'ശീതൾ നിങ്ങൾക്ക് ശോഭനയെപ്പോലെയായിരിക്കും ഞങ്ങൾക്കല്ല...'; ശോഭന-ശീതൾ വിഷയത്തിൽ നിലപാട് വ്യക്തമാക്കി സീമ വിനീത്!
മലയാളത്തിന്റേത് എന്നല്ല ഇന്ത്യന്‍ സിനിമയുടെ തന്നെ സ്വകാര്യ അഹങ്കാരമാണ് നടി ശോഭന. ഏത് ഭാഷയിലാണെങ്കിലും ഏത് കഥാപാത്രമാണെങ്കിലും വെള്ളം പോലെ മാറാന്‍ കഴിയുന്ന അഭിനേത്രി എന്നാണ് ആരാധകർ ശോഭനയെ വിശേഷിപ്പിക്കാറുള്ളത്. നടപ്പിലും എടുപ്പിലും അഭിനയത്തിലും മാത്രമല്ല സൗന്ദര്യത്തിലും സോ കോള്‍ഡ് നായിക സങ്കല്‍പങ്ങളെ പരിപൂര്‍ണമാക്കുന്ന അഭിനേത്രിയാണ് ശോഭന. ശോഭനയെപ്പോലെ മറ്റൊരു നടിയുണ്ടോയെന്ന് ചോദിച്ചാല്‍ ഇല്ലെന്ന് തന്നെയാണ് ഉത്തരം.
ശോഭന മലയാള സിനിമയിൽ സജീവമായി നിൽക്കുന്നത് കാണാനാണ് സിനിമാപ്രേമികൾക്കും ഇഷ്ടം. എന്നാൽ കഴിഞ്ഞ ദിവസം മുതൽ ശോഭന ട്രോളുകളിൽ നിറയുകയാണ്. കുറച്ച് ദിവസം മുമ്പ് തൃശൂരിൽ നടന്ന ബിജെപിയുടെ മഹിളാ സമ്മേളനത്തിൽ ശോഭനയും പങ്കാളിയായിരുന്നു. പ്രധാനമന്ത്രിയുടെ പരിപാടിയിൽ പങ്കെടുത്ത് ബിജെപിയുടെ സ്ത്രീ ശക്തി മോദിക്കൊപ്പം പരിപാടി അങ്ങേയറ്റം അഭിമാനത്തോടെ ഓരോ സ്ത്രീയും നോക്കിക്കാണുമെന്ന് ശോഭന പ്രസംഗിക്കുകയും ചെയ്തിരുന്നു.

ശോഭനയുടെ വീഡിയോ വൈറലായതോടെ നിരവധി പേർ നടിയെ വിമർശിച്ചും അനുകൂലിച്ചും എത്തിയിരുന്നു. അക്കൂട്ടത്തിൽ ട്രാന്‍സ്‌ജെഡര്‍ ആക്ടിവിസ്റ്റായ ശീതള്‍ ശ്യാം പങ്കുവെച്ച സോഷ്യൽമീഡിയ പോസ്റ്റ് വലിയ രീതിയിൽ വൈറലായിരുന്നു. ഒരാളും എന്നെ ഇനി കാണുമ്പോള്‍ ശോഭനയെ പോലെയുണ്ട് കാണാനെന്ന് പറയരുത് എന്നായിരുന്നു ശീതളിന്റെ പോസ്റ്റ്.
കുറിപ്പ് വൈറലായതോടെ വലിയ തരത്തിലുള്ള സൈബര്‍ ആക്രമണമാണ് ശീതളിന് നേരെ ഉണ്ടായത്. ഇപ്പോഴിതാ ശീതൾ-ശോഭന വിഷയത്തിൽ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത് തന്റെ നിലപാട് വ്യക്തമാക്കി എത്തിയിരിക്കുകയാണ്. സീമ വിനീതിന്റെ കുറിപ്പിലൂടെ തുടർന്ന് വായിക്കാം... 'മുഖ്യമന്ത്രിയുടെ പരിപാടിയിൽ പങ്കെടുത്തപ്പോൾ ആഹാ... പ്രധാനമന്ത്രിയുടെ പരുപാടിയിൽ പങ്കെടുത്തപ്പോൾ ഓഹോ... അയ്യയ്യോ...'
'ഇതാണ് ഇവരൊക്കെ വാതോരാതെ പ്രസംഗിക്കുന്ന നേടിയെടുക്കാൻ ശ്രമിക്കുന്ന വ്യക്തി സ്വാതന്ത്ര്യം..?. തികച്ചും ബഹുമാനത്തൊടെ പറയട്ടെ ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. അതുകൊണ്ട് തന്നെ മിക്കവാറും ജനങ്ങൾക്കും ഒരു രാഷ്ട്രീയ പാർട്ടിയുടെ ചായ്വുണ്ടാകും. ശീതൾ ഉറപ്പാണ് എൽഡിഎഫ് എന്ന പ്രൊഫൈലിൽ ഇട്ടതുപൊലെ മറ്റൊരു പാർട്ടിയുടെ ആശയത്തെ ഇഷ്ടപ്പെടാത്തതുപോലെ ഒരു സ്വാതന്ത്ര്യം ശോഭനയ്ക്കുമുണ്ടാകില്ലേ... അഭിപ്രായം പറയാൻ കഴിയില്ലേ?.'
'എന്നെ ഇനി ശോഭനയെപ്പോലെയാണെന്ന് പറയേണ്ടായെന്ന് പറയുന്ന വ്യക്തി അതിൽ തന്നെ അവർക്ക് അവരുടെ വ്യക്തിത്വത്തിലൊ സ്വത്വത്തിലെ വിശ്വാസമില്ല താൽപ്പര്യമില്ല ഇന്ത്യയിൽ പലരീതിയിലുള്ള വ്യത്യസ്ത സ്വഭാവമുള്ള ജനങ്ങളാണ്. എല്ലാവരും ക്രിമിനലുകളല്ല. എല്ലാവരെയും നന്നാക്കാനും കഴിയില്ല.'

