'ഭാര്യയ്ക്ക് 50000 രൂപ ശമ്പളം കൊടുത്തിരുന്നു ഞാൻ, ഭാര്യ അസെറ്റാണ്, മാധവിക്കുട്ടിയോട് പ്രണയമായിരുന്നു'; ജോയ്!
നടനായും സംവിധായകനായും തിരക്കഥാകൃത്തായുമെല്ലാം വളരെക്കാലമായി മലയാള സിനിമയുടെ ഭാഗമാണ് ജോയ് മാത്യു. സിനിമയിലായാലും ജീവിതത്തിലായാലും നിലപാടിന്റെ കാര്യത്തിലും ജോയ് മാത്യു ഒരിക്കലും മുഖം നോക്കിയിട്ടില്ല.
ചാവേറാണ് ഏറ്റവും അവസാനം ജോയ് മാത്യുവിന്റെ തിരക്കഥയിൽ പുറത്തിറങ്ങിയ സിനിമ. ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത സിനിമയിൽ കുഞ്ചാക്കോ ബോബൻ, ആന്റണി പെപ്പെ, അർജുൻ അശോകൻ, സംഗീത തുടങ്ങിയവരായിരുന്നു അഭിനയിച്ചത്. സിനിമയ്ക്ക് സമ്മിശ്രപ്രതികരണമാണ് ലഭിച്ചത്.
2012 മുതൽ മലയാള സിനിമയുടെ ഭാഗമാണെങ്കിലും ഇതുവരെ ജോയ് മാത്യു എഴുതിയ മൂന്ന് തിരക്കഥകൾ മാത്രമാണ് സിനിമയായത്. അതിൽ ജോയ് മാത്യു എഴുതി സംവിധാനം ചെയ്തതിൽ അംഗീകാരങ്ങൾ വാരിക്കൂട്ടിയ സിനിമ ഷട്ടറായിരുന്നു. താൻ തന്നെ സംവിധാനം ചെയ്താലെ ശരിയാകൂ എന്നുള്ള തീരുമാനത്തിന്റെ പേരിൽ ഇതുവരെയും സിനിമയായിട്ടില്ലാത്ത തിരക്കഥകൾ ജോയ് മാത്യുവിന്റെ പക്കൽ വേറെയുമുണ്ട്.

സൗഹൃദങ്ങളിൽ ഊന്നിയാണ് ജോയ് മാത്യുവിന്റെ ജീവിതം. എവിടെ ചെന്നാലും സ്നേഹവും സഹായവുമായി ഒരു സുഹൃത്ത് എങ്കിലും ജോയ് മാത്യുവിനുണ്ടാകും. ജീവിതം നിലനിന്ന് പോകുന്നതിൽ തന്നെ സൗഹൃദത്തിന് നല്ലൊരു പങ്കുണ്ടെന്നാണ് ജോയ് മാത്യു മൈൽ സ്റ്റോൺ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
അടുത്തിടെ താൻ അപകടത്തിൽപ്പെട്ടപ്പോൾ എല്ലാ സഹായവുമായി കൂടെ നിന്നതും സുഹൃത്തുക്കളാണെന്നും ജോയ് മാത്യു പറയുന്നു. 'പല സാഹചര്യങ്ങളിൽ സൗഹൃദം എന്നെ സഹായിച്ചിട്ടുണ്ട്. എന്റെ സിനിമകളിൽ സഹൃദത്തിന് അത്രത്തോളം പങ്കുണ്ട്. സൗഹൃദത്തിന് ഞാൻ അത്രയും വലിയ ബന്ധം കൊടുക്കുന്ന ആളാണ്.'
'സഹോദരങ്ങൾ നമ്മുടെ ജീവിതത്തിലേക്ക് വരുന്ന ആളുകളാണ്. സുഹൃത്തുക്കൾ അങ്ങനെയല്ല... നമ്മൾ തെരെഞ്ഞെടുക്കുന്നവരാണ്. അവർ നമ്മുടെ ഉയർച്ച താഴ്ചയ്ക്ക് ഒപ്പം നിൽക്കുന്നവരാണ്. ഞാൻ ക്രൈസിസിൽ അകപ്പെട്ടാൽ എന്റെ കൂടെ നിൽക്കുന്നവരാണ് എന്റെ സുഹൃത്തുക്കൾ. അടുത്തിടെ എനിക്ക് ഒരു അപകടം സംഭവിച്ചു.'
'ആംബുലൻസിൽ എന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയാണ്. ചാവക്കാട് സമീപം വെച്ചാണ്. അപ്പോഴാണ് ഞാൻ എന്റെ സുഹൃത്തിനെ ഓർത്തത്. ഭാര്യയെ വിളിച്ച് അവനെ വിളിക്കാനാണ് പറഞ്ഞത്. പതിനഞ്ച് മിനിറ്റിനുള്ളിൽ അവർ കാര്യങ്ങൾ എല്ലാം സെറ്റാക്കിയെന്നും', അനുഭവം വെളിപ്പെടുത്തി ജോയ് മാത്യു പറയുന്നു.

