'അവളെ ആത്മഹത്യയിൽ നിന്ന് പിന്തിരിപ്പിച്ചിട്ടുണ്ടാകാം, ഭാവനയെ അനുഗ്രഹിക്കാന്‍ കഴിഞ്ഞത് ഭാഗ്യം'; രഞ്ജു
കേരളത്തിലെ അറിയപ്പെടുന്ന ട്രാൻസ്ജെൻഡര്‍ ആക്ടിവിസ്റ്റും സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുമാണ് രഞ്ജു രഞ്ജിമാര്‍. ഇരുപത്തഞ്ച് വര്‍ഷത്തിലേറെയായി മേക്കപ്പ് ആര്‍ട്ടിസ്റ്റായി സിനിമാലോകത്ത് രഞ്ജു രഞ്ജിമാര്‍ പ്രവർത്തിക്കുന്നു. അവഗണനകളെ ആത്മവിശ്വാസം കൊണ്ട് മറികടന്ന് ജീവിത വിജയം നേടിയ കഥയാണ് രഞ്ജുവിന് പറയാനുള്ളത്.
ഭാവന മുതൽ മംമ്ത വരെ ഒട്ടുമിക്ക താരസുന്ദരിമാരുടേയും പേഴ്സണൽ മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയാണ് രഞ്ജു രഞ്ജിമാർ. ട്രാൻസ് വുമണായിട്ടുള്ള ആളുകൾ മേക്കപ്പ് മേഖലയിലേക്ക് കൂടുതലായി കടന്നുവരാൻ ഒരു തരത്തിൽ പ്രചോദനമായതും രഞ്ജു രഞ്ജിമാറിന്റെ ജീവിതം തന്നെയെന്ന് പറയാതെ വയ്യ.
കൊല്ലം ജില്ലയിലെ പേരൂരാണ് രഞ്ജുവിന്റെ സ്വദേശം. അച്ഛൻ, അമ്മ, ചേച്ചി, ചേട്ടൻ അടങ്ങുന്നതാണ് കുടുംബം. അച്ഛന് കൂലിപ്പണിയായിരുന്നു. അമ്മ കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളിയും. ചോർന്നൊലിക്കുന്ന ഓലപ്പുരയിലെ ജീവിതത്തെ കുറിച്ചും തുച്ഛമായ വരുമാനത്തിന് ഇഷ്ടിക കളത്തിൽ ജോലി ചെയ്തതിനെ കുറിച്ചുമെല്ലാം രഞ്ജു വെളിപ്പെടുത്തിയിട്ടുണ്ട്.
സ്ത്രീയായി മാറാൻ കഴിഞ്ഞുവെന്നതാണ് ഏറ്റവും വലിയ നേട്ടമായി രഞ്ജു എപ്പോഴും പറയാറുള്ളത്. ഇത്രയും കാലം കഷ്ടപ്പെട്ടതിന് അര്‍ത്ഥമുണ്ടായതായി തോന്നി തുടങ്ങിയെന്ന് പറയുകയാണ് ഇപ്പോൾ ഏഷ്യനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ രഞ്ജു.

