'രാജകുമാരിയെ പോലെ ഒരുക്കി നടത്താൻ ഒരു പെൺകുട്ടിയേയല്ല പൊൻകുട്ടിയെ കിട്ടി, അച്ഛന്റെ മോൾ'; വികാസ് പറയുന്നു!
സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റാണ് വികാസ് വികെ. നിരവധി താരങ്ങളുടെ മംഗല്യത്തിന് അവരെ അണിയിച്ചൊരുക്കി സുന്ദരിക്കുട്ടികളാക്കിയത് വികാസായിരുന്നു. ഏറ്റവും അവസാനം നടി കാർത്തിക നായരെ അതീവ സുന്ദരിയാക്കി വിവാഹ പന്തലിലേക്ക് എത്തിച്ചതിന്റെ പേരിലും വികാസ് വാർത്തകളിൽ നിറഞ്ഞിരുന്നു. സ്വന്തം വധുവിന് മേക്കപ്പ് ഇട്ടും വാർത്തകളിൽ നിറഞ്ഞിട്ടുണ്ട് വികാസ്. ആദ്യത്തെ കണ്മണിക്കായി കാത്തിരിപ്പിലായിരുന്നു വികാസും ഭാര്യയും. അടുത്തിടെയായിരുന്നു വയറ്റ് പൊങ്കാലയും വളൈകാപ്പുമെല്ലാം നടന്നത്.
വികാസ് തന്നെയാണ് വളൈകാപ്പിനായി ഭാര്യയെ ഒരുക്കിയിരുന്നത്. ഇപ്പോഴിതാ ആദ്യത്തെ കൺമണി പിറന്നതിന്റെ വിശദമായ വീഡിയോ സ്വന്തം യുട്യൂബ് ചാനലിലൂടെ പങ്കിട്ട് എത്തിയിരിക്കുകയാണ് വികാസ്. കുഞ്ഞിനെ കയ്യിൽ ഏറ്റുവാങ്ങുന്നത് വരെയുള്ള എല്ലാ നിമിഷങ്ങളുടെയും വീഡിയോ വികാസ് പകർത്തി പങ്കുവെച്ചിട്ടുണ്ട്.

ഒരു പെൺകുഞ്ഞ് പിറന്ന് കാണാനായിരുന്നു വികാസ് ആഗ്രഹിച്ചത്. അതുപോലെ തന്നെ സംഭവിച്ചു. വികാസിന് പെൺകുഞ്ഞാണ് പിറന്നത്. നാരായണിയെന്ന പേരാണ് കുഞ്ഞിന് വികാസ് ഇട്ടത്. പെൺകുഞ്ഞാണെങ്കിൽ ഇടാനായി വളരെ നേരത്തെ പേര് അടക്കം വികാസ് കണ്ടെത്തി വെച്ചിരുന്നു. ഏറെ കോംപ്ലിക്കേഷനുള്ള പ്രഗ്നൻസിയായിരുന്നു വികാസിന്റെ ഭാര്യയുടേത്.
അതുകൊണ്ട് തന്നെ ഗർഭകാലത്തിന്റെ മുക്കാൽ സമയവും ഷെറിൽ ബെഡ് റെസ്റ്റിലായിരുന്നു. 'ഷെറിലിന് സെർവിക്കൽ ഇൻ കോമ്പിറ്റെൻസി എന്ന ഒരു അവസ്ഥയാണ്. ഷെറിലിന്റെ ഗർഭപാത്രത്തിന് ഒട്ടും കട്ടിയില്ല. അതുകൊണ്ട് തന്നെ അബോർഷനാകാനുള്ള സാധ്യതയും കൂടുതലാണ്. നമ്മൾ അതിലൂടെ കടന്നുവന്നവരുമാണ്. അതിന്റെ വിഷമങ്ങൾ കഴിഞ്ഞാണ് ഞങ്ങൾക്ക് ഈ കുഞ്ഞിനെ കിട്ടിയത്.'
'ഇനി മിസ് ക്യാര്യേജ് ഒന്നും ആകാതെ ഇരിക്കാൻ നമ്മൾ യൂട്രസിൽ സ്റ്റിച്ച് ഇട്ടിരിക്കുകയാണ്. അതുകൊണ്ടാണ് നമ്മൾ ഇത്രയും ശ്രദ്ധിക്കുന്നത്. മൂന്നാം മാസം മുതൽ നമ്മൾ സ്റ്റിച്ച് ഇട്ടിരിക്കുകയാണ്. അഞ്ചുമാസം ഉള്ളപ്പോഴും സ്റ്റിച്ച് ഇടാറുണ്ട്. എങ്കിലും ചില കേസുകളിൽ മിസ്‌കാര്യേജിനുള്ള സാധ്യത കൂടുതലാണ്. മുമ്പ് അനുഭവങ്ങൾ ഉണ്ടായതുകൊണ്ടുതന്നെ മൂന്നാം മാസത്തിൽ നമ്മൾ സ്റ്റിച്ച് ഇട്ടിട്ട് റെസ്റ്റ് എടുത്തുതുടങ്ങിയതാണ്', എന്നാണ് ഭാര്യയുടെ ഗർഭകാലത്തെ ബുദ്ധിമുട്ടുകളെ കുറിച്ച് വിവരിച്ച് വികാസ് പറഞ്ഞത്.
ഷെറിലിനെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ മുതൽ വികാസ് ഒപ്പമുണ്ട്. നടി ദുർഗ കൃഷ്ണ അടക്കമുള്ള സുഹൃത്തുക്കളും വികാസിന് ധൈര്യം പകർന്ന് ആശുപത്രിയിൽ ഉണ്ടായിരുന്നു. ഞങ്ങൾ ഒരു നോർമൽ ചെക്കപ്പിന് ഹോസ്പിറ്റലിൽ പോയതാണ്.

