അവർ ഹിന്ദുവും ക്രിസ്ത്യനും... ഹിന്ദു ആചാരങ്ങൾ അറിയില്ല, എല്ലാം ഒറ്റയ്ക്ക് സമ്പാദിച്ചത്; ബിന്ദുവും സായ് കുമാറും
മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത രണ്ട് താരങ്ങളാണ് സായ് കുമാറും ബിന്ദു പണിക്കരും. ഏത് കഥാപാത്രവും കൈകാര്യം ചെയ്യാൻ അനായാസം കഴിയുന്ന താരങ്ങൾ. ആദ്യ ഭർത്താവിന്റെ മരണശേഷമാണ് ബിന്ദുവിന്റെ ജീവിതത്തിലേക്ക് സായ് കുമാർ വരുന്നത്. ബിന്ദുവിന്റെ ഏക മകൾ കല്യാണിയെ സ്വന്തം മകളെപ്പോലെയാണ് നടൻ സ്നേഹിക്കുന്നത്. ഒരിടയ്ക്ക് സിനിമയിൽ നിന്നും വിട്ടുനിന്നിരുന്ന ബിന്ദു പണിക്കർ അടുത്ത കാലത്തായി ഒട്ടനവധി നല്ല സിനിമകളുടെ ഭാഗമാകുന്നുണ്ട്. റോഷാക്കിലെ ബിന്ദുവിന്റെ നെഗറ്റീവ് റോൾ ഏറെ പ്രശംസ നേടിയ ഒന്നായിരുന്നു.
അച്ഛന്റെ സിനിമാ പാരമ്പര്യമാണ് സായ് കുമാറിനെ അഭിനയത്തിലേക്ക് എത്തിച്ചത്. നായകൻ, വില്ലൻ, സഹനടൻ എന്നിങ്ങനെ പ്രായത്തേക്കാൾ പക്വതയുള്ള കഥാപാത്രങ്ങൾ വരെ താരം ഇതിനോടകം അവതരിപ്പിച്ച് കഴിഞ്ഞു. പൊതുവെ അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോൾ തങ്ങളുടെ മാതാപിതാക്കളെ കുറിച്ചും സഹോദരങ്ങളെ കുറിച്ചുമൊന്നും ബിന്ദുവും സായ് കുമാറും അധികം സംസാരിക്കാറില്ല.

ഇപ്പോഴിതാ ആദ്യമായി മനസ് തുറന്നിരിക്കുകയാണ് ഇരുവരും. കൊട്ടാരക്കര ശ്രീധരൻ നായരുടെ ഒറ്റ മകനായിരുന്നുവെങ്കിലും അച്ഛന്റെ സ്വത്തുക്കൾ ഒന്നും താൻ സ്വീകരിച്ചിട്ടില്ലെന്ന് സായ് കുമാർ പറയുന്നു. തനിക്ക് ഇന്ന് ഉള്ളതെല്ലാം സ്വന്തമായി സമ്പാദിച്ചതാണെന്നും സിനിമ ദി ക്യുവിന് നൽകിയ അഭിമുഖത്തിൽ നടൻ പറഞ്ഞു. ഫ്ലാറ്റിനേക്കാൾ ഞങ്ങൾക്കിഷ്ടം വീട് തന്നെയാണ്. ചെറിയ പറമ്പ് കൂടി ചേർന്നതാണെങ്കിൽ വയസാം കാലത്ത് ഇറങ്ങി നടക്കാനും മറ്റും നല്ലത് അതാണ്.
ഞാൻ ഏക മകനാണ്. കൊട്ടാരക്കരയിൽ തറവാടുണ്ടായിരുന്നു. വേറൊരു പെങ്ങൾക്കാണ് അത് കൊടുത്തത്. അച്ഛൻ എഴുതി വെച്ചതൊന്നുമായിരുന്നില്ല. അതേ കുറിച്ച് പറയാൻ തുടങ്ങിയാൽ ഒരുപാട് കാര്യങ്ങൾ പറയാനുണ്ടാകും സായ് കുമാർ പറഞ്ഞ് തുടങ്ങുന്നു... ഒരു വഴിയിൽ കൂടി തറവാട് അവരുടേതായി. വേറെ ഏതെങ്കിലും രീതിയിൽ ചെയ്യാൻ ശ്രമിക്കുകയാണെങ്കിൽ എന്നോട് പറഞ്ഞാൽ ഞാൻ എന്താണെന്ന് വെച്ചാൽ ചെയ്ത് തരാമെന്ന് ഞാൻ അവരോട് പറഞ്ഞിരുന്നു. പക്ഷെ എന്നോട് അവർ ചോദിച്ചില്ല. അതിന് മുമ്പ് കൊടുത്തു. വേറെ ആർക്കോവാണ് കൊടുത്തത്.
