'കാവ്യയെക്കാളും മൊഞ്ച് അശ്വതിക്കാണ്... ഇപ്പോൾ നിങ്ങളും സെലിബ്രിറ്റിയായില്ലേ'; പഴയ ഓർമ ചിത്രവുമായി അശ്വതി!
മലയാളികളുടെ സ്വീകരണമുറിയിലെ പ്രിയ മുഖങ്ങളില്‍ ഒന്നാണ് നടി അശ്വതി ശ്രീകാന്തിന്റേത്. കോമഡി സൂപ്പര്‍ നൈറ്റിലൂടെ മലയാളികള്‍ക്ക് പരിചിതമായ മുഖം. പൊട്ടിച്ചിരിപ്പിക്കുന്ന കൗണ്ടര്‍ അറ്റാക്കുകളിലൂടെ പ്രേക്ഷകരെ ടി.വിക്കുമുന്നില്‍ മണിക്കൂറുകളോളം പിടിച്ചിരുത്തിയ അശ്വതി പിന്നീട് നായിക നായകൻ അടക്കമുള്ള നിരവധി പരിപാടികളുടെയും അവതാരകയായി.
ശേഷം ചക്കപ്പഴം എന്ന ഹാസ്യ പരമ്പരയിൽ പ്രധാനവേഷം ചെയ്തും അശ്വതി കയ്യടി നേടി. ആദ്യ സീരിയൽ അഭിനയത്തിൂടെ മികച്ച നടിക്കുള്ള അംഗീകാരവും അശ്വതിക്ക് ലഭിച്ചിരുന്നു.
സോഷ്യൽമീഡിയയിൽ സജീവമായ അശ്വതിയുടെ കുടുംബവും പ്രേക്ഷകർക്ക് സുപരിചിതമാണ്. പത്മ, കമല എന്നിങ്ങനെ രണ്ട് പെൺകുഞ്ഞുങ്ങളാണ് അശ്വതിക്കുള്ളത്. ഭർത്താവ് ശ്രീകാന്ത് വിദേശത്താണ് ജോലി ചെയ്യുന്നത്. സ്വന്തമായി ഒരു യുട്യൂബ് ചാനലും അശ്വതിക്കുണ്ട്. കാലികപ്രസക്തിയുള്ള വിഷയങ്ങളെ കുറിച്ച് അശ്വതി പങ്കുവെക്കുന്ന വീഡിയോകൾക്കും കുറിപ്പുകൾക്കും മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.

ഇപ്പോഴിതാ അശ്വതി പങ്കുവെച്ചൊരു സോഷ്യൽമീഡിയ പോസ്റ്റാണ് ആരാധക ശ്രദ്ധനേടുന്നത്. വർഷങ്ങൾ പഴക്കമുള്ള ഒരു ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഒരു ഫാൻ മൊമന്റ് എന്ന് വിശേഷിപ്പിക്കാവുന്നതാണ് ചിത്രം. കാരണം കൂട്ടുകാരിക്കൊപ്പം മലയാളത്തിന്റെ പ്രിയ അഭിനേത്രി കാവ്യ മാധവനൊപ്പം നിൽക്കുന്ന ചിത്രമാണ് അശ്വതി സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.
അശ്വതിയുടെ കോളജ് പഠനകാലത്തുള്ളതാണ് ചിത്രമെന്നത് പോസ്റ്റിൽ നിന്നും വ്യക്തം. ഗാലറി തുരന്നപ്പോൾ കണ്ടെത്തിയത് എന്ന തലക്കെട്ടോടെയാണ് ചിത്രം അശ്വതി പങ്കിട്ടിരിക്കുന്നത്.
ഫോട്ടോ വളരെ പെട്ടന്ന് തന്നെ വൈറലായി. അശ്വതിക്കൊപ്പം പഠിച്ചിരുന്നവരും അശ്വതിയുടെ സീനിയേഴ്സായി പഠിച്ചിരുന്നവർ അടക്കം കമന്റുകളുമായി എത്തി. വർഷങ്ങൾക്ക് മുമ്പ് പാലാ അൽഫോൻസ കോളേജിൽ ഇരുവട്ടം മണവാട്ടിയെന്ന സിനിമയുടെ ഷൂട്ട് നടന്നപ്പോൾ പകർത്തിയതാകാം ചിത്രമെന്നാണ് കമന്റുകളിൽ നിന്നും മനസിലാകുന്നത്.
ഇരുവട്ടം മണവാട്ടിയുടെ ഷൂട്ടിങിനായി കാവ്യ പാലയിൽ എത്തിയപ്പോഴുള്ളതാണ് ചിത്രമെന്നും അശ്വതിയുടെ സുഹൃത്തുക്കൾ അടക്കം കമന്റ് ചെയ്തിട്ടുണ്ട് . ഫോട്ടോയിലെ സെലിബ്രിറ്റി കാവ്യ മാധവനെയല്ല ആരാധകർ ശ്രദ്ധിച്ചതും കമന്റ് കുറിച്ചതും അശ്വതിയുടെ പഴയ ലുക്കിനെയായിരുന്നു.