തന്റെ ജീവിതത്തിലെ നഷ്ടങ്ങൾ, അവഗണനകൾ, നേട്ടങ്ങൾ എന്നിവയെ കുറിച്ചും തെന്നിന്ത്യൻ താരസുന്ദരിമാരുമായുള്ള സൗഹൃദത്തെ കുറിച്ചും അഭിമുഖത്തിൽ രഞ്ജു വെളിപ്പെടുത്തി. 'മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്ന ഫീല്‍ഡിലേക്ക് ഞാന്‍ എങ്ങിനെ എത്തിയെന്ന് ചോദിച്ചാല്‍ എനിക്ക് മറുപടിയില്ല. വഴിതെറ്റി വന്ന ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് ഞാനെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. വീട്ടില്‍ നിന്ന് ഇറങ്ങിയ സമയത്ത് എന്ത് ചെയ്യണം എങ്ങോട്ട് പോകണം എന്നൊന്നും അറിയില്ലായിരുന്നു.'
'വീട്ടുജോലികള്‍ ചെയ്തിട്ടുണ്ട്. ആദ്യമായി മേക്കപ്പ് ഇട്ടത് നടി രംഭയ്ക്കാണ്. പിന്നീട് ഭാവന, മംമ്ത മോഹന്‍ദാസ്, പ്രിയാമണി, രമ്യ നമ്പീശനടക്കം ഒരുപാട് പേര്‍ക്കൊപ്പം വര്‍ക്ക് ചെയ്തു. അവരില്‍ ആരാണ് എന്റെ പ്രിയപ്പെട്ടയാളെന്ന് ചോദിച്ചാല്‍ പറയാന്‍ പറ്റില്ല. അവരോരുത്തരും എനിക്ക് ഓരോ പാഠങ്ങളാണ്. എല്ലാവരില്‍ നിന്നും എനിക്ക് പലതും പഠിക്കാന്‍ സാധിച്ചു', എന്നാണ് രഞ്ജു പറയുന്നു.
നടിയെ ആക്രമിച്ച കേസിൽ പ്രതികരിച്ചതിന് ശേഷം ജോലി നഷ്ടമായതിനെ കുറിച്ചും രഞ്ജു രഞ്ജിമാർ വെളിപ്പെടുത്തി. 'മംമ്ത മോഹന്‍ദാസ് ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്യുമായിരുന്നു.... അത് സത്യമാണ്. നടിയെ അക്രമിച്ച കേസില്‍ ഞാന്‍ ഒരുപാട് പ്രതികരിച്ചു. അതിന്റെ പേരില്‍ എനിക്ക് പല വര്‍ക്കുകളും നഷ്ടമായി. അന്ന് നടിയെ പിന്തുണച്ച് നിന്നവരാരും തന്നെ എന്നെ സപ്പോര്‍ട്ട് ചെയ്തില്ല.'
'അസോസിയേഷനുണ്ടാക്കി വീമ്പ് പറഞ്ഞ് നടന്നവരെ കാര്യത്തോട് അടുത്തപ്പോള്‍ കണ്ടില്ല. വര്‍ക്കൊന്നും ഇല്ലാതെ ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്ന അവസ്ഥയിലാണ് ഒരു തെലുങ്ക് ചിത്രത്തിന് വേണ്ടി എന്നെ മംമ്ത വിളിച്ചത്. അത് എന്റെ ജീവിതത്തിലെ ടേര്‍ണിങ് പോയിന്റ് തന്നെയായിരുന്നു. ആ കടപ്പാട് മംമ്തയോട് എന്നുമുണ്ടെന്നും', രഞ്ജു കൂട്ടിച്ചേർത്തു.

നടിക്ക് വേണ്ടി സംസാരിച്ചത് വലിയ കോളിളക്കം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചല്ലെന്നും, തന്‍റെ പ്രതികരണം നടിക്ക് നേരിയ ആശ്വാസമോ ആത്മഹത്യയിൽ നിന്ന് പിന്തിരിയാനുള്ള കാരണമോ ആയിട്ടുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും രഞ്ജു പറയുന്നു. ഭാവനയെ വിവാഹത്തിന് അതിസുന്ദരിയാക്കിയതിന് പിന്നിലെ ചില കഥകളും രഞ്ജു അഭിമുഖത്തിനിടെ വെളിപ്പെടുത്തി.
'കല്യാണത്തിന് ഞാന്‍ തന്നെ മേക്കപ്പ് ചെയ്യണമെന്ന് ഭാവനയ്ക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു. ഓരോ സെഗ്മന്റും ഓരോരുത്തരാണ് മേക്കപ്പ് ചെയ്തത്. കൂടെ വര്‍ക്ക് ചെയ്ത എല്ലാവര്‍ക്കും അവസരം നല്‍കട്ടേയെന്ന് അവള്‍ ചോദിച്ചപ്പോള്‍ എനിക്ക് യാതൊരു എതിര് അഭിപ്രായവും ഉണ്ടായില്ല. കല്യാണ ദിവസത്തെ മേക്കപ്പ് ഞാന്‍ തന്നെ ചെയ്യണം എന്നാണ് എന്നോട് പറഞ്ഞത്.'
'ആ ദിവസം അവള്‍ക്ക് മേക്കപ്പ് ചെയ്യാനും അവളെ അനുഗ്രഹിക്കാന്‍ കഴിഞ്ഞതും എന്റെ ഭാഗ്യമാണെന്ന് കരുതുന്നുവെന്നും', ഭാവനയുമായുള്ള സൗഹൃദത്തെ കുറിച്ച് സംസാരിച്ച് രഞ്ജു പറഞ്ഞു. ഭാവനയുടെ ബ്രൈഡൽ ലുക്ക് ഏറെ പ്രശംസ നേടിയ ഒന്നായിരുന്നു.


Click it and Unblock the Notifications