'ടൊവിനോ ജനിച്ചതും എന്റെ അച്ഛൻ കൊല്ലപ്പെട്ടതും ഒരേ ദിവസം, കണ്ടപ്പോൾ കരഞ്ഞുപോയി'; ചാക്കോയുടെ മകൻ

‌37 വർഷങ്ങൾക്കിപ്പുറവും കേരളം ഏറ്റവും കൂടുതൽ ചർച്ച ചെയ്തതും ഇപ്പോൾ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നതുമായ പേരാണ് പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റേത്. രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സേനകളിലൊന്നായ കേരളാ പോലീസിന് ഏറ്റവുമധികം വെല്ലുവിളിയുയർത്തിയ കൊടുംക്രിമിനലാണ് സുകുമാരക്കുറുപ്പ്. ഇന്റർപോളിന്റെയും ഇന്ത്യൻ പോലീസിന്റെയും മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്ള സുകുമാരക്കുറുപ്പ് എന്നും മലയാളികൾക്ക് ചർച്ചാ വിഷയമാണ്. ​ദുൽഖർ സൽമാൻ നായകനായി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത കുറുപ്പ് എന്ന സിനിമ പ്രഖ്യാപിച്ചതോടെയാണ് വീണ്ടും സുകുമാരക്കുറുപ്പും ചാക്കോ വധക്കേസും ചർച്ചയായത്.

കൊവിഡ് ലോക്ക് ഡൗൺ പ്രതിസന്ധിക്ക് ശേഷം 2021ൽ വീണ്ടും തിയേറ്ററുകൾ തുറന്നപ്പോൾ ആദ്യം പ്രദർശനത്തിനെത്തിയ സിനിമ കുറുപ്പായിരുന്നു. ദുൽഖറിന്റെ കരിയറിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട സിനിമ കൂടിയായിരുന്നു കുറുപ്പ്. സുകുമാര കുറുപ്പിന്റെ ജീവിതം സിനിമയാകുമ്പോൾ അയാളെ മഹത്വവൽക്കരിച്ച് സിനിമ ചെയ്യുമോ എന്നായിരുന്നു കുറുപ്പ് കൊല ചെയ്ത ചാക്കോയുടെ കുടുംബത്തിന്റെ പ്രധാന ഭയം. എന്നാൽ സിനിമ പൂർത്തിയാക്കിയ ശേഷം കുറുപ്പ് ടീം ആദ്യം സിനിമ കാണിച്ചത് കൊല്ലപ്പെട്ട ചാക്കോയുടെ ഭാര്യയേയും മകനേയും ആയിരുന്നു.

കുറുപ്പിൽ ടൊവിനോ ചാക്കോയായപ്പോൾ

സുകുമാര കുറുപ്പായി ദുൽഖർ സൽമാൻ അഭിനയിച്ചപ്പോൾ‌ നടൻ ടൊവിനോ തോമസാണ് ചാക്കോയായി സ്ക്രീനിൽ എത്തിയത്. സിനിമ റിലീസ് ചെയ്യുന്നത് വരെ ടൊവിനോയാണ് ചാക്കോയാകുന്നത് എന്ന വിവരം അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നില്ല. ഇന്ന് ടൊവിനോയുടെ മുപ്പത്തി മൂന്നാം പിറന്നാളാണ്. കേരളത്തിന്റെ സ്വന്തം സൂപ്പർ ഹീറോയായ മിന്നൽ മുരളിയെ ആശംസകൾ കൊണ്ട് മൂടുകയാണ് ആരാധകരും സഹപ്രവർത്തകരുമെല്ലാം. ടൊവിനോയുടെ സിനിമാ ജീവിത്തിലെ ഏറ്റവും വലിയ വിജയം നേടിയ സിനിമയാണ് ഇന്ന് മിന്നൽ മുരളി. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത സിനിമ നെറ്റ്ഫ്ലിക്സിൽ‌ ഏറ്റവും കൂടുതൽ സമയം സ്ട്രീം ചെയ്ത സിനിമയായി മാറി കഴിഞ്ഞു. ബേസിൽ ജോസഫാണ് മിന്നൽ‌ മുരളി സംവിധാനം ചെയ്തത്.