അതുകൊണ്ട് തന്നെ നിരവധി രസകരമായ കമന്റുകളാണ് ഫോട്ടോയ്ക്ക് ലഭിച്ചിരിക്കുന്നത്. കാവ്യയെക്കാളും മൊഞ്ച് അശ്വതിക്കാണ്..., ഇപ്പോൾ നിങ്ങളും സെലിബ്രിറ്റിയായില്ലേ,അച്ചു ചേച്ചി ചെറുപ്പത്തിൽ കാവ്യ ചേച്ചിയുടെ കൂടെ അഭിനയിച്ചിട്ടുണ്ടോ, അശ്വതി വളരെ ക്യൂട്ടാണ് എന്നൊക്കെയാണ് ഏറെയും കമന്റുകൾ.
എഴുത്തിലും താൽപര്യമുള്ളയാളാണ് അശ്വതി ശ്രീകാന്ത്. അതുകൊണ്ട് തന്നെ പാരന്റിങ് അടക്കമുള്ള കാര്യങ്ങളെ കുറിച്ച് അശ്വതി വീഡിയോകൾ പങ്കുവെക്കാറുണ്ട്. അമ്മ, ഭാര്യ റോളുകൾ ജീവിതത്തിൽ മനോഹരമായി ചെയ്തുകൊണ്ട് തന്നെയാണ് അശ്വതി തന്റെ പാഷനും സ്വപനങ്ങളും ഇപ്പോഴും പിന്തുടരുന്നത്. എഴുത്ത് ചെറുപ്പം തൊട്ട് അശ്വതിക്കൊപ്പമുണ്ട്. തൊടുപുഴയിലാണ് അശ്വതി ജനിച്ചത്.
ചെറുപ്പത്തില്‍ താരത്തിന് കൈമുതലായി കിട്ടിയ ഒരു കാര്യം വായനയാണ്. അഭിനയവും പ്രോഗ്രാം അവതരണവും ജീവിക്കാനുള്ള മാര്‍ഗങ്ങളായിട്ടാണ് അശ്വതി കാണുന്നത്. എഴുത്ത് അങ്ങനെയല്ല. ആദ്യ പുസ്തകമായ 'ഠ'യില്ലാത്ത മുട്ടായികള്‍' പലകാലത്തെ ഓര്‍മകള്‍ നിറഞ്ഞ കഥകളായിരുന്നുവെന്ന് അശ്വതി തന്നെ മുമ്പ് പറഞ്ഞിട്ടുണ്ട്.
അഭിനയത്തിലേക്കും ലൈഫ് കോച്ചിങിലേക്കും കടന്നതിനെ കുറിച്ചും അശ്വതി മുമ്പ് സംസാരിച്ചിട്ടുണ്ട്. 'കോവിഡ് സമയത്താണ് അഭിനയത്തിലേക്ക് കടന്നത്. ഇപ്പോള്‍ ലൈഫ് കോച്ചിങ് കരിയറും തുടങ്ങിയിട്ടുണ്ട്. ഇമോഷണല്‍ സപ്പോര്‍ട്ട് ആവശ്യമുള്ള ആളുകളെ കണ്ടെത്തി അവരുടെ മുന്നോട്ടുള്ള ജീവിതത്തിന് കരുത്ത് പകരുകയാണ് ലൈഫ് കോച്ചിങ്ങിലൂടെ.'
'എനിക്ക് കിട്ടിയ അവസരങ്ങളെല്ലാം എന്നെ തേടിവന്നതായിരുന്നു. ഭാഗ്യവശാല്‍ അതെല്ലാം ഭംഗിയായി ചെയ്യാനും സാധിച്ചു. പലപ്പോഴായി പ്രേക്ഷകരില്‍നിന്ന് ലഭിച്ച സ്നേഹം തന്നെയാണ് ഈ യാത്രയില്‍ എന്റെ കരുത്തെന്നാണ്', കലാജീവിതത്തെ കുറിച്ച് അശ്വതി പറഞ്ഞത്.


Click it and Unblock the Notifications