'ഇവിടുത്തെ സെറ്റപ്പ് കണ്ട് അവർക്ക് എന്ത് തോന്നുമെന്നായിരുന്നു ചിന്ത, പക്ഷെ കത്രീന ആരെയും മുഷിപ്പിച്ചില്ല'

മമ്മൂട്ടി ഇരട്ട വേഷത്തിലെത്തിയ സിനിമയാണ് ബല്‍റാം വേഴ്‌സസ് താരാദാസ്. അതിരാത്രം എന്ന സിനിമയിലെ കള്ളക്കടത്തുകാരന്‍ താരാദാസിനേയും ആവനാഴിയിലേയും ഇന്‍സ്‌പെക്ടര്‍ ബല്‍റാമിലേയും പൊലീസ് ഉദ്യോഗസ്ഥന്‍ ബല്‍റാമിനേയും ഒരേസമയം അവതരിപ്പിക്കുകയാണ് ഐ.വി ശശി ബല്‍റാം വേഴ്‌സസ് താരാദാസ് എന്ന സിനിമയിലൂടെ ചെയ്തത്. 2006 ഏപ്രില്‍ 28 നാണ് ബല്‍റാം വേഴ്‌സസ് താരാദാസ് റിലീസ് ചെയ്തത്. സിനിമ തിയേറ്ററുകളില്‍ വന്‍ പരാജയമായിരുന്നു. കത്രീന കൈഫ് മമ്മൂട്ടിയുടെ നായികയായി എത്തിയിട്ടും ബല്‍റാം വേഴ്‌സസ് തരാദാസിന് പിടിച്ചുനില്‍ക്കാനായില്ല.

ഐ.വി ശശിയാണ് ബല്‍റാം വേഴ്‌സസ് താരാദാസ് സംവിധാനം ചെയ്തത്. ടി.ദാമോദരനും എസ്.എന്‍ സ്വാമിയും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ പൂര്‍ത്തിയായത്. ടി.ദാമോദരന്‍ മാഷിന്റെ തിരക്കഥ അതേപടി ചെയ്തിരുന്നെങ്കില്‍ പടം സൂപ്പര്‍ഹിറ്റ് ആകുമായിരുന്നു എന്നാണ് ഐ.വി ശശി വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

Katrina Kaif

ദാമോദരന്‍ മാഷ് ആദ്യം കൊണ്ടുവന്ന തിരക്കഥ അത്ര കരുത്തുറ്റതായിരുന്നെന്നും അത് ചെയ്തിരുന്നെങ്കില്‍ ഉറപ്പായും സിനിമ വിജയിക്കുകമായിരുന്നുമെന്നും ശശി പറഞ്ഞിരുന്നു. ബോളിവുഡ് സുന്ദരി ഐശ്വര്യ റായ് മുതൽ ജൂഹി ചൗള വരെ മമ്മൂട്ടിയുടെ നായികയാകാൻ ബോളിവുഡിൽ നിന്നും എത്തിയിട്ടുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ആഘോഷിച്ചത് കത്രീന കൈഫ് മമ്മൂട്ടിയുടെ നായികയായി എത്തിയപ്പോഴായിരുന്നു.

കത്രീനയുടെ ആദ്യ മലയാള സിനിമയായിരുന്നു ബൽറാം വേഴ്സസ് താരദാസ്. ചിത്രത്തിലെ മമ്മൂട്ടിയുടെയും കത്രീനയുടെയും റൊമാന്റിക് സോങിന് ഇന്നും ആരാധകരുണ്ട്. എന്നാൽ ബോളിവുഡ് നടിമാർക്കുള്ള തലക്കനമൊന്നും മലയാള സിനിമയിൽ അഭിനയിക്കാൻ വന്നപ്പോൾ കത്രീനയ്ക്കുണ്ടായിരുന്നില്ലെന്ന് പറയുകയാണ് സെലിബ്രിറ്റി ഫോട്ടോ​ഗ്രാഫർ വി.പി പ്രവീൺ കുമാർ.

