സ്നേഹം കൊണ്ട് വരുന്ന മഹാന്മാരോട്, സ്നേഹിക്കാനും കൂടെ കിടക്കാനും ഞങ്ങൾ നിങ്ങളോട് യാചിച്ചോ?; രഞ്ജു രഞ്ജിമാർ
കേരളത്തിലെ അറിയപ്പെടുന്ന ട്രാൻസ്ജെൻഡര്‍ ആക്ടിവിസ്റ്റും സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുമാണ് രഞ്ജു രഞ്ജിമാര്‍. ഇരുപത് വര്‍ഷത്തോളമായി മേക്കപ്പ് ആര്‍ട്ടിസ്റ്റായി സിനിമാലോകത്ത് പ്രവര്‍ത്തിക്കുന്നു. അവഗണനകളെ ആത്മവിശ്വാസം കൊണ്ട് മറികടന്ന് ജീവിതവിജയം നേടിയ കഥയാണ് രഞ്ജുവിന് പറയാനുള്ളത്. കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് രഞ്ജു രഞ്ജിമാർ കൊച്ചിയിലേക്ക് പുതിയ ജീവിതപ്രതീക്ഷകളുമായി ചേക്കേറിയത്. ഒരുപാട് അവഗണനകളും പരിഹാസങ്ങളും പ്രതിസന്ധികളും കഷ്ടപ്പാടുകളും അനുഭവിച്ചു.
ജോലി ചെയ്ത് കിട്ടുന്ന ഓരോ രൂപയും സ്വരുക്കൂട്ടി വെച്ചാണ് ഇന്ന് കാണുന്ന ജീവിതം രഞ്ജു രഞ്ജിമാർ കെട്ടിപ്പെടുത്തത്. തന്റെയും തനിക്ക് ചുറ്റുമുള്ളവരുടേയും ജീവിതാനുഭവങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടും സമൂഹിക വിഷയങ്ങളിലും എല്ലാം തന്റെ കാഴ്ചപ്പാടുകൾ പങ്കുവെക്കാറുള്ള രഞ്ജു പങ്കുവെച്ച പുതിയ സോഷ്യൽമീഡിയ കുറിപ്പാണ് ശ്രദ്ധനേടുന്നത്.

ട്രാൻസ്ജെന്റർ വ്യക്തികളെ കുറിച്ച് സമൂഹത്തിൽ ഒരു വിഭാഗത്തിനുള്ള കാഴ്ചപ്പാടുകളെ കുറിച്ചാണ് രഞ്ജു രഞ്ജിമാറിന്റെ കുറിപ്പ്. ഞാൻ ഇവിടെ കുറിക്കുന്ന ചില കാര്യങ്ങൾ ചിലപ്പോൾ നിങ്ങൾക്ക് ഉൾകൊള്ളാൻ കഴിഞ്ഞെന്ന് വരില്ല. പൊതുവെ ട്രാൻസ്ജെന്റർ വ്യക്തികൾക്ക് പൊതുസമൂഹത്തിൽ ചിലർ ചില അർഥങ്ങൾ ഉണ്ടാക്കിവെച്ചിട്ടുണ്ട്. ആ അർഥങ്ങൾ പലപ്പോഴും അസ്ഥാനത്ത് തന്നെയാണെന്ന് ഓർമ്മപെടുത്തട്ടെ.
സമൂഹത്തിൽ ഏറ്റവും കൂടുതൽ മാനസിക പിരിമുറുക്കം അനുഭവിക്കുന്ന ഒരു വിഭാഗം... പരിഗണിക്കപെടേണ്ട, സ്നേഹിക്കപെടേണ്ട, മനസിലാക്കപ്പെടേണ്ട ഈ സമയത്തൊക്കെ അവർ ജെന്റർ വൈവിധ്യത്താൽ ആശയ കുഴപ്പം നേരിടുന്ന ഒരു സമയം കൂടിയാണ്. ട്രീറ്റ്മെന്റ്, ഹോർമോൺ വ്യത്യാസം, നിരവതി കൗൺസിലിങ്, സർജറി... ഇവയെല്ലാം നേരിട്ട് ജീവിതത്തിന്റെ ഒരു സമയം കടന്നുപോകുന്നു.
പിന്നീട് ജീവിതം തള്ളി നീക്കാൻ പല പല പ്രയാസങ്ങളും നേരിട്ട് പൊരുതുകയാണ് ചിലർ തെരുവിൽ. ചിലർ അവരുടെ കഴിവുകളിൽ കൂടി എന്ത് തന്നെ ആയാലും മരുന്നുകളോടും ജീവിതത്തോടും പൊരുതുക തന്നെയാണ്. ഇതിൽ എവിടെയൊക്കെയോ അവരെ സ്നേഹിക്കാൻ എവിടെ നിന്നൊക്കെയോ ചില സന്മസുള്ളവർ കടന്ന് വരുന്നു. ഇനിയാണ് കഥ മാറുന്നത്... അതുവരെ അനുഭവിക്കാൻ കഴിയാത്ത ചില സന്തോഷങ്ങൾ നമ്മുടെ ജീവിതത്തിൽ കടന്നുപോവുകയാണ്.
ലോകത്ത് ആരും ഇല്ലെങ്കിലും നമ്മെ മനസിലാക്കാൻ ഒരാൾ ഉണ്ടെന്നുള്ള ചിന്ത മരണത്തിൽ വരെ ചിലരെ എങ്കിലും എത്തിക്കുന്നു. എണ്ണി ചുട്ട നാണയത്തുട്ടുകളുടെ അവകാശം അവർ പകർന്ന് കൊടുക്കുന്നു. ആപത്ത് ഘട്ടങ്ങളിൽ ഒരു കൈ താങ്ങാവും എന്ന ഉറച്ച ചിന്തയോട് കൂടി...