മാധവിക്കുട്ടിയുമായും അടുത്തൊരു സൗഹൃദം ജോയ് മാത്യുവിന് ഉണ്ടായിരുന്നു. മാധവിക്കുട്ടിയോട് തനിക്ക് പ്രണയം തോന്നിയിരുന്നതിനെ കുറിച്ചും അഭിമുഖത്തിൽ താരം സംസാരിച്ചു. 'കോളേജ് കാലഘട്ടത്തിൽ തുടങ്ങിയ പ്രണയമായിരുന്നു അവരോട്. ബോധി ബുക്ക് ഹൗസ് നടത്തിയ സമയത്താണ് മാധവിക്കുട്ടിയിലേക്ക് താൻ അടുക്കുന്നത്.'
'സൗഹൃദത്തിനെക്കാളും പ്രണയമായിരുന്നു. ആരെങ്കിലുമുണ്ടോ മാധവികുട്ടിയെ പ്രണയിക്കാത്തത്. പുള്ളിക്കാരിയുടെ നോട്ടം ഒരു കാറ്റ് തഴുകും പോലെയാണ്. കുറെ തമാശകൾ ഞങ്ങൾ പറയും പക്ഷെ ചില സമയം അപരിചിതനെ പോലെ നമ്മളോട് പെരുമാറും. ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഭയങ്കര സുന്ദരിയാണ് അവരെന്നും', ജോയ് മാത്യു പറഞ്ഞു.
ഭാര്യയ്ക്ക് മാസശമ്പളം നൽകാമെന്ന് തീരുമാനിച്ചതിന് പിന്നിലെ കഥയും താരം വെളിപ്പെടുത്തി. നേരത്തെ ഭാര്യയ്ക്ക് ശമ്പളമായി അമ്പതിനായിരം രൂപ വീതം നൽകാറുണ്ടായിരുന്നുവെന്നാണ് ജോയ് മാത്യു പറയുന്നത്. 'ജീവിതത്തിലെ ഏറ്റവും വലിയ അസെറ്റ് ഭാര്യയാണ്. എന്നെ പോലെ ഒരാൾക്ക് ഫാമിലിയുടെ പിന്തുണ ഇല്ലെങ്കിൽ വേറെ രീതിയാകും.'
'ഞാൻ എന്റെ ഭാര്യയെ എത്രത്തോളം സ്നേഹിക്കുന്നുവെന്ന് എനിക്ക് അറിയില്ല. കുടുംബത്തിന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത് അവളാണ്. എന്റെ ഇല്ലായ്മകൾ അറിഞ്ഞ് കൂടെ നിന്നയാളാണ്. ഭാര്യക്ക് കൃത്യമായി ഒരു അമ്പതിനായിരം രൂപ സാലറി കൊടുക്കുന്ന ആളായിരുന്നു ഞാൻ. ആ ഒരു തീരുമാനത്തിലേക്ക് എത്തുന്നത് അവൾക്ക് ജോലി ഇല്ലാത്ത സമയമാണ്.'
'അവൾക്ക് ദുബായിൽ എന്നെക്കാളും നല്ല ജോലി ഉണ്ടായിരുന്നു. എന്നാൽ കുടുംബം നോക്കാൻ വേണ്ടിയാണ് അവൾ അത് വിടുന്നത്. ഈ അമ്പതിനായിരം രൂപ അവൾ ഫുഡ് അടിച്ച് തീർക്കുകയല്ല.... വീട്ടിലെ എല്ലാ കാര്യങ്ങളും ചെയ്യുന്നത് അവളാണെന്നും', ഭാര്യയെ കുറിച്ച് സംസാരിക്കവെ ജോയ് മാത്യു പറഞ്ഞു.


Click it and Unblock the Notifications











