മുന്നയുടെ ലൈല, നയന്റീസ് കിഡ്സിന്റെ ക്രഷ്; സ്നേഹിച്ചവരുടെ ചതിയിൽ വീണുടഞ്ഞ താരം; ചാർമിള വീണ്ടും ചർച്ചയാകുമ്പോൾ!
തൊണ്ണൂറുകളിൽ മലയാള സിനിമ അടക്കി വാണിരുന്ന ഒരുപിടി മികവുറ്റ നായികമാരിൽ ഒരാളാണ് ചാർമിള. ബൊട്ടോക്സും പ്ലാസ്റ്റിക്ക് സർജറിയുമെല്ലാം പ്രചരത്തിൽ വരും മുമ്പ് ശാലീന സൗന്ദര്യം കൊണ്ട് യുവാക്കളുടെ ക്രഷായി മാറിയ നായികമാരിൽ ഒരാൾ കൂടിയായിരുന്നു ചാർമിള. ചെറിയ വട്ട മുഖവും വിടർന്ന കണ്ണുകളും ഇടതൂർന്ന ചുരുളൻ മുടിയും നിറപുഞ്ചിരിയുമെല്ലാമായി ഓടി വരുന്ന ചാർമിളയെ മലയാളികൾ മറക്കാനിടയില്ല.
1991 മുതലാണ് തെന്നിന്ത്യൻ സിനിമയിൽ നടി സജീവമാകുന്നത്. അന്ന് ഇരുപതികളിലേക്ക് പോലും എത്തിയിരുന്നില്ല ചാർമിള. എന്നിട്ടും പ്രായത്തിൽ കവിഞ്ഞ പക്വതയോടെ സൂപ്പർ ഹിറ്റായി മാറിയ പല സിനിമകളിലും നായിക വേഷം കൈകാര്യം ചെയ്തു. കാബൂളിവാല, ധനം, കേളി, അങ്കിൾ ബൺ തുടങ്ങിയവ അവയിൽ ചിലത് മാത്രം. ചെന്നൈയിലാണ് ജനിച്ചതും വളർന്നതുമെല്ലാം.

പിതാവ് മനോഹരൻ വെറ്റിനറി ഡോക്ടറായിരുന്നു. ചെറുപ്പത്തിലേ സിനിമാരംഗത്തേക്ക് എത്തിയ ചാർമിള മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും അഭിനയിച്ചു. ബാലതാരമായി അഭിനയിച്ച ശേഷമാണ് നായികയായി സിനിമയിലേക്ക് എത്തിയത്. മലയാളത്തിൽ അരങ്ങേറിയത് മോഹൻലാൽ സിനിമ ധനത്തിലൂടെയാണ്.
ആ സിനിമയിലെ തങ്കമായുള്ള ചാർമിളയുടെ പ്രകടനം കണ്ടാൽ ആരും പറയില്ല താരം തമിഴ്നാട്ടിൽ ജനിച്ച് വളർന്ന പെൺകുട്ടിയാണെന്ന്. ഗ്രാമീണ പെൺകുട്ടിയുടെ കഥാപാത്രങ്ങൾ അവതരിപ്പിച്ചതിനാലാണ് വളരെ വേഗം മലയാളികളുടെ ഇഷ്ടനായികയായി മാറാൻ നടിക്ക് സാധിച്ചതും. ഏകദേശം 35ലധികം മലയാള സിനിമകളിലും മറ്റ് ദക്ഷിണേന്ത്യൻ ഭാഷാ ചിത്രങ്ങളിലുമായി അഭിനയിച്ചിട്ടുണ്ട് ചാർമിള.
ഇപ്പോഴിതാ ചാർമിള വീണ്ടും സിനിമാപ്രേമികൾക്കിടയിൽ ചർച്ചയാവുകയാണ്. അതിന് കാരണം കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ വൈറലായ ചാർമിളയുടെ ഒരു വീഡിയോയായിരുന്നു. താരസംഘടനയായ അമ്മയുടെ കൊച്ചിയിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴുള്ളതാണ് നടിയുടെ വീഡിയോ. ഒരു സിംപിൾ കുർത്ത ധരിച്ച് യാതൊരു ചമയങ്ങളും ഇല്ലാതെയാണ് താരം എത്തിയത്.
പ്രായത്തിന്റേതായ മാറ്റങ്ങൾ ശരീരത്തിലും മുഖത്തുമെല്ലാം കാണാം. പ്രായം അമ്പത് പിന്നിട്ടതേയുള്ളുവെങ്കിലും പഴയ സന്തോഷമോ നിറഞ്ഞ പുഞ്ചിരിയോ ഒന്നും മുഖത്തില്ല. കാബൂളിവാലയിലെ സുന്ദരിയായ ലൈലയെ കണ്ട് വളർന്ന മലയാളികൾക്ക് ചാർമിളയുടെ ഇപ്പോഴത്തെ രൂപം ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ലെന്നതാണ് കമന്റ് ബോക്സിൽ നിന്നും വ്യക്തമാകുന്നത്. പാവം തോന്നുന്നു ഇപ്പോൾ കാണുമ്പോൾ എന്നാണ് ചിലർ കുറിച്ചത്.