'കുഞ്ഞുണ്ണി മാഷ് പറഞ്ഞതുപോലെ ഈ വലിയ ലോകം നന്നാവാൻ ചെറിയ ഒരു എളുപ്പവഴി സ്വയം നന്നാവുക എന്നതാണ്. നിങ്ങൾക്ക് മണിപ്പൂരാണോ പ്രശ്നം... കേരളത്തിൽ വണ്ടിപ്പെരിയാറിലെ ഒരു പെൺകുഞ്ഞിനെ പീഡിപ്പിച്ച് തൂക്കി കൊന്നത് പുരോഗമനമായാണോ കാണുന്നത്..? വാളയാറിലെ രണ്ട് പെൺകുഞ്ഞുങ്ങളെ മൃഗീയമായി പീഡിപ്പിച്ച് കൊന്നത് പുരോഗമന പ്രവർത്തനമാണെന്നാണോ പറയുന്നത്..? പിന്നെ കർഷകർ കടക്കെണിയിൽ ദിനവും ആത്മഹത്യ ചെയ്യുന്നു.'
'ഇന്നും കണ്ണൂരിൽ ജോസെന്ന് പേരുള്ള കർഷകൻ ആത്മഹത്യ ചെയ്തു. എന്താ ഇതാണോ തൊഴിലാളി പാർട്ടിയുടെ കർഷകരോടുള്ള ആത്മാർത്ഥത..? ഇനി ദളിതരോടുള്ള സ്നേഹത്തിന്റെ മുഖം മായാതെ കിടക്കുകയാണ് മധുവിന്റെ മുഖം.'
'പിന്നെ നിറത്തിന്റെ കാര്യത്തിൽ സൗന്ദര്യത്തിന്റെ കാര്യത്തിൽ കേരളത്തിലെ പ്രബുദ്ധർ കളിയാക്കുന്നിടത്തോളം വരില്ല ഒന്നും. സൂര്യനെല്ലിയും കവിയൂരും ഒക്കെ പിറവിയെടുത്തത് കേരളത്തിലാണ്.'
'എന്നിട്ടും ശോഭന കേരളീയ സദസിൽ വരികയും പങ്കെടുക്കുകയും ചെയ്തില്ലേ...? ആരും അവരെ വിമർശിച്ചില്ലല്ലോ...? ശീതളിനാവാം ശോഭനയ്ക്ക് പാടില്ല എന്നിടത്താണ് അഭിപ്രായവ്യത്യാസം ഉണ്ടാവുന്നത്. ശീതൾ നിങ്ങൾക്ക് ശോഭനയെ പോലെ ആയിരിക്കും ഞങ്ങൾക്കല്ല...', എന്നായിരുന്നു സീമയുടെ കുറിപ്പ്.


Click it and Unblock the Notifications