മനുഷ്യരെ ഈ ലോകം എത്ര വിശാലം ആയാലും ഇടുങ്ങിയ ചിന്തകൾ ഉള്ളിൽ ഒളിപ്പിച്ച് ജീവിക്കുന്ന മനുഷ്യ മൃഗങ്ങൾ ആണെന്നുള്ള ചിന്ത നാം മാനസിക തകർച്ചയുടെ അങ്ങേ അറ്റത്ത് എത്തിയിട്ട് മാത്രമേ അറിയൂ. ഞാൻ ഒന്ന് പറഞ്ഞോട്ടെ എന്റെ പ്രിയ മിത്രങ്ങളെ... നിങ്ങൾ നിങ്ങളെ കൂടുതൽ സുരക്ഷിതരാക്കു. ആരും ആർക്കും അവകാശികൾ അല്ല. നാം എല്ലാം മണ്ണിനുമാത്രം അവകാശികളാണ്. ഇനി ഈ സ്നേഹം കൊണ്ട് വരുന്ന മാന്യ മഹാന്മാരോട് രണ്ട് വാക്ക്.
ഞങ്ങളിൽ ആരെങ്കിലും നിങ്ങളുടെ വീടിന്റെ വടക്ക് വശത്ത് വന്ന് യാചിച്ചോ സ്നേഹിക്കാനായി? കൂടെ കിടക്കാനായി?. കീശയിൽ എന്തുണ്ട് എന്ന് ചോദിച്ചോ?. ഉള്ള് കത്തി കരഞ്ഞപ്പോഴും നിന്റെയൊക്കെ ആയുസിനും ആരോഗ്യത്തിനും ഉയർച്ചക്കും വേണ്ടി ഇക്കണ്ട ദൈവങ്ങളോട് യാചിച്ച് നിന്നില്ലേ?. ഈ പാപങ്ങൾ നീയൊക്കെ എവിടെ കഴുകി കളയും? കുമ്പസാര കൂട്ടിലോ... അമ്പലമുറ്റത്തോ... അതോ മക്കയിലോ... മദീനയിലോ..?.
അവരെ വെറുതെ വിടൂ... അവർ ജീവിച്ചോട്ടെ... എങ്ങനെ എങ്കിലും എന്നാണ് രഞ്ജു രഞ്ജിമാർ സോഷ്യൽമീഡിയയിൽ കുറിച്ചത്. അടുത്തിടെയായി ട്രാൻസ്ജെന്റർ വ്യക്തികളിൽ ചിലർക്ക് ഉണ്ടായ ദുരനുഭവങ്ങളാകാം ഇങ്ങനൊരു കുറിപ്പ് എഴുതാൻ രഞ്ജു രഞ്ജിമാറിനെ പ്രേരിപ്പിച്ചത്.


Click it and Unblock the Notifications