മാതൃഭൂമിയുടെ ചിത്രഭൂമിക്ക് വേണ്ടി ബൽറാം വേഴ്സസ് താരദാസ് സിനിമയുടെ ലൊക്കേഷനിൽ പോയി നായിക കത്രീനയുടെ ചിത്രങ്ങൾ പകർത്തിയത് പ്രവീൺ കുമാർ ആയിരുന്നു. ​ഗൃഹലക്ഷ്മിയിലാണ് കത്രീനയോടൊപ്പമുള്ള ഫോട്ടോഷൂട്ട് അനുഭവം പ്രവീൺ കുമാർ പങ്കുവെച്ചത്. 'തലശ്ശേരിയായിരുന്നു പ്രധാന ലൊക്കേഷന്‍. സിനിമയെക്കുറിച്ച് ജനങ്ങളുടെ പ്രതീക്ഷ വളരെ വലുതായിരുന്നു.'

'ഐ.വി ശശി- ടി.ദാമോദരന്‍ കൂടുകെട്ടിലുള്ള പടം. മമ്മൂട്ടിയാണ് നായകന്‍. അന്ന് ബോളിവുഡില്‍ വന്‍ താരമൂല്യമുള്ള മുന്‍നിര നടി കത്രീന കൈഫ് നായിക. കൂടാതെ മലയാളത്തിലെ താരമൂല്യമുള്ള അഭിനേതാക്കളുടെ നിര വേറെയും. ലിബര്‍ട്ടി ബഷീറാണ് നിര്‍മാതാവ്. അന്നത്തെക്കാലത്ത് കണ്ണൂര്‍ ഭാഗത്ത് സിനിമാ ലൊക്കേഷന്‍ വിരളമാണ്.'

Katrina Kaif

'കത്രീന കൈഫും മമ്മൂക്കയും ആയതുകൊണ്ട് ഒരു വിധം മാധ്യമങ്ങളെല്ലാം അവിടെത്തും. അതുകൊണ്ടുതന്നെ ആദ്യ ഫോട്ടോ ചിത്രഭൂമിക്കെന്ന് മനസില്‍ പറഞ്ഞിരുന്നു. ഹിന്ദിയില്‍ നമ്പര്‍ വണ്ണായി തിളങ്ങുന്ന കത്രീന കൈഫിന്റെ പെരുമാറ്റം എങ്ങനെയാവുമെന്ന് ആദ്യമെല്ലാം ആശങ്കയായിരുന്നു.'

'അവരെ സംബന്ധിച്ച് ഇത് വലിയ കപ്പലില്‍ നിന്നിറങ്ങി ചെറിയ ബോട്ടില്‍ കേറിയ പോലുള്ള അവസ്ഥയാണ്. ബോളിവുഡിലെ പ്രശസ്ത സെലിബ്രിട്ടി ഫോട്ടോഗ്രാഫര്‍മാര്‍ക്ക് മുന്നില്‍ പോസ് ചെയ്ത് ശീലമുള്ള കത്രീന നമുക്കുവേണ്ടി പോസ് ചെയ്യുമോ അതിന് സമ്മതിക്കുമോ തുടങ്ങിയ കുറെയധികം ചോദ്യങ്ങള്‍ മനസില്‍ വന്നു. ചിത്രഭൂമിക്ക് വേണ്ടി ഫോട്ടോ എടുത്തെ മതിയാവൂതാനും. നായകന്‍ മമ്മൂക്കയാണെന്നതായിരുന്നു സമാധാനം.'

