ആബുംലൻസ് വിളിക്കുന്നതും ആശുപത്രിയിലാക്കുന്നതും ഞങ്ങളായിരുന്നു; ഇന്ന് മകൾക്ക് പകച്ച് നിൽക്കലില്ല; സബീറ്റ
ഭിന്നശേഷിക്കാരനായ സബീറ്റയുടെ മകൻ കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് മരിച്ചത്.
ചക്കപ്പഴം എന്ന ടെലിവിഷൻ ഷോയിലൂടെ ശ്രദ്ധ നേടിയ നടിയാണ് സബീറ്റ ജോർജ്. കോമഡി പരമ്പര ഹിറ്റായി മുന്നേറവെയാണ് ചില കാരണങ്ങളാൽ സബീറ്റ ഇതിൽ നിന്നും പിൻമാറുന്നത്. സിനിമകളിൽ സജീവമാവുകയാണ് സബീറ്റയിപ്പോൾ.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സന്തോഷം, പ്രണയ വിലാസം എന്നീ രണ്ട് സിനിമകളിലും നടി അഭിനയിച്ചു. അമേരിക്കയിൽ നിന്നും അഭിനയ മോഹവുമായെത്തിയ സബീറ്റയ്ക്ക് അർഹമായ അവസരങ്ങൾ ലഭിച്ച് തുടങ്ങിയെന്നാണ് പ്രേക്ഷകർ പറയുന്നത്.
കരിയറിനപ്പുറത്ത് സബീറ്റയുടെ വ്യക്തി ജീവിതവും ഇടയ്ക്ക് വാർത്തകളിൽ വരാറുണ്ട്. വിവാഹ മോചിതയായ സബീറ്റയ്ക്ക് ഒരു മകളാണുള്ളത്. മകൾ അമേരിക്കയിൽ അച്ഛനൊപ്പമാണ്. ഭിന്നശേഷിക്കാരനായ ഒരു മകനും സബീറ്റയ്ക്ക് ഉണ്ടായിരുന്നു. അഞ്ച് വർഷം മുമ്പാണ് മകൻ മരിച്ചത്. മകന്റെ ചിതാഭസ്മം ഇപ്പോഴും സബീറ്റ സൂക്ഷിച്ച് വെച്ചിട്ടുണ്ട്. മകന്റെ വിയോഗമുണ്ടാക്കിയ ദുഃഖത്തെക്കുറിച്ച് സബീറ്റ നേരത്തെ സംസാരിച്ചിട്ടുണ്ട്.

ഇപ്പോഴിതാ മകളെക്കുറിച്ച് സബീറ്റ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അമേരിക്കയിൽ കഴിയുന്ന മകൾ സാഷ വളരെ പക്വമതിയാണെന്നും അതിന് കാരണമുണ്ടെന്നും സബീറ്റ പറയുന്നു. മൈൽസ്റ്റോൺ മേക്കേർസിനോടാണ് പ്രതികരണം.
'മോളെ ഞാൻ മിസ് ചെയ്യുന്നുണ്ട്. മോൾ എന്നെയും. മകളുടെ ഗ്രേഡിനെ പറ്റി എനിക്കറിയില്ല. അതെന്നെ എക്സൈറ്റ് ചെയ്യിക്കുന്നില്ല. മോളുടെ
ടീച്ചറുമായി ഞാൻ സംസാരിച്ചിരുന്നു. പ്ലേ ഗ്രൗണ്ടിൽ കളിക്കുമ്പോൾ ആർക്കെങ്കിലും പരിക്ക് പറ്റിയാൽ ആദ്യം ഓടുന്നത് സാഷയാണ്. അവൾ പോയി മെഡിസിൻ കൊണ്ട് വരികയോ ഒരു പരിഹാരം കാണുകയോ ചെയ്യും. അവിടെ പകച്ച് നിൽപ്പില്ല'

'ഞാനും അവളും കൂടിയാണ് വയ്യാത്ത എന്റെ മോനെ നോക്കിയത്. ഡിസിഷൻ മേക്കിംഗ് അവൾ കണ്ടു. വേറെ ആരുമില്ല, ഞങ്ങൾ രണ്ട് പേരുമാണല്ലോ. ആംബുലൻസ് വിളിക്കുക, ആശുപത്രിയിൽ കൊണ്ട് പോവുക, ഡയാലിസിസ് ചെയ്യുക. ഉള്ളിലെ ശക്തി പുറത്ത് വരാൻ പിള്ളേർക്ക് ചാൻസ് കൊടുക്കണം'
'ചില റേസിസ്റ്റായ കമന്റുകൾ വരും. സാഷ ലഞ്ചിന് എന്ത് കറിയാണ് കൊണ്ട് വന്നതെന്ന് ഒരു സുഹൃത്ത് ചോദിച്ചു. നമ്മുടെ ഇന്ത്യക്കാരുടെ വീട്ടിൽ നിന്നും കറിയുടെ ഗന്ധമാണെന്ന് ചിലർ പറയുന്നത് ഞാനും കേട്ടിട്ടുണ്ട്. കുറച്ചൊക്കെ സത്യമാണ്'
'നമ്മുടെ വീട്ടിൽ രസമാണ് വെക്കുന്നതെങ്കിൽ അതറിയും. മകളോട് അങ്ങനെ പറഞ്ഞ ബോയ്നോട് അവൾ പറഞ്ഞു, ഞങ്ങൾ ഉള്ള മസാലകൾ ഉപയോഗിക്കുന്നെങ്കിലുമുണ്ട്. നിങ്ങൾ ആകെപ്പാടെ ഉപയോഗിക്കുന്നത് ബ്ലാക്ക് പെപ്പറും ഒലീവ് ഓയിലുമാണെന്ന്. അത് വലിയ മിടുക്കാണെന്ന് ഞാൻ പറയുന്നില്ല. പക്ഷെ അവൾ അവൾക്ക് വേണ്ടി ശബ്ദിച്ചു,' സബീറ്റ പറഞ്ഞു.

മകളെ അമേരിക്കയിൽ വിട്ട് നാട്ടിൽ അഭിനയിക്കാൻ വന്നപ്പോൾ ഒരുപാട് പേർ തന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നെന്നും സബീറ്റ പറഞ്ഞു. നിരവധി പേർ തന്നെ ചീത്ത വിളിച്ചു. 14 വയസ്സുള്ള മകളെ തനിച്ചാക്കിയെന്ന് പറഞ്ഞു. പക്ഷെ എല്ലാവരുടെയും അഭിപ്രായം കേട്ടാലും തീരുമാനമെടുക്കുന്നത് താനാണെന്നും സബീറ്റ വ്യക്തമാക്കി.
സിനിമകളിൽ കുറച്ചൊക്കെ പൊളിറ്റിക്കൽ കറക്ട്നെസ് നോക്കും. അഭിപ്രായം സ്വീകരിക്കുന്നവരല്ലെങ്കിൽ അതേപറ്റി പറയില്ല. പക്ഷെ തന്റെ സീനിൽ പ്രശ്മുണ്ടെങ്കിൽ പറയുമെന്നും സബീറ്റ വ്യക്തമാക്കി. കോട്ടയം സ്വദേശിയായ സബീറ്റ വിവാഹ ശേഷമാണ് അമേരിക്കയിലേക്ക് പോയത്. പത്ത് വർഷം മുമ്പാണ് വിവാഹ മോചനം നടന്നത്.


Click it and Unblock the Notifications