നീളക്കൂടുതല്‍ പ്രശ്‌നമായി, സെലക്ട് ചെയ്തിട്ടും മാറ്റിവെച്ചു; മാലിക്കില്‍ എത്തിയതിനെക്കുറിച്ച് ചന്തു
നടന്‍ സലിം കുമാറിന്റെ ചെറുപ്പകാലം അഭിനയിച്ച് സിനിമയിലേക്ക് എത്തിയ ആളാണ് മകന്‍ ചന്തു സലിം കുമാര്‍. 2009ല്‍ റിലീസ് ചെയ്ത റാഫി മെക്കാര്‍ട്ടിന്‍ ചിത്രം 'ലൗ ഇന്‍ സിംഗപ്പൂര്‍' എന്ന ചിത്രത്തില്‍ സലിം കുമാര്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ചെറുപ്പകാലം അഭിനയിച്ചുകൊണ്ടാണ് സിനിമയിലേക്ക് എത്തുന്നത്. തുടര്‍ന്ന് 2021ല്‍ മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക്ക് എന്ന ചിത്രത്തില്‍ സലിം കുമാര്‍ അഭിനയിച്ച മൂസാക്ക എന്ന കഥാപാത്രത്തിന്റെ യൗവ്വന കാലം അവതരിപ്പിച്ചതും ചന്തുവായിരുന്നു.
ചന്തു സിനിമയിലെ പല മേഖലകളില്‍ സജീവമായി ഇടപെട്ടിരുന്നെങ്കിലും അഭിനയ രംഗത്ത് ഒരു ബ്രേക്ക് കിട്ടുന്നത് ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സിലെ കഥാപാത്രത്തിലൂടെയാണ്. സര്‍വൈവര്‍ ത്രില്ലര്‍ ചിത്രത്തില്‍ പ്രധാന വേഷം തന്നെയാണ് ചന്തു കൈകാര്യം ചെയ്തത്.

ഇപ്പോഴിതാ മാലിക്ക് എന്ന സിനിമയിലേക്ക് അച്ഛന്റെ ചെറുപ്പകാലം അഭിനയിക്കാന്‍ മഹേഷ് നാരായണന്‍ വിളിച്ചതിനെക്കുറിച്ചുള്ള രസകരമായ അനുഭവം പങ്കുവെക്കുകയാണ് ചന്തു. ജാങ്കോ സ്‌പേസിന് നല്‍കിയ അഭിമുഖത്തിലാണ് ചന്തു മാലിക്കുമായി ബന്ധപ്പെട്ട ഓര്‍മകള്‍ പങ്കുവെക്കുന്നത്.
'ഞാന്‍ സിനിമയില്‍ തന്നെ ഉണ്ടാകും. അസിസ്റ്റന്റ് ഡയറക്ടറോ റൈറ്ററോ ഒക്കെ ആയിട്ട്. ഞാന്‍ ഇവിടെ തന്നെ ഉണ്ടായിരുന്ന ആളാണ്. എഡിറ്റിംഗ് അസിസ്റ്റന്റ് ആയിട്ട് പോയിരുന്നു. അസിസ്റ്റന്റ് ഡയറക്ടര്‍ ആയിട്ട് അച്ഛനെ അസിസ്റ്റ് ചെയ്തിട്ടുണ്ട്. അത് കോളേജില്‍ പഠിക്കുന്ന സമയമാണ്. അസിസ്റ്റന്റ് ഡയറക്ടറായി വര്‍ക്ക് ചെയ്ത് തിരിച്ച് കോളേജിലെത്തിയപ്പോള്‍ അറ്റന്‍ഡന്‍സ് കുറഞ്ഞിട്ട് പുറത്താക്കാന്‍ നില്‍ക്കുകയായിരുന്നു. പരീക്ഷ എഴുതിക്കില്ലെന്ന് പറഞ്ഞ് കുറച്ച് സപ്ലി ഒക്കെ ഉണ്ടായിരുന്നു ആ സമയത്ത്,' ചന്തു പറയുന്നു.
അഭിനിയക്കാനായാലും ഇവിടെ തന്നെ ഉണ്ടായിരുന്നു. മാലിക്കിലേക്ക് മഹേഷ് നാരായണന്‍ വിളിക്കുകയായിരുന്നു എന്ന് ചന്തു പറയുന്നു. എന്നാല്‍ അതിന് മുമ്പെ ചിത്രത്തിലെ കാസ്റ്റിംഗ് ഡയറക്ടര്‍ക്ക് ഫോട്ടോ അയച്ചു കൊടുത്തിരുന്നു. എന്നാല്‍ അവര്‍ നീളത്തിലെ വ്യത്യാസം കാരണം തന്നെ സെലക്ട് ചെയ്ത് മാറ്റി വെച്ചിരിക്കുകയായിരുന്നു എന്നും ചന്തു പറയുന്നു.
'കാസ്റ്റിംഗ് ഡയറക്ടര്‍ ശാലിനി ചേച്ചിക്ക് ഫോട്ടോ അയച്ചുകൊടുത്തു. അവര് എന്നെ സെലക്ട് ചെയ്ത് മാറ്റി വെച്ചിരിക്കുകയായിരുന്നു. സലിം കുമാറിന്റെ മകനാണ് ഞാന്‍ എന്ന് ശാലിനി ചേച്ചിക്ക് അറിയില്ലായിരുന്നു. എനിക്ക് അച്ഛനെക്കാള്‍ നീളം കൂടുതല്‍ ആയതിനാല്‍ എന്നെ സെലക്ട് ചെയ്ത് മാറ്റി വെച്ചിരിക്കുകയായിരുന്നു.