ബിപി വേരിയേഷൻ ഉള്ളത് കൊണ്ട് ഷെറിനെ അവിടെ അഡ്മിറ്റ് ചെയ്തു. ബിപി ലോ ആവുന്നതിന് വേണ്ടി അഡ്മിറ്റ് ചെയ്തതാണ്. എനിക്ക് തിരുവനന്തപുരത്ത് ഒരു ബ്രൈഡൽ വർക്ക് ഉള്ളതുകൊണ്ട് ഞാൻ പോയി. ഞാൻ രാത്രിയാണ് പോയത്. രാവിലെ ആയപ്പോൾ ഡോക്ടർ ഇന്ന് തന്നെ സിസേറിയൻ ചെയ്യണമെന്ന് പറഞ്ഞു. അതുകൊണ്ട് അങ്ങോട്ട് പോയികൊണ്ടിരിക്കുകയാണ് എന്ന് പറഞ്ഞിട്ടാണ് വികാസ് വീഡിയോ തുടങ്ങുന്നത്.
കാത്തിരുന്ന കൺമണിയെ കയ്യിൽ വാങ്ങിയപ്പോൾ അതിരില്ലാത്ത സന്തോഷമായിരുന്നു വികാസിന്റെ മുഖത്ത്. നിരവധി പേരാണ് വികാസിനും കുടുംബത്തിനും ആശംസകൾ നേർന്ന് എത്തിയത്. രാജകുമാരിയെ പോലെ ഒരുക്കി നടത്താൻ ഒരു പെൺകുട്ടിയല്ല പൊൻകുട്ടിയെ കിട്ടിയ അച്ഛനും അമ്മക്കും ഒരായിരം ആശംസകൾ.
ഒരുപാട് പെൺകുട്ടികളെ സുന്ദരികളാക്കിയ പ്രിയ സഹോദരന് ഈശ്വരൻ അറിഞ്ഞ് തന്നതാണ് ഈ പൊന്നുമോളെ... പൊന്നുമോൾക്ക് ആയുരാരോഗ്യസൗഖ്യ സമ്പൽസമൃദ്ധി നൽകി ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ, അച്ഛന്റെ മോളേ എന്നുള്ള വിളി ഒരു ജന്മം മുഴുവൻ ഉണ്ടായിരിക്കട്ടെ, ഒരച്ഛന്റെ സന്തോഷം ഭാഗ്യം ചെയ്ത മോള്. ദൈവം എല്ലാ നന്മകളും തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു എന്നിങ്ങനെയെല്ലാമാണ് കമന്റുകൾ.


Click it and Unblock the Notifications