'അത് ഇന്ന് എനിക്ക് കാണാനാവില്ല... അത്രയ്ക്കും ബോറായാണ് ഞാന്‍ അത് ചെയ്തുവെച്ചിരിക്കുന്നത്'; കുഞ്ചാക്കോ ബോബൻ!
കുടുംബ പ്രേക്ഷരുടെ പ്രിയപ്പെട്ട താരം ബേബി ശാലിനിയുടെ തിരിച്ചുവരവ് എന്ന പേരിലാണ് അനിയത്തിപ്രാവ് സിനിമയുടെ പ്രമോഷൻ മുഴുവനും നടന്നത്. ബേബി ശാലിനി നായികയായി മാറിയത് കാണാൻ വേണ്ടിയാണ് അനിയത്തിപ്രാവ് റിലീസ് ചെയ്തപ്പോൾ ഭൂരിഭാഗം സിനിമാപ്രേമികളും തിയേറ്ററുകളിലേക്ക് എത്തിയത്.
ഉദയ കുടുംബത്തിലെ ഏതോ ഒരു പയ്യനാണ് ശാലിനിയുടെ നായകൻ എന്ന് മാത്രമെ സിനിമ റിലീസ് ചെയ്തപ്പോൾ പ്രേക്ഷകർക്ക് അറിയുമായിരുന്നുള്ളു. അങ്ങനെ അനിയത്തിപ്രാവ് റിലീസായി ആദ്യ ദിവസങ്ങളിൽ വലിയ സ്വീകാര്യത ലഭിക്കാതെ തുടങ്ങിയ പടം പെട്ടെന്ന് കേറി ഹിറ്റായി.
ശാലിനിയെ കാണാൻ പോയ ആളുകൾ അതോടൊപ്പം നെഞ്ചിലേറ്റിയത് അതിലെ നായകനെ കൂടി ആയിരുന്നു. പോസ്റ്റർ കണ്ട് സുധീഷിനെ പോലെ ഇരിക്കുന്ന പയ്യൻ എന്ന് പറഞ്ഞ ആളുകൾ കുഞ്ചാക്കോ ബോബൻ എന്ന് മാറ്റി വിളിച്ചു. അങ്ങനെ സുമുഖനും സുന്ദരനും സൂപ്പർ ഡാൻസറുമായ കുഞ്ചാക്കോ ബോബൻ മലയാളികൾക്ക് റൊമാൻസിന്റെ ഒരേ ഒരു പര്യായമായി മാറി.

അക്കാലത്ത് കുഞ്ചാക്കോ ബോബന്റെ ഫോട്ടോ കയ്യിൽ ഇല്ലാത്ത പെൺകുട്ടികൾ ഇല്ലായിരുന്നു. അനിയത്തി പ്രാവ് ഇൻഡസ്ട്രിയൽ ഹിറ്റായി. പിന്നീടങ്ങോട്ട് ചാക്കോച്ചനായി ഒരു ആരാധകവൃന്ദം രൂപം കൊണ്ടു. ഇന്ന് ചാവേർ വരെ എത്തി നിൽക്കുകയാണ് ചാക്കോച്ചന്റെ സിനിമാ ജീവിതം.
വലിയ വിജയങ്ങളും വലിയ പരാജയങ്ങളും സമ്മിശ്രമായി കരിയറിലൂടെ കടന്നുപോയപ്പോൾ ചോക്ലേറ്റ് ഹീറോ ഇമേജ് കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പ് രീതിയിലൂടെ ചാക്കോച്ചൻ മാറ്റിയെടുത്തു. അതുകൊണ്ട് തന്നെ ഇന്ന് അനിയത്തിപ്രാവ് സിനിമ ഒന്ന് കൂടി കാണാനുള്ള താൽപര്യം തനിക്കില്ലെന്നാണ് കുഞ്ചാക്കോ ബോബൻ പറയുന്നത്.
അത്രയ്ക്കും ബോറായാണ് താന്‍ അത് ചെയ്തുവെച്ചിരിക്കുന്നത് എന്നാണ് കാരണം ചോദിച്ചപ്പോൾ താരം പറഞ്ഞത്. ക്ലബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ചാക്കോച്ചന്‍ തന്റെ നായകനായുള്ള അരങ്ങേറ്റത്തിന് കാരണമായ സിനിമയെ കുറിച്ച് സംസാരിച്ചത്. 'അത് ഇന്നെനിക്ക് കാണാനാവില്ല. അത്രയ്ക്കും ബോറായാണ് ഞാന്‍ അത് ചെയ്തുവെച്ചിരിക്കുന്നത്.'
'എന്റെ പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് എനിക്കറിയാം. ആ ഒരു പടത്തിന്റെ മെറിറ്റിലും ക്ലൈമാക്‌സില്‍ വിദ്യാമ്മയും ലളിത ചേച്ചിയും സ്‌കോര്‍ ചെയ്തത് കൊണ്ടുമാണ് അത് അത്രയും നന്നായത്. ഒന്നുകൂടി ചെയ്യാന്‍ പറ്റിയാല്‍ ഉറപ്പായും ചെയ്യും. കസ്തൂരിമാന്‍, അഞ്ചാം പാതിര, ന്നാ താന്‍ കേസ് കൊട് ഇതൊക്കെ എനിക്ക് വീണ്ടും കാണാനിഷ്ടമുള്ള സിനിമകളാണ്.'

