'രണ്ട് വർഷം 20 വർഷമായി തോന്നുന്നു, തനിച്ചാകലിന്റെ വേദന മനസിലാക്കിയ വർഷങ്ങൾ, എന്തൊക്കയോ ചെയ്യണമായിരുന്നു'
പ്രേക്ഷകര്‍ ആസ്വദിച്ച് കാണുന്ന പരിപാടിയാണ് ചക്കപ്പഴം. സ്‌ക്രീനില്‍ വന്ന് നിമിഷനേരം കൊണ്ടാണ് ചക്കപ്പഴം ഹിറ്റായി മാറിയത്. വേറിട്ട അവതരണ രീതിയാണ് ചക്കപ്പഴത്തിന്റെ വിജയത്തിന് പിന്നിലും. ഹാസ്യത്തിന്റെ മേമ്പൊടിയുമായെത്തുന്ന പരമ്പരയിലെ താരങ്ങളും പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്. ലളിതയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് നടി സബീറ്റ ജോര്‍ജ് എത്തിയത്. കുറിക്ക് കൊള്ളുന്ന കൗണ്ടറുകളും പ്രേക്ഷകരെ ചിരിപ്പിക്കുന്ന തമാശകളുമൊക്കെയായി സബീറ്റയുടെ ലളിതയും വളരെ വേഗത്തിൽ പ്രേക്ഷക മനം കവർന്നു.
ചക്കപ്പഴത്തിലൂടെ മിനിസ്ക്രീനിലേക്ക് അരങ്ങേറിയശേഷം സിനിമയിൽ നിന്നും നിരവധി അവസരങ്ങൾ സബീറ്റയ്ക്ക് ലഭിച്ചിരുന്നു. വിദേശത്ത് ജോലി ചെയ്യുന്നതിനിടെയാണ് സബീറ്റയ്ക്ക് സീരിയൽ അവസരം കൈ വന്നത്. ചെറുപ്പം മുതലെ തന്നെ സബീറ്റ പാട്ട് പഠിച്ചിരുന്നു. പാടുമ്പോള്‍ അറിയാതെ തന്നെ ഉള്ളിലൊരു അഭിനേതാവുമുണ്ട്. അത് പുറത്ത് കാണിക്കാന്‍ തനിക്ക് അവസരം കിട്ടുന്നു എന്നേയുള്ളൂ.

ചെറുപ്പം മുതലേ കണ്ണാടിയുടെ മുന്നില്‍ അഭിനയിച്ച് കാണിക്കുന്ന പതിവുണ്ടായിരുന്നുവെന്നും സബീറ്റ പറഞ്ഞിരുന്നു. താരത്തിന്റെ മകൾ ഇപ്പോഴും വിദേശത്താണ് പഠിക്കുന്നത്. സബീറ്റയുടെ എല്ലാമെല്ലാം അച്ഛനും അമ്മയും മകളുമാണ്. അതിൽ അച്ഛനെ രണ്ട് വർഷം മുമ്പ് സബീറ്റയ്ക്ക് നഷ്ടപ്പെട്ടു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സബീറ്റയുടെ പിതാവ് കടനാട് കുഴിക്കാട്ടുചാലില്‍ അഗസ്റ്റ്യന്‍ മരിച്ചത്.
ഇൻസ്റ്റഗ്രാമിലൂടെയാണ് താരം അച്ഛന്റെ വേർപാട് ആരാധകരെ അറിയിച്ചത്. മരിക്കുമ്പോൾ എഴുപത്തിയെട്ട് വയസായിരുന്നു സബീറ്റയുടെ അച്ഛന്റെ പ്രായം. ഇപ്പോഴിതാ പിതാവിന്റെ രണ്ടാം ചരമ വാർഷിക ദിനത്തിൽ സബീറ്റ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധിക്കപ്പെടുന്നത്.
പിതാവ് ഇല്ലാത്ത രണ്ട് വർഷം ഇരുപത് വർഷം പോലെയാണ് തോന്നിയതെന്നാണ് സബീറ്റ പിതാവിനൊപ്പം ആശുപത്രിയിൽ നിന്നും പകർത്തിയ ചിത്രം പങ്കിട്ട് കുറിച്ചത്. 'അച്ഛൻ പോയിട്ട് ഇന്നേക്ക് രണ്ട് വർഷം. തനിച്ചാകലിന്റെ വേദന അച്ഛന്റെ മോൾ മനസിലാക്കിയ നീണ്ട രണ്ട് വർഷങ്ങൾ. എന്തൊക്കയോ കൂടെ ഒരുമിച്ച് ചെയ്യണമായിരുന്നു എന്നൊരു തോന്നൽ ഈ ദിവസങ്ങളിൽ എന്നെ വല്ലാതെ അലട്ടുന്നു ഡാഡി.'
'തലേദിവസം രാത്രി ഞാൻ ഡാഡിയുടെ നെറ്റിയിൽ ഏറ്റവും കൂടുതൽ സമയം ചുംബിച്ചപ്പോൾ ഞങ്ങൾ രണ്ടുപേരും ഞങ്ങളുടെ ഹൃദയത്തിൽ അറിഞ്ഞു. ഇത് ഞങ്ങൾ ജീവനോടെ ഒരുമിച്ച് ചെലവഴിക്കുന്ന അവസാന രാത്രിയായിരിക്കുമെന്ന്. രണ്ട് വർഷം ഇരുപത് വർഷമായി തോന്നുന്നു. അതിനുശേഷം നിങ്ങളുടെ മകൾക്ക് ജീവിതം ഒരിക്കലും സമാനമായിരുന്നില്ല. ഒരിക്കലും ആയിരിക്കില്ല.'