അവരുടെ ശരീരത്തിന് പ്രായമയതല്ല. മനസിന് പ്രായമയതാണ്, സൗന്ദര്യം മാത്രം പോരാ പണവും മനസമാധാനവും വേണം, എന്തൊരു സുന്ദരി ആയിരുന്നു, എന്തൊക്കെയോ വിഷമങ്ങൾ ആ മുഖത്തുണ്ട്, ഒരുപാട് മാറിപ്പോയി... എപ്പോഴും ചാർമിളയെന്ന് കേൾക്കുമ്പോൾ ഓടി വരുന്ന മുഖം മുന്നയുടെ ലൈല ആയിരുന്നു. പ്രായമാകുമ്പോൾ എല്ലാരും മാറിപോകും, പഴയ ആ ലൈലയുടെ മുഖം മനസിലുണ്ട്.
അത് മതി... അങ്ങനെ കാണാനും ഓർക്കാനുമാണ് ഇഷ്ടം, വഞ്ചിക്കപ്പെട്ടതിൻ്റെ നേർക്കാഴ്ച എന്നിങ്ങനെ നീളുന്നു കമന്റുകൾ. സാമ്പത്തിക പ്രതിസന്ധികളും വ്യക്തിപരമായ തിരിച്ചടികളും ചാർമിളയുടെ ജീവിതത്തെ ആകെ ഉലച്ചിരുന്നു. സ്നേഹിച്ചവർ നൽകിയ വേദനകൾ കൂടിയാണ് നടിയുടെ മാറ്റത്തിന് കാരണം. തന്റെ പ്രണയബന്ധങ്ങളും കുടുംബജീവിതത്തിലെ പ്രശ്നങ്ങളും ജീവിതത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് പല അഭിമുഖങ്ങളിലും അവർ തുറന്ന് പറഞ്ഞിട്ടുണ്ട്.
1996ൽ നടൻ കിഷോർ സത്യയെ വിവാഹം ചെയ്തെങ്കിലും 1999ൽ വിവാഹമോചനം നേടി. പിന്നീട് 2006ൽ രാജേഷ് എന്ന എഞ്ചിനീയറെ വിവാഹം ചെയ്തു. ഈ ബന്ധത്തിൽ ഒരു മകനുണ്ട്. 2014ൽ ഈ വിവാഹവും വേർപിരിഞ്ഞു. ഇപ്പോൾ സീരിയലുകളിലാണ് താരം കൂടുതൽ സജീവം. സഹനടി റോളുകളാണ് ഏറെയും ചെയ്യുന്നത്.


Click it and Unblock the Notifications