അമ്മ മരിക്കും മുമ്പ് കൊടുത്തിരുന്നു. അമ്മയും അറിഞ്ഞിരുന്നു. സ്വത്തുക്കൾ അച്ഛൻ മരിക്കും മുമ്പ് ആരുടേയും പേരിൽ എഴുതി വെച്ചിരുന്നില്ല. പക്ഷെ തറവാടിനോട് ചേർന്ന് മറ്റൊരു വീടുണ്ടായിരുന്നു. അത് അച്ഛൻ എന്റെ രണ്ടാമത്തെ സഹോദരിക്ക് കൊടുത്തിരുന്നു. തറവാടിന്റെ ഭാഗമായി എനിക്കൊന്നും കിട്ടിയിട്ടില്ല. ആരുടെ ഭാഗത്ത് നിന്നും ഒന്നും കിട്ടിയിട്ടില്ല. ഞാൻ ഒറ്റയ്ക്കുണ്ടാക്കി ഞാൻ തന്നെ ജീവിക്കുന്നു. അതൊരു സുഖമാണ്. ആരോടും ഉത്തരം പറയേണ്ടതില്ല. എനിക്ക് സഹോദരിമാരുമായൊന്നും പ്രശ്നമില്ല. അവർക്ക് എന്താണ് പ്രശ്നമെന്ന് ഞങ്ങൾക്ക് അറിയില്ലെന്ന പ്രശ്നം മാത്രമെയുള്ളു.
ഒരു സമയത്ത് ഞങ്ങൾ എല്ലാവരും വളരെ സന്തോഷത്തിൽ കഴിഞ്ഞിരുന്നതാണ്. പിന്നീട് അവർ ഇങ്ങോട്ട് വരുന്നത് കുറഞ്ഞു. ബിന്ദുവിനെ കല്യാണം കഴിച്ചതിലെ പ്രശ്നമാണെങ്കിൽ അവളുണ്ടാക്കിയ ദോശയും തിന്ന് പന്ത്രണ്ട് മണിക്ക് ഞങ്ങളുടെ വീട്ടിൽ അവർ ഇരിക്കേണ്ട കാര്യമില്ലല്ലോ. കുട്ടികൾ അടക്കം എല്ലാവരും വരുമായിരുന്നു. മൂന്ന് മണിവരെയൊക്കെ അവർ വീട്ടിൽ ഉണ്ടാകുമായിരുന്നു എന്നും സായ് കുമാർ പറഞ്ഞു. അമ്മയുമായുണ്ടായിരുന്ന അടുപ്പത്തെ കുറിച്ചും നടൻ സംസാരിച്ചു.

എന്നെ നന്നായി കേട്ടിരുന്ന ഒരാൾ അമ്മയാണ്. പറയേണ്ട കാര്യം അമ്മ ഒറ്റ തവണയെ പറയൂ. ബിന്ദു ആഭരണങ്ങൾ അണിഞ്ഞ് നടക്കാത്തതിൽ അമ്മയ്ക്ക് പരാതിയുണ്ടായിരുന്നു. ഞാൻ ബിന്ദുവിന് സ്വർണ്ണം വാങ്ങി കൊടുക്കാറിലെന്നാണ് അമ്മ കരുതിയിരുന്നത്. യഥാർത്ഥത്തിൽ ആഭരണങ്ങൾ അണിഞ്ഞ് നടക്കുന്നതിനോട് അവൾക്ക് താൽപര്യമില്ലാത്തതാണ്. അമ്മയും ഒരുങ്ങി നടക്കാൻ ഇഷ്ടപ്പെട്ടിരുന്നയാളായിരുന്നു. ചന്ദനം തൊട്ടാൽ കാണാൻ പറ്റാത്ത തരത്തിൽ നിറമായിരുന്നു അമ്മയ്ക്ക്. അച്ഛനേക്കാൾ അമ്മയെയായിരുന്നു എനിക്ക് ഇഷ്ടം. 92 വയസിലാണ് അമ്മ മരിച്ചത്. എന്റെ ഉയർച്ചയും ഞാൻ അനുഭവിച്ച പ്രശ്നങ്ങളും എല്ലാം അമ്മ കണ്ടു.
