'പത്താം ക്ലാസ് സമയത്ത് എന്റെ ഫ്ലെക്സ് വെയ്ക്കണമെന്നായിരുന്നു അച്ഛന് അന്ന് സാധിച്ചില്ല ഇപ്പോൾ ഫ്ലെക്സുണ്ട്'
നിനക്കൊക്കെ എന്റെ ചെറുപ്പകാലമല്ലാതെ വേറെ ഏതെങ്കിലും റോൾ ചെയ്യാൻ ആരെങ്കിലും വിളിക്കുവോ..? തമാശയായി ഒരിക്കൽ നടൻ സലീം കുമാർ മകൻ ചന്തുവിനോട് പറഞ്ഞ കാര്യമാണിത്. താരപുത്രനാണെങ്കിലും രണ്ട് സിനിമയിൽ അഭിനയിക്കാനുള്ള അവസരമെ ചന്തുവിന് ഇതുവരെ ലഭിച്ചിട്ടുള്ളു. അതിലൊന്ന് ലവ് ഇൻ സിങ്കപ്പൂരും മറ്റൊന്ന് മാലിക്കുമാണ്. രണ്ടിലും സലീം കുമാറിന്റെ ചെറുപ്പകാലമാണ് ചന്തു ചെയ്തിരിക്കുന്നത്.
പക്ഷെ ഇപ്പോൾ അച്ഛന്റെ ചെറുപ്പമല്ലാതെ കാമ്പുള്ള ഒരു കഥാപാത്രം ചന്തുവിന് ലഭിച്ചിരിക്കുകയാണ് മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിലൂടെ. സിനിമയുടെ സംവിധായകൻ ചിദംബരത്തോട് ചോദിച്ച് വാങ്ങിയതാണ് ചന്തു അഭിലാഷ് എന്ന കഥാപാത്രം. സ്ക്രീൻ ടെസ്റ്റൊക്കെ കഴിഞ്ഞാണ് തന്നെ സിനിമയിലേക്ക് കാസ്റ്റ് ചെയ്തതെന്ന് പല അഭിമുഖങ്ങളിലും ചന്തു പറഞ്ഞിരുന്നു.

ചന്തു അഭിലാഷെന്ന കഥാപാത്രമായി മഞ്ഞുമ്മൽ ബോയ്സിൽ ജീവിക്കുകയായിരുന്നെന്നാണ് സിനിമ കണ്ടവരെല്ലാം ഒന്നടങ്കം പറഞ്ഞത്. ക്ലൈമാക്സിനോട് അടുക്കുമ്പോൾ ചന്തു പറയുന്ന ഒരു മാസ് ഡയലോഗുണ്ട് രോമാഞ്ചം എന്നാൽ എന്താണെന്ന് ആ സമയത്ത് തിയേറ്ററിലിരുന്ന് സിനിമ കണ്ടവർ മനസിലാക്കിയിട്ടുണ്ടാകും. അച്ഛൻ തമാശക്ക് പറഞ്ഞ വാചകത്തെ അടിമുടി തെറ്റിച്ചുകൊണ്ട് ചന്തു സലിം കുമാർ മലയാള സിനിമയിലേക്ക് കലക്കൻ എൻട്രിയാണ് മഞ്ഞുമ്മൽ ബോയ്സിലൂടെ നടത്തിയിരിക്കുന്നത്.
ഇപ്പോഴിതാ മഞ്ഞുമ്മൽ ബോയ്സിന്റെ പ്രമോഷന്റെ ഭാഗമായി ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ചന്തു പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത്. 'അച്ഛൻ സിനിമ കണ്ടിട്ടില്ല. കാണാൻ പോകുന്നതേയുള്ളു. അച്ഛന് ആദ്യത്തെ ദിവസമൊക്കെ നല്ല ടെൻഷനായിരുന്നു.'
'പടം ഇറങ്ങുന്നതിന്റെ ഒരു ടെൻഷനുണ്ടായിരുന്നു. നേരത്തെയാണെങ്കിൽ അച്ഛന് എന്റെ കാര്യം മാത്രം നോക്കിയാൽ മതിയാരുന്നു. ഇതിപ്പോൾ അച്ഛനോട് എല്ലാരും ക്ലോസാണ്. അതുകൊണ്ട് ഇപ്പോൾ മോന്റെ സിനിമ എന്നല്ല നമ്മുടെ പിള്ളേരുടെ പടം ഇറങ്ങുന്നുണ്ട്. എന്താവും എന്ന ടെൻഷനാണ്. അച്ഛൻ ഒരു സെറ്റിലും പോകുന്ന ആൾ അല്ല. അച്ഛനെ ഞങ്ങൾ സെറ്റ് കാണാൻ വിളിച്ചിരുന്നു. അച്ഛൻ വന്നിരുന്നു. സെറ്റ് കണ്ടിട്ട് അച്ഛൻ അജയേട്ടനോട് കലക്കി എന്നൊക്കെ പറഞ്ഞു.'
'സെറ്റ് കണ്ടപ്പോൾ അച്ഛന് ഒരു മതിപ്പൊക്കെയായി. പിള്ളേർ എല്ലാരും കൂടി എന്താണ് ചെയ്യുന്നതെന്ന ധാരണയുണ്ടായിരുന്നില്ല അച്ഛന്. അച്ഛൻ കഥ കേട്ടിട്ടുണ്ടെങ്കിലും ഇവന്മാർ ഇത് എന്താണ് കാണിക്കാൻ പോകുന്നതെന്ന് അച്ഛന് അറിയില്ലായിരുന്നു. സെറ്റ് കണ്ടപ്പോൾ അച്ഛന് പിള്ളേർ ചില്ലറ കളിയൊന്നും അല്ല കളിക്കുന്നതെന്ന ധാരണ കിട്ടി.'

