ധനുഷിന് പിന്നാലെ അടുത്ത പ്രശ്നം; ആവശ്യപ്പെടുന്നത് കോടികൾ, ഡോക്യുമെന്ററി വീണ്ടും വിവാദത്തിൽ: റിപ്പോർട്ട്
വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്കാണ് നയൻതാരയുടെ പോക്ക്. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഡോക്യുമെന്ററി റിലീസ് ചെയ്തപ്പോൾ ഒപ്പം വന്നത് ഒരുപിടി പ്രശ്നങ്ങളാണ്. നയൻതാരയ്ക്കെതിരെ പത്ത് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പട്ട് ധനുഷ് പരാതി നൽകി. ധനുഷ് നിർമ്മിച്ച നാനും റൗഡി താൻ എന്ന സിനിമയിലെ അണിയറ ദൃശ്യങ്ങൾ ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയതിനാലാണ് കേസ്. പിന്നാലെ നയൻതാര ധനുഷിനെതിരെ ശക്തമായി രംഗത്ത് വന്നു.
ധനുഷ് പ്രതികാരം ചെയ്യുകയാണെന്നും ഡോക്യുമെന്ററി വൈകാൻ കാരണം ധനുഷ് ദൃശ്യങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകാഞ്ഞതാണെന്നും നയൻതാര വെളിപ്പെടുത്തി. മൂന്ന് പേജുള്ള തുറന്ന കത്തിൽ ധനുഷിനെതിരെ കടുത്ത വിമർശനങ്ങൾ നയൻതാര ഉന്നയിച്ചു. എന്നാൽ ധനുഷ് പരാതിയുമായി മുന്നോട്ട് പോയി. കേസ് കോടതിയിൽ നടന്ന് കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ നയൻതാരയ്ക്ക് വിനയായി മറ്റൊരു നീക്കം കൂടി നടക്കുകയാണ്.

താരത്തിന്റെ ഡോക്യുമെന്ററിയിൽ ചന്ദ്രമുഖി എന്ന സിനിമയിലെ ദൃശ്യങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. അനുവാദമില്ലാതെ ദൃശ്യങ്ങൾ ഉപയോഗിച്ചതിന് ചന്ദ്രമുഖിയുടെ മേക്കർസ് ലീഗൽ നോട്ടീസ് അയച്ചെന്നാണ് റിപ്പോർട്ടുകൾ. എന്തുകൊണ്ടാണ് റൈറ്റ്സ് വാങ്ങാതിരുന്നതെന്ന് അറിയില്ലെന്നും നടനും മാധ്യമപ്രവർത്തകനുമായ ചിത്ര ലക്ഷ്മണാണ് തന്റെ യൂട്യൂബ് ചാനലിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. അഞ്ച് കോടി രൂപയാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
നേരത്തെ സംസാരിച്ചിരുന്നെങ്കിൽ ഈ തുക കൊടുക്കേണ്ടി വരില്ലായിരുന്നെന്നും ചിത്ര ലക്ഷ്മൺ പറഞ്ഞു. ധനുഷ് പത്ത് കോടി ആവശ്യപ്പെട്ടതിന് പിന്നാലെ ചന്ദ്രമുഖി ടീം അഞ്ച് കോടി ആവശ്യപ്പെട്ടത്. ധനുഷിനെതിരെ രംഗത്ത് വന്നതോടെ നയൻതാരയ്ക്കും ഭർത്താവ് വിഘ്നേശ് ശിവനും നേരെ സെെബർ ആക്രമണം നടക്കുന്നുണ്ട്. ഡോക്യുമെന്ററിയിലെ ചില പരാമർശങ്ങൾ താര ദമ്പതികൾക്കെതിരെ വിമർശകർ ഉപയോഗിക്കുന്നു.

വിഘ്നേശ് നയൻതാരയുടെ നിയന്ത്രണത്തിലാണെന്നാണ് ഇവരുടെ വാദം. സൈബറാക്രമണം കടുത്തതോടെ വിഘ്നേശ് എക്സ് അക്കൗണ്ട് ഡി ആക്ടിവേറ്റ് ചെയ്തിരുന്നു. നയൻതാരയുടെ ജീവിതവും കരിയറും വിവാഹവുമാണ് നയൻതാര ബിയോണ്ട് ദ ഫെയറി ടെയിൽ എന്ന ഡോക്യുമെന്ററിൽ കാണിക്കുന്നത്. കരിയറിലെ തുടക്ക കാലം പരാമർശിക്കുന്ന ഘട്ടത്തിലാണ് ചന്ദ്രമുഖിയിലെ സീനുകൾ കാണിച്ചത്. അതേസമയം ഇപ്പോൾ പുറത്ത് വന്ന റിപ്പോർട്ടുകളോട് നയൻതാരയോ വിഘ്നേശ് ശിവനോ പ്രതികരിച്ചിട്ടില്ല.
ധനുഷിനെതിരെ പരസ്യ വിമർശനം ഉന്നയിക്കാനുണ്ടായ സാഹചര്യം നേരത്തെ നയൻതാര വിശദീകരിച്ചിരുന്നു. ധനുഷ് മുമ്പ് സുഹൃത്തായിരുന്നു. എന്നാൽ പിന്നീട് ചില അകൽച്ച വന്നു. ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് പല തവണ ധനുഷുമായി സംസാരിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ നാനും റൗഡി താനിലെ ദൃശ്യങ്ങൾ വേണ്ടെന്ന് വെച്ചു. ഫോണിൽ പകർത്തിയ അണിയറ ദൃശ്യങ്ങളാണ് ഉപയോഗിച്ചത്. ഇതോടെയാണ് താൻ പ്രതികരിച്ചതെന്ന് നയൻതാര വ്യക്തമാക്കി.


Click it and Unblock the Notifications