പക്ഷെ മകനെന്ന രീതിയിൽ അമ്മയ്ക്ക് ചെയ്ത് കൊടുക്കേണ്ട ചില കാര്യങ്ങൾ എനിക്ക് ചെയ്യാൻ പറ്റിയില്ല. മരണശേഷമാണെങ്കിലും. അച്ഛന് അടുത്ത് തന്നെ എന്നേയും അടക്കണമെന്ന് അമ്മ നിരന്തരം പറയുമായിരുന്നു. പക്ഷെ എന്റെ സഹോദരിമാർ അമ്മയെ കൊല്ലത്ത് ഒരു ശമ്ശാനത്തിൽ കൊണ്ടുപോയി അടക്കി. അത് വലിയൊരു വിഷയമാകേണ്ടെന്ന് കരുതി ഞാൻ അതിൽ അധികം പ്രതികരിച്ചില്ല. മരിക്കും വരെ അമ്മ ചെരുപ്പിടില്ലായിരുന്നു. കാൽ ഭൂമിയിൽ ചവിട്ടി നടക്കാനുള്ളതാണെന്നാണ് പറയാറ്. കുളി പോലും വളരെ ചിട്ടയോടെയായിരുന്നു. പഴയ കാല രീതിയിലായിരുന്നു.
അമ്മയും അച്ഛനും തമ്മിൽ പൊട്ടിത്തെറികളുണ്ടായി കണ്ടിട്ടില്ല. ചെറിയ ചെറിയ വഴക്കുകൾ ഉണ്ടായിട്ടുണ്ട്. അച്ഛൻ എനിക്ക് വല്ലപ്പോഴും മാത്രം കാണാൻ കിട്ടുന്നൊരാളായിരുന്നു. എപ്പോഴും അദ്ദേഹത്തെ ചന്ദന പൗഡർ മണക്കും. അതുകൊണ്ട് അച്ഛന്റെ വിയർപ്പിന്റെ മണം അറിയില്ല. അച്ഛൻ എല്ലാവർക്കും സ്വീകാര്യനായിരുന്നു. അതുകൊണ്ട് തന്നെ നസീർ സാർ അടക്കം എല്ലാവരും വീട്ടിൽ വരുമായിരുന്നു. അമ്മയുടെ തക്കാളി തീയൽ നസീർ സാറിന് പ്രിയപ്പെട്ടതായിരുന്നു. ആര് വീട്ടിൽ വന്നാലും അച്ഛന് വിളമ്പുന്ന ഭക്ഷണം എല്ലാവർക്കും വിളമ്പണമെന്ന നിർബന്ധമുണ്ടായിരുന്നു. ചിലപ്പോഴൊക്കെ ഭക്ഷണം തികയ്ക്കാൻ അമ്മ പാട് പെടും.
സഹായിക്കാൻ ആളുകളുണ്ടെങ്കിലും ഭക്ഷണം താൻ തന്നെ തയ്യാറാക്കണമെന്ന നിർബന്ധം അമ്മയ്ക്കുണ്ടായിരുന്നു. ബിന്ദുവും അതുപോലെ തന്നെയാണെന്നും സായ് കുമാർ പറയുന്നു. തനിക്ക് പാചകത്തിനോടും സിനിമയോടും താൽപര്യം വരാനുള്ള കാരണത്തെ കുറിച്ച് ബിന്ദു പണിക്കരും മനസ് തുറന്നു. ബിന്ദുവിന്റെ കൈപുണ്യം പഴയ സിനിമാക്കാർക്ക് അറിയാവുന്ന ഒന്നാണ്. സിനിമ കഴിഞ്ഞാൽ പിന്നെ എനിക്ക് എല്ലാം വീടാണ്. കഴിയുന്നതും വീട്ടിൽ തന്നെയാണ് സമയം ചിലവഴിക്കാറ്. ഭക്ഷണം ഞാൻ തന്നെ തയ്യാറാക്കിയെങ്കിലെ എനിക്ക് തൃപ്തി വരു. പ്രൊഡക്ഷൻ ഫുഡ് കഴിച്ച് മടുപ്പാകുന്നത് കൊണ്ടാണ് കഴിവതും കുക്ക് ചെയ്യാൻ ശ്രമിക്കുന്നത്.