'എല്ലാ ദിവസവും ഞാൻ നിങ്ങളെ വളരെയധികം മിസ് ചെയ്യുന്നു അച്ഛാ...'; എന്നാണ് പിതാവിന്റെ വേർപാടിന്റെ രണ്ടാം വർഷത്തിൽ സബീറ്റ സോഷ്യൽമീഡിയയിൽ കുറിച്ചത്. ഒപ്പം പിതാവിനൊപ്പമുള്ള അവസാന നിമിഷത്തിന്റെ ഫോട്ടോയും സബീറ്റ പങ്കിട്ടു. പകരംവെയ്ക്കാൻ പറ്റാത്ത ഒന്നേ ഉള്ളൂ ഈ ലോകത്ത് അച്ഛൻ, അമ്മ. അവർ ഉള്ളപ്പോൾ വില അറിയില്ല.
ഇല്ലാത്തപ്പോൾ നമ്മൾ ഒരോന്നും മനസിലാക്കുന്നു എന്നെല്ലാമാണ് സബീറ്റയുടെ കുറിപ്പിന് ആരാധകർ കുറിച്ച കമന്റുകൾ. മാക്സ് എന്നൊരു മകൻ കൂടി സബീറ്റയ്ക്കുണ്ടായിരുന്നു. ഭിന്നശേഷിക്കാരനായിരുന്ന മകനെ അകാലത്തിൽ നഷ്ടപ്പെട്ടതിന്റെ വേദന ഇപ്പോഴും സബീറ്റയുടെ ഉള്ളിലുണ്ട്. 'ഡിഫറന്‍ലി ഏബിള്‍ഡായൊരു മകന്‍ എനിക്കുണ്ടായിരുന്നു. അവനെ നോക്കുന്നതിന്റെ ആ സ്ട്രഗിളിലൂടെ കടന്നുപോയ ആളാണ് ഞാന്‍.'
'അങ്ങനെയുള്ള കുട്ടികളുടെ അമ്മമാരെയും കെയര്‍ ടേക്കറോടുമൊക്കെ സംസാരിക്കാറുണ്ട്. എന്റെ മോനൊരു പോരാളിയായിരുന്നു. മോനുണ്ടായ സമയത്ത് അവന്‍ മൂന്ന് ദിവസമെ ജീവിക്കുള്ളൂവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. പക്ഷെ 12 വര്‍ഷം അവന്‍ ജീവിച്ചു. മരിച്ചുപോകുമെന്ന് പറഞ്ഞവരെയെല്ലാം അവന്‍ തോല്‍പ്പിച്ചു.'
'അതെനിക്ക് വലിയൊരു ഇന്‍സ്പിരേഷനാണ്. ചേച്ചിയെക്കൊണ്ട് പറ്റുമോ ബുദ്ധിമുട്ടായിരിക്കുമോ എന്ന് എന്തെങ്കിലും കാര്യത്തില്‍ എന്നോട് ചോദിച്ചാല്‍ ഞാനത് പ്രൂവ് ചെയ്ത് കാണിക്കും. അതെനിക്ക് കിട്ടിയത് മാക്‌സില്‍ നിന്നാണ്', എന്നാണ് മുമ്പൊരിക്കൽ മകനെ കുറിച്ച് ഒരു അഭിമുഖത്തിൽ സബീറ്റ വെളിപ്പെടുത്തിയത്.


Click it and Unblock the Notifications











