിക്കും സംസാരിക്കും. ക്ഷമ പറയും. എല്ലാ ദിവസം അരമണിക്കൂർ ഇരുന്ന് പൂർണിമയുടെ കാല് ഞാൻ മസാജ് ചെയ്യാറുണ്ടെന്നും ആനന്ദ് പറയുന്നു. ചില ബന്ധങ്ങൾ നമ്മളെ തേടി വരുമെന്ന് പറയാറില്ലേ... അതുപോലെ എന്റെ ജീവിതത്തിലേക്ക് വന്നയാളാണ് ആനന്ദെന്നാണ് പൂർണിമ പറഞ്ഞത്.
പറിച്ച് മാറ്റാൻ പറ്റുന്നതല്ല. ആനന്ദിന്റെ അച്ഛൻ എന്നെ കെട്ടി പിടിച്ച് എപ്പോഴും പറയാറുള്ളത് നീ എന്റെ മകളാണെന്നാണ്. ആനന്ദ് മുഖേന ഒരു നല്ല അച്ഛനേയും സഹോദരങ്ങളേയും കിട്ടി. വലിയൊരു ഫാമിലിയുടെ ഭാഗമായി. ആനന്ദിന്റെ ചേട്ടന്മാരെല്ലാം എനിക്ക് സ്വന്തം ചേട്ടന്മാർ തന്നെയായിരുന്നു. ആനന്ദിനെ വിവാഹം ചെയ്തതുകൊണ്ട് ഞാൻ ഇന്ന് ഇവിടെ ഇരിക്കുന്നു.
എല്ലാ നല്ല പ്രവൃത്തികൾക്കും സപ്പോർട്ട് ചെയ്യും. ഞങ്ങൾ രണ്ടുപേരും ഒരുപാട് ബുക്ക്സ് വായിക്കുന്നവരാണ്. എല്ലാ തരത്തിലും എന്നെ ടേക്ക് കെയർ ചെയ്യുന്നയാളാണ് ആനന്ദ്. അതുകൊണ്ട് തന്നെ ഞാൻ ബ്ലെസ്ഡാണ്. ഭർത്താവ് എന്നതിലുപരി എന്റെ ഏറ്റവും നല്ല സുഹൃത്താണ് ആനന്ദെന്നും പൂർണിമ കൂട്ടിച്ചേർത്തു.


Click it and Unblock the Notifications