'അഭിനയരംഗത്ത് നിന്നും മാറി നിന്ന സമയത്താണ് സിനിമയാണ് എന്റെ കരിയര്‍ എന്ന് മനസിലാക്കിയതും തിരിച്ചുവന്നതെന്നും', കുഞ്ചാക്കോ ബോബൻ പറഞ്ഞു. ന്നാ താന്‍ കേസ് കൊട് സിനിമയ്ക്ക് ശേഷം കുഞ്ചാക്കോ ബോബൻ വ്യത്യസ്തമായ ഗെറ്റപ്പിലെത്തുന്ന സിനിമ കൂടിയാണ് ചാവേർ. തന്റെ രൂപം കണ്ട് താൻ തന്നെ പേടിച്ചുപോയി എന്നാണ് ചാവേർ സിനിമയുടെ ഷൂട്ടിങ് അനുഭവം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ പറഞ്ഞത്.
'പഠിച്ച കാര്യങ്ങള്‍ മാത്രം ഇംപ്ലിമെന്റ് ചെയ്ത് പോവുന്നയാളല്ല പുതിയ കാര്യങ്ങളും പഠിക്കുന്നുണ്ട്. ഇതുവരെ ചെയ്യാത്ത രീതിയിലുള്ള ക്യാരക്ടേഴ്‌സ് ചെയ്യാനാണ് ശ്രമിക്കുന്നത്. ഈ ചിത്രത്തിന് വേണ്ടി പത്ത് കിലോ കൂട്ടി. ഫുഡ് കഴിക്കുമ്പോള്‍ അത് കൂടും ഇത് കൂടുമെന്ന് പറഞ്ഞ് ഭാര്യയ്ക്ക് എന്നെ നിയന്ത്രിക്കാനാവുമായിരുന്നില്ല.'
'ഹോംലി ഫുഡാണ് എനിക്കേറ്റവും പ്രിയപ്പെട്ടത്. ഭക്ഷണം ആസ്വദിച്ച് കഴിക്കുന്ന ആളാണ് ഞാന്‍. ക്യാരക്ടറിന് വേണ്ടിയാണല്ലോ തടി കൂട്ടുന്നത്. കരിയറില്‍ നല്ലൊരു കഥാപാത്രമായി ചാവേറിലെ അശോകന്‍ മാറുമെന്നാണ് പ്രതീക്ഷയെന്നും', താരം പറയുന്നു. ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ചാവേറിൽ അർജുൻ അശോകൻ, സംഗീത തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്.


Click it and Unblock the Notifications