കുക്കിങ് ഞാൻ തനിയെ പഠിച്ചതാണ്. എന്റെ അമ്മ ക്രിസ്ത്യനും അച്ഛൻ നായരുമാണ്. വിപ്ലവമുണ്ടാക്കിയ കല്യാണമായിരുന്നു. നല്ല ഭക്ഷണം ഉണ്ടാക്കിയില്ലെങ്കിൽ ഭർത്താക്കന്മാർ പുറത്ത് പോയി കഴിക്കുമെന്ന് ചെറുപ്പം മുതൽ ഞാൻ കേട്ടിട്ടുണ്ട്. അങ്ങനെയാണ് കുക്കിങ്ങ് പഠിച്ചതെന്ന് ബിന്ദു പറയുന്നു. ബിന്ദുവിന് ഒരു ട്രാവൽ കിറ്റുണ്ട്. മുളക്, മല്ലി തുടങ്ങിയവയെല്ലാം അടങ്ങിയ കിറ്റാണ്. കൂടാതെ ഒരു കുക്കറും മേശയുമെല്ലാമുണ്ട്. അതുകൊണ്ട് തന്നെ യാത്ര പോകുമ്പോൾ വഴിയിൽ വണ്ടി ഒതുക്കി അവൾ പാചകം ചെയ്യും. ഞാൻ എല്ലാ സാധനങ്ങളും നന്നാക്കാനും മറ്റും അവളെ സഹായിക്കും. ഹോട്ടലിൽ വെച്ചും ഭക്ഷണമുണ്ടാക്കും.
കഴിക്കുന്നതിനേക്കാൾ കഴിപ്പിക്കാനാണ് ബിന്ദുവിന് ഇഷ്ടമെന്ന് സായ് കുമാറും പറഞ്ഞു. മാതാപിതാക്കളെ കുറിച്ചും നടി സംസാരിച്ചു. അമ്മയും അച്ഛനും കോഴിക്കോട്ടുകാരായിരുന്നു. ഒരുമിച്ച് പഠിച്ചപ്പോൾ പ്രണയിച്ച് വിവാഹിതരായവരാണ്. അച്ഛൻ മരിക്കുമ്പോൾ ഞാൻ ഷൂട്ടിങ് സെറ്റിലായിരുന്നു. അച്ഛന് സിനിമ താൽപര്യമില്ലായിരുന്നു. ഞാൻ ക്ലാസിക്ക് ഡാൻസ് പഠിച്ചിരുന്നു. എന്റെ സുഹൃത്താണ് എന്റെ ഫോട്ടോകൾ ഓഡീഷന് നിരന്തരം അയച്ച് കൊടുത്തിരുന്നത്. അങ്ങനെ സിനിമയിൽ അവസരം കിട്ടി. പക്ഷെ അന്ന് അച്ഛൻ എതിർത്തില്ല. സിനിമ പ്രൊഫഷനാക്കാൻ ചിന്തിച്ചിരുന്നില്ല.
ബി.ഫാം കഴിഞ്ഞ് ജോലിക്ക് ശ്രമിക്കാമെന്നാണ് കരുതിയിരുന്നത്. അമ്മ ഇപ്പോഴും എന്റെ കൂടെയാണ് താമസം. അമ്മ മതം മാറിയിരുന്നില്ല. പക്ഷെ പള്ളിയിൽ പോയി കണ്ടിട്ടില്ല. പള്ളിയിൽ പോകണമെന്ന് ഞങ്ങളോടും പറഞ്ഞിട്ടില്ല. ഹിന്ദു ആചാരങ്ങളും എനിക്ക് അറിയില്ലായിരുന്നു. ദൈവം ഒരു ശക്തിയാണെന്നാണ് അച്ഛൻ ഞങ്ങളോട് പറഞ്ഞിരുന്നതെന്നും ബിന്ദു പണിക്കർ പറയുന്നു.


Click it and Unblock the Notifications