അച്ഛന്‍ അഞ്ചടിയോ മറ്റോ ആണ് ഉള്ളത്. എനിക്ക് ആറടി നീളമുണ്ട്. ഒരു പൊടിക്ക് നീളം കൂടുതല്‍ ആണെന്ന് പറഞ്ഞ് മാറ്റി വെക്കുകയായിരുന്നു എന്നെ. അപ്പോള്‍ വേറെ ആരോ വന്നിട്ട് പറഞ്ഞു. കഥാപാത്രം ചെയ്യാന്‍ സലീമേട്ടന്റെ മകനുണ്ട്. അവനെ കണ്ടു നോക്കാം എന്ന് പറഞ്ഞു. അങ്ങനെ ആണ് എന്നെ വിളിക്കുന്നത്. കണ്ടപ്പോള്‍ മഹേഷേട്ടന് ഇഷ്ടപ്പെട്ടു,' ചന്തു പറഞ്ഞു.
എന്നാല്‍ കാസ്റ്റിംഗ് ഡയറക്ടര്‍ ശാലിനി വന്നു നോക്കുമ്പോള്‍ അവര് സെലക്ട് ചെയ്ത് വെച്ച അതേ ആളെ കണ്ട് ഞെട്ടിയെന്നും ചന്തു പറയുന്നു.
നേരത്തെ ഫോട്ടോ അയച്ചിരുന്നോ എന്ന് ശാലിനി ചേച്ചി ചോദിച്ചു. അയച്ചിരുന്നുവെന്നും ഞാന്‍ തന്നെയാണ് നിങ്ങള്‍ സെലക്ട് ചെയ്ത് വെച്ചിരുന്ന ആള്‍ എന്നും താന്‍ മറുപടിയായി പറഞ്ഞു. പൊക്കം കൂടുതല്‍ ആണെന്ന് ചേച്ചി പറഞ്ഞപ്പോള്‍ അത് കുഴപ്പമില്ല, അഡ്ജസ്റ്റ് ചെയ്യാമെന്ന് മഹേഷ് നാരായണന്‍ പറയുകയായിരുന്നു. അങ്ങനെയാണ് മാലിക്കിലേക്ക് വരുന്നതെന്നും ചന്തു ഓര്‍ത്തെടുത്തു.


Click it and Unblock the Notifications











