'മോൻ കറക്ട് സമയത്ത് വന്നുവെന്ന് പറഞ്ഞ് കരഞ്ഞു, സലിംകുമാറിന്റെ മകനാണെന്ന് അദ്ദേഹത്തിന് അറിയുമോയെന്ന് അറിയില്ല'
മഞ്ഞുമ്മൽ ബോയ്സ് മലയാള സിനിമയ്ക്ക് സമ്മാനിച്ച യുവകലാകാരനാണ് നടൻ സലിംകുമാറിന്റെ മൂത്തമകൻ ചന്തു സലിംകുമാർ. ഇതുവരെ അച്ഛന്റെ ചെറുപ്പകാലം അവതരിപ്പിക്കാനുള്ള അവസരം മാത്രമെ ചന്തുവിന് ലഭിച്ചിരുന്നുള്ളു. ചെറുപ്പം മുതൽ സിനിമാ മോഹം ഉള്ളതുകൊണ്ട് തന്നെ അച്ഛന്റെ ചെറുപ്പകാലം അല്ലാതെ കാമ്പുള്ള ഒരു കഥാപാത്രം ചെയ്യാനുള്ള മോഹം ചന്തുവിന് ഉണ്ടായിരുന്നു. അങ്ങനെയാണ് നടൻ ഗണപതി വഴി മഞ്ഞുമ്മൽ ബോയ്സിലെ അഭിലാഷായി ചന്തു എത്തുന്നത്.
ചന്തുവിന്റെ തുടക്കം മഞ്ഞുമ്മൽ ബോയ്സിലൂടെ ഗംഭീരമായി. എവിടെ ചെന്നാലും ലൂസടിക്കെടാ... എന്ന പഞ്ച് ഡയലോഗ് പറഞ്ഞാണ് ചന്തുവിനോട് സ്നേഹം പ്രകടിപ്പിക്കാൻ ആളുകൾ എത്തുന്നത്. ഒറ്റ സിനിമയിലൂടെ കരിയറിന്റെ തന്നെ സീൻ മാറി എന്നാണ് ചന്തു പറയുന്നത്. ടൊവിനോ തോമസ് നായകനാകുന്ന നടികർ എന്ന സിനിമയാണ് ചന്തുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.

മഞ്ഞുമ്മൽ ബോയ്സ് കഴിഞ്ഞ ദിവസമാണ് ബോക്സ് ഓഫീസ് കലക്ഷന്റെ കാര്യത്തിൽ നൂറ് കോടി ക്ലബ്ബിൽ കയറിയത്. തമിഴ്നാട്ടിലും കേരളത്തിലേതുപോലെ തന്നെ മഞ്ഞുമ്മൽ ബോയ്സ് തരംഗമാണ്. അടുത്തിടെ സാക്ഷാൽ കമൽ ഹാസന്റെ ക്ഷണം മഞ്ഞുമ്മൽ ബോയ്സ് അണിയറപ്രവർത്തകർക്ക് ലഭിച്ചിരുന്നു. ഉലകനായകനൊപ്പം സമയം ചിലവഴിച്ചതിന്റെ വീഡിയോ അണിയറപ്രവർത്തകർ പങ്കിട്ടിരുന്നു.
ഇപ്പോഴിതാ സിനിമ വിജയകരമായി പ്രദർശനം തുടരുമ്പോൾ ജാങ്കോ സ്പേസിന് നൽകിയ അഭിമുഖത്തിൽ വിശേഷങ്ങൾ പങ്കിട്ടിരിക്കുകയാണ് ചന്തു സലിംകുമാർ. ഫോട്ടോയെടുക്കാൻ കമൽഹാസന് സമീപം നിന്നപ്പോൾ പോലും തന്നെ വിറയ്ക്കുകയായിരുന്നുവെന്നാണ് ചന്തു പറയുന്നത്. 'കമൽ സാറിനോട് ഞാൻ സംസാരിച്ചില്ല.'
'ഭാസിയും ഗണവും ചിദുവുമൊക്കെയാണ് സംസാരിച്ചത്. നമുക്ക് റെസ്പെക്ടുള്ളയാളാണല്ലോ അതുകൊണ്ട് തന്നെ ഒന്നും സംസാരിക്കാൻ പറ്റുന്നില്ല. പുള്ളി ഫോട്ടോയ്ക്ക് നിന്നപ്പോൾ തോളിൽ കയ്യിട്ടു അപ്പോൾ പോലും എനിക്ക് പേടിയായിരുന്നു. റെസ്പെക്ടുള്ളവരെ കാണുമ്പോൾ എനിക്ക് പേടിയാണ്. പിന്നെ സലിംകുമാറിന്റെ മകനാണ് ഞാനെന്ന് അദ്ദേഹത്തിന് അറിയുമോയെന്ന് അറിയില്ല. അച്ഛനെ അദ്ദേഹത്തിന് അറിയാം.'
'സിനിമ കണ്ട് ഉടൻ അദ്ദേഹം ഞങ്ങളെ കാണാൻ വന്നതാണ്. പുള്ളിക്ക് സിനിമ കണ്ട് കരച്ചിലും ക്ലൈമാക്സിൽ രോമാഞ്ചവും വന്നുവെന്ന് ഞങ്ങളോട് പറഞ്ഞു. തന്റെ സിനിമ കമൽ സാർ കാണണമെന്നത് ചിദുവിന്റെ വലിയ ആഗ്രഹമായിരുന്നു. അതുപോലെ അച്ഛൻ ഇതുവരെയും മഞ്ഞുമ്മൽ ബോയ്സ് കണ്ടിട്ടില്ല. ഞങ്ങൾ സെറ്റിൽ എല്ലാവരും തമ്മിൽ നല്ല വൈബായിരുന്നു.'

'ആദ്യം നാല് അഞ്ച് കാരവാൻ ഉണ്ടായിരുന്നു. പിന്നീട് എല്ലാവരും കൂടി ഒറ്റ കാരവാനിൽ സെറ്റായി. തമിഴ്നാട്ടിലെ തിയേറ്ററുകളിൽ പോയിരുന്നു. എല്ലാവരും സിനിമ തീരുമ്പോൾ എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്നൊക്കെ ഉണ്ടായിരുന്നു. ഒരാൾ വന്ന് എന്നെ കെട്ടിപിടിച്ച് കരഞ്ഞു.'
'മോൻ കറക്ട് സമയത്ത് വന്നുവെന്ന് പറഞ്ഞ് കരഞ്ഞു. അത്രത്തോളം അവിടുത്തെയാളുകൾ ഏറ്റെടുത്തു. പിന്നെ സിനിമ ചെയ്യുമ്പോൾ തന്നെ ഞാൻ ഒരു 200 കോടി കലക്ഷൻ പ്രതീക്ഷിച്ചിരുന്നുവെന്നാണ്', ചന്തു അനുഭവം പങ്കിട്ട് പറഞ്ഞത്.


Click it and Unblock the Notifications