'പിന്നെ അച്ഛൻ നല്ല എക്സൈറ്റഡായി അച്ഛൻ നല്ല ഹാപ്പിയായി. പടം കണ്ടിട്ട് ആൾക്കാർ അച്ഛനെ വിളിക്കുന്നുണ്ട്. അതിന്റെ ഒരു സന്തോഷമുണ്ട്. അച്ഛന്റെ ആഗ്രഹം വേറെയായിരുന്നു. പത്താം ക്ലാസ് പാസാവുമ്പോൾ എന്റെ ഫ്ലെക്സ് വെയ്ക്കണമെന്നായിരുന്നു പുള്ളിടെ ആഗ്രഹം. അതൊന്നും നമുക്ക് പറ്റിയിട്ടില്ല. എന്നാലും പറ്റുന്നപോലെ ഇപ്പോൾ മൂന്നാല് ഫ്ലെക്‌സൊക്കെ റോഡിലൊക്കെയുണ്ട്. അതുകൊണ്ട് നല്ല ഹാപ്പിയാണ്.'
'എനിക്ക് അഭിനയത്തിലേക്ക് വരാൻ ഇഷ്ടമായിരുന്നു. ചെറുപ്പം മുതൽ ഞാൻ സിനിമയും സിനിമക്കാരെയുമാണ് കാണുന്നത്. എനിക്കുണ്ടായിരുന്ന ഫ്രണ്ട്സ് വീട്ടിൽ അച്ഛനെ കാണാൻ വരുന്ന അച്ഛന്റെ കൂട്ടുകാരായിരുന്നു. പഠിപ്പാണ് വേണ്ടതെന്ന് അച്ഛൻ പറഞ്ഞിരുന്നു. അത് നല്ല കാര്യമാണ്.'
'പഠിപ്പുണ്ടെങ്കിൽ ഒരു ബലമാണ്. പഠിക്കാതെ സിനിമയിൽ വന്നിട്ട് വലിയ കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ലെന്നാണ്', ചന്തു സലീം കുമാർ പറഞ്ഞത്. യഥാർത്ഥ മഞ്ഞുമ്മൽ ബോയ്സും ചന്തുവിന്റെ കാസ്റ്റിങ് പൊളിയാണെന്നാണ് അഭിപ്രായപ്പെട്ടത്. സൗബിൻ ഷാഹിറാണ് മഞ്ഞുമ്മൽ ബോയ്സ് നിർമിച്ചത്. ബോക്സ് ഓഫീസിലും പണം വാരുകയാണ് മഞ്ഞുമ്മൽ ബോയ്സ്.


Click it and Unblock the Notifications











