'എന്നെ സൂപ്പർമാനെന്ന് വിളിച്ചപ്പോൾ ആദ്യം മനസിലായില്ല, അപ്പന് എന്തുപറ്റിയെന്നൊക്കെ തിരക്കി'; കുഞ്ചാക്കോ ബോബൻ!
ബുദ്ധിജീവി ചമയാതെ ലോജിക്ക് മാറ്റിവെച്ച് ബാലരമ വായിക്കുന്ന ലാഘവത്തോടെ കാണാൻ ഇരുന്നാൽ ആർക്കും ആസ്വദിക്കാൻ പറ്റുന്ന സിനിമയാണ് കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ഇന്ദ്രജിത്ത് എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത ത്രീ കിങ്സ് എന്ന സിനിമ. സിനിമ റിലീസ് ചെയ്ത സമയത്ത് അഞ്ച് പൈസയ്ക്ക് ഇല്ലാത്ത പടം എന്ന ആക്ഷേപം ത്രീ കിങ്സിന് കേൾക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ 2023ൽ എത്തിനിൽക്കുമ്പോൾ ഏറ്റവും കൂടുതൽ ആളുകൾ റിപ്പീറ്റ് അടിച്ച് കാണുന്ന സിനിമയായി ത്രീ കിങ്സ് മാറി.
വൈ.വി രാജേഷ് തിരക്കഥ ഒരുക്കിയ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് വി.കെ പ്രകാശാണ്. സംവൃത സുനിൽ, സന്ധ്യ, ആൻ അഗസ്റ്റിൻ എന്നിവരായിരുന്നു ചിത്രത്തിൽ നായികമാർ. ഇപ്പോഴും ഈ സിനിമയെ കുറിച്ചുള്ള കുറിപ്പുകൾ സോഷ്യൽമീഡിയയിൽ ആളുകൾ പങ്കുവെക്കുകയും സിനിമ വീണ്ടും ചർച്ച ചെയ്യുകയുമെല്ലാ ചെയ്യാറുണ്ട്.

ഒരു വിഭാഗം പ്രേക്ഷകർക്ക് സിനിമയോട് യോജിപ്പില്ലെങ്കിലും കുട്ടികളുടെ മനസിൽ ത്രീ കിങ്സ് വലിയ രീതിയിൽ പതിഞ്ഞിട്ടുണ്ട്. കുട്ടികൾ ത്രീ കിങ്സ് എന്ന സിനിമയെ എത്രത്തോളം സ്വീകരിച്ചുവെന്നതുമായി ബന്ധപ്പെട്ടുള്ള അനുഭവം ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ കുഞ്ചാക്കോ ബോബൻ.
'ത്രീ കിങ്സ് കുട്ടികൾക്ക് വേണ്ടിയുള്ള ഒരു സിനിമയാണ്. കാരിക്കേച്ചർ ലൈൻ മൂവിയായിരുന്നു. ആ സിനിമ ഇഷ്ടപ്പെട്ടവരും ഇഷ്ടപ്പെടാത്തവരുമായ കുറെ ആളുകളുണ്ട്. പക്ഷെ നമ്മൾ കുട്ടികളെയാണ് ടാർഗറ്റ് ചെയ്തത്. അവർക്ക് ആ പടം ഇഷ്ടപ്പെടുകയും ചെയ്തു.'
'സിനിമയുടെ റിലീസിന് ശേഷം ഞാൻ എറണാകുളം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ കളിക്കാൻ പോയിരുന്നു. ആ സമയത്ത് അവിടെ ഫുട്ബോൾ കളിച്ചുകൊണ്ടിരുന്ന കുറച്ച് പിള്ളേരിൽ നിന്ന് ഒരു പയ്യൻ ഓടി വന്നിട്ട് എന്നെ സൂപ്പർ മാനെന്ന് വിളിച്ചു. രണ്ട് പ്രാവശ്യം അവൻ അങ്ങനെ വിളിച്ചു. എന്തിനാണ് എന്നെ അവൻ അങ്ങനെ വിളിക്കുന്നതെന്ന് എനിക്ക് ആദ്യം മനസിലായില്ല. ഉടൻ തന്നെ ത്രീ കിങ്സ് സൂപ്പർമാൻ എന്ന് പറഞ്ഞു.'
'അപ്പോഴാണ് എനിക്ക് മനസിലായത് ത്രീ കിങ്സിലെ ഒരു പാട്ടിലെ ഒരു ഷോട്ടിൽ ഞാൻ സൂപ്പർമാന്റെ വേഷത്തിൽ വരുന്നുണ്ട്. അത് കണ്ടിട്ടാണ് എന്നെ അവൻ സൂപ്പർമാനെന്ന് വിളിച്ചതെന്ന്. വളരെ ചെറിയൊരു സീക്വൻസിലാണ് ആ വേഷത്തിൽ ഞാൻ വന്നത്.'

'എന്നിട്ടും പിള്ളേരുടെ മനസിൽ ആ സിനിമയും കഥാപാത്രങ്ങളും എല്ലാം പതിഞ്ഞിട്ടുണ്ട് എഞ്ചോയ് ചെയ്തിട്ടുണ്ടെന്നാണ് മനസിലാകുന്നതെന്ന്', കുഞ്ചാക്കോ ബോബൻ പറഞ്ഞു. രാമൻ ഉണ്ണി രാജ എന്നായിരുന്നു ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ ചെയ്ത കഥാപാത്രത്തിന്റെ പേര്. ഒരുപാട് സ്ഥലത്ത് യാത്ര ചെയ്ത് ഷൂട്ട് ചെയ്ത സിനിമ കൂടിയായിരുന്നു ത്രീ കിങ്സ് എന്നും കുഞ്ചാക്കോ ബോബൻ പറയുന്നു.
മകൻ ഇസഹാക്കിനെ കുറിച്ചും അഭിമുഖത്തിൽ താരം സംസാരിച്ചു. വലിയ വികൃതിയില്ലാത്ത കുഞ്ഞാണ് ഇസഹാക്കെന്നും കുഞ്ചാക്കോ ബോബൻ പറയുന്നു. 'ഇസയെ ഹാന്റിൽ ചെയ്യാൻ വലിയ ബുദ്ധിമുട്ടൊന്നുമില്ല.'
'കുറച്ച് കാക്കയേയും പൂച്ചയേയുമൊക്കെ കാണിച്ച് കൊടുത്താൽ മതി. അതുപോലെ തന്നെ ചാവേറിന്റെ ലൊക്കേഷനിൽ വന്നപ്പോൾ ഇസ ചെറുതായി പേടിച്ചു. ഫൈറ്റും ബ്ലെഡും ഒക്കെയായിരുന്നു കാരണം. എന്റെ മുഖത്തൊക്കെ ബ്ലഡ് കണ്ടപ്പോൾ അപ്പന് എന്തുപറ്റി എന്നൊക്കെ അവൻ തിരക്കിയിരുന്നുവെന്നും', കുഞ്ചാക്കോ ബോബൻ പറയുന്നു. ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ കുഞ്ചാക്കോ ബോബൻ സിനിമയായിരുന്നു ടിനു പാപ്പച്ചൻ സിനിമ ചാവേർ.


Click it and Unblock the Notifications