ഷാജോൺ ചെയ്ത കഥാപാത്രം ഏറെ കൊതിച്ചിരുന്നു, അത് തനിക്ക് പിറക്കാതെ പോയ കുഞ്ഞാണ്, മനസ് തുറന്ന് ചാലി പാല
സിനിമയിൽ വില്ലൻ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് ചാലി പാല. വലിപ്പ ചെറുപ്പം നോക്കാതെ ചെറുതും വലുതുമായ നിരവധി വില്ലൻ വേഷം താരം ഏറ്റെടുത്ത് അവിസ്മരണീയമാക്കിയിട്ടുണ്ട്. 1990 കളിൽ സിനിമ ജീവിതം ആരംഭിച്ച താരം ഇപ്പോഴും അഭിനയത്തിൽ സജീവമാണ്. മമ്മൂട്ടി ചിത്രമായ ഭൂതകണ്ണാടിയിലെ ക്രൂരനായ വില്ലൻ വേഷം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്.
നിരവധി വില്ലൻ വേഷങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും ചില കഥാപാത്രങ്ങൾ കാണുമ്പോൾ ഒത്തിരി കൊതിച്ചിട്ടുണ്ടെന്നാണ് നടൻ പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചെയ്തതിൽ മനസിൽ തങ്ങി നിൽക്കുന്ന കഥാപാത്രത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നടന്റെ വാക്കുകൾ ഇങ്ങനെ...

ദൃശ്യത്തിൽ ഷാജോൺ ചെയ്ത വില്ലൻ കഥാപാത്രത്തെ എടുത്തു പറഞ്ഞു കൊണ്ടായിരുന്നു ഏറെ മോഹിപ്പിച്ച കഥാപാത്രത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ദൃശ്യത്തിലെ ഷാജോൺ ചെയ്ത കഥാപാത്രം എനിക്ക് ഏറെ ഇഷ്ടമാണ്. ഷാജോൺ അത് വളരെ നന്നായി ചെയ്യുകയും ചെയ്തു. താൻ വളരെ ആഗ്രഹിച്ച ഒരു റോളായിരുന്നു. എന്നാൽ അത് കിട്ടിയില്ല. എന്റെ മനസ്സിലുണ്ട് ആ കഥാപാത്രം എന്നെ കൊണ്ട് ചെയ്യാൻ പറ്റുമെന്ന്. എന്നാൽ തനിക്ക് അത് കിട്ടിയില്ല. പിറക്കാതെ പോയ കുട്ടിയെ പോലെയാണെന്നും അഭിമുഖത്തിൽ ചാലി പാല പറഞ്ഞു.

ഇത് മാത്രമല്ല ഇതു പോലെ നിരവധി റോളുകൾ ഉണ്ടെന്നും നടൻ പറഞ്ഞു. ഇതു പോലെ തനിക്ക് ചെയ്യാൻ പറ്റാത്ത കഥാപാത്രങ്ങളുണ്ട്. ആ റോൾ കാണുമ്പോൾ തന്നെ തോന്നും, അത് നമ്മളെ കൊണ്ട് പറ്റില്ലെന്ന്. എന്റെ ശരീര ഘടനയ്ക്കോ ശബ്ദത്തിനോ ആ കഥാപാത്രം ചേരില്ല. ഒരു ശബദം മുതൽ ചലനങ്ങൾ വരെ കഥാപാത്രത്തെ സ്വാധീനിക്കുന്നുണ്ട്. എന്നാൽ തന്നെ വേണ്ടവിധം സംവിധായകന്മാർ ഉപയോഗിച്ചിട്ടില്ലെന്നും ചാലി പാല പറയുന്നു. കരിമ്പിൻ തണ്ട് ജൂസ് അടിക്കും പോലെ തന്നിലെ അഭിനേതാവിനെ പിഴിഞ്ഞെടുക്കാൻ ആരും ശ്രമിച്ചിട്ടില്ലെന്നും താരം അഭിമുഖത്തിൽ പറയുന്നു.

കലാഭവൻ ഷാജോണിന് മികച്ച പ്രേക്ഷക നിരൂപക പ്രശംസ ലഭിച്ച കഥാപാത്രമായിരുന്നു ദൃശ്യത്തിലെ സഹദേവൻ എന്ന കഥാപാത്രം. ഹാസ്യ കഥാപാത്രങ്ങളിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച നടന്റെ കരിയർ തന്നെ ഈ ചിത്രത്തിലൂടെ മാറുകയായിരുന്നു. ഷാജോണിന്റെ മറ്റെരു മുഖമായിരുന്നു ചിത്രത്തിൽ കണ്ടത്. വില്ലൻ വേഷമാണെങ്കിലും മികച്ച പ്രതികരണമായിരുന്നു ഈ കഥാപാത്രത്തിന് ലഭിച്ചത്. ദൃശ്യത്തിന് ശേഷം മികച്ച കഥാപാത്രങ്ങൾ നടനെ തേടിയെത്തുകയും ചെയ്തിരുന്നു.

മോഹൻലാൽ- ജീത്തു ജോസഫ് ചിത്രമായ ദൃശൃത്തിന്റെ രണ്ടാം ഭാഗം പ്രദർശനത്തിന് തയ്യാറെടുക്കുകയാണ്. അമസോൺ പ്രൈമിലൂടെയാണ് ദൃശ്യം 2 റിലീസിന് എത്തുന്നത്. ലോക്ക് ഡൗണിന് ശേഷം ആദ്യമായി ചിത്രീകരണം ആരംഭിച്ച് പൂർത്തിയാക്കിയ ചിത്രമായിരുന്നു ഇത്. മോഹൻലാലിനോടൊപ്പം വൻ താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. അതേസമയം ദൃശ്യം 2 ൽ ഷാജോൺ ഇല്ലയെന്നാണ് പ്രചരിക്കുന്ന റിപ്പോർട്ടുകൾ, ആദ്യ ഭാഗത്തിലെ ഭൂരിഭാഗം താരങ്ങളും ദൃശ്യം 2 ൽ ഉണ്ട്.


Click it and Unblock the Notifications