ചാക്കോയുടെ മരണ തിയ്യതി‌യും ടൊവിനോയും തമ്മിലുള്ള ബന്ധം

വർഷങ്ങൾ നീണ്ട പ്രയത്നത്തിനൊടുവിലാണ് പാൻ‌ ഇന്ത്യൻ സിനിമയായി മിന്നൽ മുരളി ബേസിൽ ജോസഫും സംഘവും പ്രേക്ഷകരിലേക്ക് എത്തിച്ചത്. മിന്നൽ മുരളിയെ പിറന്നാൾ ആശംസകൾ കൊണ്ട് ആരാധകർ മൂടുമ്പോൾ വ്യത്യസ്തമായ ഒരു പിറന്നാൾ ആശംസ ടൊവിനോ തോമസിനെ തേടി എത്തിയിരിക്കുകയാണ്. സുകുമാര കുറുപ്പ് കൊല ചെയ്ത ചാക്കോയുടെ മകന‍് ജിതിൻ ചാക്കോയാണ് ഹൃദയസ്പർശിയായ വാക്കുകളിലൂടെ ടൊവിനോയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നത്. ചാക്കോ കൊല്ലപ്പെട്ട് അഞ്ച് വർഷങ്ങൾക്ക് ശേഷം ജനുവരി 21ന് തന്നെയാണ് ടൊവിനോ ജനിച്ചത്. വർഷങ്ങൾക്കിപ്പുറം ചാക്കോയുടെ വേഷം ചെയ്യാൻ ടൊവിനോ തെരഞ്ഞെടുക്കപ്പെട്ടത് അദ്ഭുതം തന്നെയാണെന്നാണ് ചാക്കോയുടെ മകൻ ജിതിൻ മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

ചാക്കോയുടെ മരണം ഉൾക്കൊള്ളാനാവാത്ത കുടുംബം

'എന്റെ അച്ഛന്റെ മുപ്പത്തിയെട്ടാമത്തെ ചരമവാർഷികമാണ് ഇന്ന്. ജനുവരി 21 എന്ന ദിവസം ഓർക്കാതെ ഒരു വർഷവും കടന്നുപോയിട്ടില്ല. ജനുവരി 21ന് ഞങ്ങൾ പള്ളിയിൽ പോയി അച്ഛന്റെ ആത്മാവിന് വേണ്ടി പ്രാർഥിക്കാറുണ്ട്. ആ ഒരു ദിവസം വരുമ്പോൾ അമ്മയ്ക്ക് ഇന്നും ഒരു ഞെട്ടലാണ്. പല വിഷമഘട്ടത്തിലും അച്ഛൻ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. എനിക്കിപ്പോ ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. അച്ഛനും മക്കളുമായുള്ള ജീവിതം ഞാനിപ്പോ ആസ്വദിക്കുന്നുണ്ട്. എന്റെ അച്ഛൻ ഒരു നിഷ്കളങ്കനും പാവത്താനുമായിരുന്നു. കുടുംബസ്നേഹി ആയിരുന്നു എന്നൊക്കെയാണ് ബന്ധുക്കൾ പറഞ്ഞ് കേട്ടിട്ടുള്ളത്. ജോലി കഴിഞ്ഞ് ഗർഭിണിയായ ഭാര്യയുടെ അടുത്തേക്ക് ഒരുപാടു പ്രതീക്ഷയോടെ മടങ്ങിവരുന്ന സമയത്താണ് മറ്റൊരാളിന്റെ ദുരാഗ്രഹത്തിന് വേണ്ടി അദ്ദേഹം ബലിയാടായത്. അച്ഛൻ മരിച്ചു എന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ അമ്മയ്ക്ക് ഇന്നും കഴിഞ്ഞിട്ടില്ല.'

ടൊവിനോയെ കണ്ട് കരഞ്ഞു

'കുറുപ്പ് എന്ന സിനിമ കണ്ടപ്പോഴാണ് അന്നത്തെ സംഭവങ്ങളെക്കുറിച്ചുള്ള ധാരണ എനിക്ക് കിട്ടിയത്. സുകുമാരക്കുറുപ്പ് എന്ന ആ മനുഷ്യൻ ചെറുപ്പം മുതൽ തന്നെ ഒരു ക്രൂരനും പണത്തോട് ആർത്തിയുള്ളവനുമായിരുന്നു. ആ സിനിമ കണ്ട് തീർത്തത് എങ്ങനെയെന്ന് എനിക്ക് അറിയില്ല. പല രംഗങ്ങളും കാണുമ്പോൾ കണ്ണ് നിറഞ്ഞുപോയി. എന്റെ ജീവിതം മാറ്റി മറിച്ച സംഭവമാണ് കാണിക്കുന്നത്. എന്റെ അച്ഛൻ വീട്ടിലേക്ക് വരാൻ ബസ് കാത്തുനിൽക്കുന്നതും അവർ പിടിച്ചുകൊണ്ടുപോകുന്നതും ഒക്കെ ഞാൻ ആലോചിച്ച് നോക്കിയിട്ടുണ്ട്. ആ രംഗങ്ങളൊക്കെ സിനിമയിൽ ചിത്രീകരിച്ച് കണ്ടപ്പോൾ എന്തെന്നറിയാത്ത മനോവികാരമായിരുന്നു. അച്ഛനെ കണ്ടിട്ടില്ലാത്ത ഞാൻ ടൊവിനോയെ കണ്ടപ്പോൾ കരഞ്ഞുപോയി. അദ്ദേഹം ആ വേഷം വളരെ നന്നായി കൈകാര്യം ചെയ്തു. അദ്ദേഹത്തെ കണ്ടിട്ട് അച്ഛനെപ്പോലെ തോന്നി എന്ന് എന്റെ ബന്ധുക്കളൊക്കെ പറഞ്ഞു. ഞാൻ വളരെയധികം ആരാധിക്കുന്ന ഒരു താരമാണ് ടൊവിനോ. എന്റെ അച്ഛനായി അഭിനയിച്ച അദ്ദേഹത്തെ ഒന്ന് നേരിൽ കാണാൻ പറ്റിയാൽ നന്നായിരുന്നു എന്ന് എനിക്ക് തോന്നാറുണ്ട്.'

Recommended Video

Nivin Pauly’s ‘Thuramukham’ postponed due to COVID Surge | FilmiBeat Malayalam
ടൊവിനോയോട് എന്നും ബഹുമാനവും സ്നേഹവും

'ആശ്ചര്യം തോന്നിയ കാര്യം ടൊവിനോ ജനിക്കുന്നതിന് കൃത്യം 5 വർഷം മുമ്പ് 1984 ജനുവരി 21നാണ് അച്ഛൻ കൊല്ലപ്പെട്ടത് എന്ന് ടൊവിനോ തന്നെ എഴുതി കണ്ടിരുന്നു. ടൊവിനോ ജനിച്ചതും എന്റെ അച്ഛൻ കൊല്ലപ്പെട്ടതും ഒരേ ദിവസം തന്നെ ജനുവരി 21ന്. വർഷങ്ങൾക്കിപ്പുറം എന്റെ അച്ഛന്റെ കഥ പറയാൻ വിധി ഒരുക്കിവച്ച താരമായിരിക്കണം ടൊവിനോ. എന്റെ അച്ഛനോട് തോന്നുന്ന അതേ ബഹുമാനവും സ്നേഹവും എനിക്കും എന്റെ കുടുംബാംഗങ്ങൾക്കും ടൊവിനോയോടുണ്ട്. ഞങ്ങളുടെ പ്രാർത്ഥന എന്നും അദ്ദേഹത്തോടൊപ്പം ഉണ്ടാകും. അദ്ദേഹത്തിന് ജീവിതവിജയവും ദീർഘായുസും ഉണ്ടാകട്ടെ' ജിതിൻ ചാക്കോ പറയുന്നു.

Read more about: tovino thomas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X