'ലൊക്കേഷനില്‍ എത്തി. അവിടെ ഷൂട്ടിങ്ങ് നടന്നുകൊണ്ടിരിക്കുന്നു. പതിവുപോലെ ഫോട്ടോ എടുക്കുന്നുണ്ട്. വലിയ താരങ്ങളുടെ ഫോട്ടോ എടുക്കണമെങ്കില്‍ മാനേജരോട് ചോദിക്കണം. പക്ഷെ ഞാന്‍ രണ്ടും കല്‍പിച്ച് നേരിട്ട് കത്രീനയോട് ചോദിച്ചു. ഷൂട്ടിങ് ഇല്ലാത്തപ്പോള്‍ ഫോട്ടോ എടുക്കാന്‍ അവര്‍ സമ്മതിച്ചു. ഭാഷ ഹിന്ദിയായതുകൊണ്ട് അതിന്റെ ബുദ്ധിമുട്ട് ഒഴിച്ചാല്‍ താരത്തിന് വളരെ നല്ല സൗമ്യമായ പെരുമാറ്റമായിരുന്നു.'

'ഫോട്ടോ എടുക്കാന്‍ മുകളില്‍ ലൈറ്റപ്പ് ഒക്കെ ചെയ്തു റെഡിയായി നിന്നു. എപ്പോഴാണ് ഫോട്ടോ എടുക്കാന്‍ പറ്റുകയെന്ന് അറിയില്ലല്ലോ. താഴെ ഔട്ട്‌ഡോര്‍ ഷൂട്ടിങ്ങ് നടക്കുന്നു. വൈകുന്നേരമായി. ഇടയ്ക്ക് ഒരു ചെറിയ സമയം കിട്ടിയപ്പോള്‍ അവരുടെ അടുത്തുചെന്ന് നിന്നു. അപ്പോഴേക്കും പല മീഡിയക്കാരും ഫോട്ടോ എടുക്കാന്‍ റെഡിയായി നില്‍ക്കുന്നുണ്ടായിരുന്നു.'

'ചോദിച്ചപ്പോള്‍ ഒരു മടിയുംകൂടാതെ ഫോട്ടോ എടുക്കാന്‍ തയ്യാറായി കത്രീന വന്നു. അന്ന് ഔഡോര്‍ ഫോട്ടോ എടുക്കാന്‍ മെയിന്‍ ലൈറ്റ് തെര്‍മോക്കോള്‍ റിഫ്ലക്ട് ചെയ്യുകയാണ് പതിവ്. അതൊക്കെക്കണ്ട് അവര്‍ എന്ത് വിചാരിച്ചുവെന്ന് അറിയില്ല. അവിടെയൊക്കെ വന്‍ സെറ്റപ്പില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ആളാണല്ലോ. സമയം ഏഴുമണിയായി. മറ്റുള്ള ഫോട്ടോഗ്രാഫേഴ്‌സിനും ഫോട്ടോ എടുക്കണം. ഷൂട്ടിങ് നീളുമെന്ന് ഉറപ്പായി.'

'ഇന്നിനി രക്ഷയില്ലെന്ന് എല്ലാവരും പറഞ്ഞു. പക്ഷെ അവര്‍ ഓരോ ഷൂട്ടിങ്ങ് ഇടവേളയിലും ഓരോരുത്തര്‍ക്കും വേണ്ടി പോസ് ചെയ്തു. ഞാന്‍ വീണ്ടും കുറച്ച് ഫോട്ടോ കൂടി എടുത്തു. ഷൂട്ട് കഴിയുമ്പോള്‍ 11 മണിയായി. എന്നാലും കത്രീന ആരെയും മുഷിപ്പിച്ചില്ല. മുഴുവന്‍ ആളുകള്‍ക്കും ഫോട്ടോ നല്‍കിയിട്ടെ അവര്‍ മടങ്ങിയുള്ളൂ', എന്നാണ് കത്രീനയ്ക്കൊപ്പമുള്ള അനുഭവം വെളിപ്പെടുത്തി വി.പി പ്രവീൺ കുമാർ പറഞ്ഞത്. വിക്കി കൗശലിനെ വിവാ​ഹം ചെയ്തതോടെ ബോളിവുഡിന്റെ മരുമകളാണ് ഇപ്പോൾ കത്രീന.

Read more about: katrina kaif
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X