കൊല്ലാം, പക്ഷേ തോല്‍പ്പിക്കാനാവില്ല എന്നതാണ് ഇപ്പോള്‍ ആപ്ത വാക്യം; കഴിഞ്ഞ വര്‍ഷത്തെ കുറിച്ച് അശ്വതി ശ്രീകാന്ത്
അവതാരകയായി വന്ന് വളരെ കുറഞ്ഞ കാലം കൊണ്ട് മലയാൡളുടെ ഹൃദയത്തില്‍ സ്ഥാനം നേടിയ താരമാണ് അശ്വതി ശ്രീകാന്ത്. എന്തും ആരുടെയും മുഖത്ത് നോക്കി സംസാരിക്കുന്ന അശ്വതിയ്ക്ക് 2020 ല്‍ ചില സന്തോഷങ്ങളും ദുഃഖങ്ങളുമെല്ലാം സമ്മിശ്രമായി കിട്ടിയിട്ടുണ്ട്. ഈ വര്‍ഷമാണ് ടെലിവിഷന്‍ പരമ്പരയായ ചക്കപ്പഴത്തിലൂടെ അശ്വതി അഭിനയ രംഗത്തേക്ക് എത്തുന്നത്. അതുപോലെ വേറെയുമുണ്ട്.
പുതിയൊരു വര്‍ഷം തുടങ്ങുമ്പോള്‍ കഴിഞ്ഞ് പോയ കാലഘട്ടത്തെ കുറിച്ച് സംസാരിച്ച് വന്നിരിക്കുകയാണ് നടിയിപ്പോള്‍. ജീവിച്ചിരിക്കുന്നത് തന്നെ ഭാഗ്യമാണെന്ന് കരുതി പോയൊരു വര്‍ഷമാണ് കടന്ന് പോവുന്നതെന്നാണ് ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെ അശ്വതി സൂചിപ്പിച്ചിരിക്കുന്നത്. വിശദമായി വായിക്കാം....

'നരകത്തിന്റെ മുന്നില്‍ പരസ്യം വയ്ക്കുന്ന പോലത്തെ ഐറ്റവുമായിട്ടാണ് 2020 തുടങ്ങിയത്. പിന്നങ്ങോട്ട് ഒരു സന്തോഷത്തിന് ഒരു സങ്കടമെന്ന ലോക പ്രശസ്ത റേഷ്യോ തെറ്റിച്ച് ഒരു സന്തോഷത്തിന് പന്ത്രണ്ട് സങ്കടങ്ങള്‍ എന്ന കണക്കിനാണ് ദിവസങ്ങള്‍ വന്നു പോയത്. ജീവിച്ചിരിക്കുക എന്നതു തന്നെ എത്ര ഭാഗ്യമാണെന്ന് തിരിച്ചറിഞ്ഞ വര്‍ഷമാണ്.
ഒത്തിരി പേരുടെ സങ്കടം കേട്ട വര്‍ഷമാണ്. ദൂരെയായിട്ടും ഒരുപാട് പേരോട് ചേര്‍ന്ന് നില്‍ക്കാന്‍ കഴിഞ്ഞ വര്‍ഷമാണ്. സൈക്കോളജിസ്റ്റിന്റെ മുറി മുതല്‍ ക്യാന്‍സര്‍ വാര്‍ഡു വരെ ഏറ്റവും പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി കയറിയിറങ്ങിയ വര്‍ഷമാണ്. ടോക്‌സിക്ക് റിലേഷന്‍സില്‍ നിന്ന് മാറി നില്‍ക്കാന്‍ സ്വയം പഠിപ്പിച്ച വര്‍ഷമാണ്.
സന്തോഷം ഒരു ആഡംബരമായ വര്‍ഷമാണ്. അതിജീവനത്തിന്റെ വര്‍ഷമാണ്. മറക്കാന്‍ കഴിയാത്ത വര്‍ഷമാണ്. 2021 എന്ത് തേങ്ങയും കൊണ്ടാണ് വരുന്നതെന്ന് അറിയില്ല. കൊല്ലാം, പക്ഷേ തോല്‍പ്പിക്കാന്‍ പറ്റില്ല എന്നതാണ് ഇപ്പോള്‍ ആപ്ത വാക്യം. അതുകൊണ്ട് നുമ്മ പൊളിക്കും. ചിരിക്കും. സെല്‍ഫിയും എടുക്കും. Happy 2021.
NB : മൂഡ് സ്വിങ്ങില്‍ കൈ വിട്ട് ആടി കളിച്ചപ്പോള്‍ വീഴാതെ പിടിച്ച കൂട്ടുകാര്‍ക്ക് നന്ദി. കൂടെ ആടിയവനും' എന്നും പറഞ്ഞ് ഭര്‍ത്താവ് ശ്രീകാന്തിനൊപ്പമുള്ള ചിത്രമാണ് അശ്വതി പോസ്റ്റ് ചെയ്തിരിക്കുന്നത്. കമന്റ് ബോക്‌സില്‍ അശ്വതിയ്ക്ക് പുതുവര്‍ഷത്തിന്റെ ആശംസകള്‍ അറിയിച്ച് ആരാധകരും എത്തി കൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications