സിനിമയ്ക്ക് വേണ്ടി ജീവിച്ചയാളായിരുന്നു, ശ്രദ്ധിച്ചിരുന്നുവെങ്കിൽ മുൻനിര നടനാകുമായിരുന്നു; റോബിൻ
ഇരുപത് വർഷമായി തെന്നിന്ത്യൻ സിനിമയുടെ ഭാഗമാണ് നടൻ ബാല. തമിഴ്നാട്ടിലെ അറിയപ്പെടുന്ന സിനിമാ കുടുംബത്തിലാണ് ജനിച്ചതെങ്കിലും ബാലയ്ക്ക് ക്ലച്ച് പിടിക്കാൻ മലയാള സിനിമ തന്നെ വേണ്ടി വന്നു. കളഭം എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് മലയാളത്തിലേക്ക് ബാല എത്തുന്നത്. സിനിമ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും സുന്ദരനും സുമുഖനുമായ നായകനെ മലയാളികൾ ശ്രദ്ധിച്ചിരുന്നു.
പിന്നീട് ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ എന്ന സിനിമയിൽ അഭിനയിച്ചു. ബിഗ് ബിയിൽ മമ്മൂട്ടിയുടെ സഹോദര വേഷം ചെയ്തതോടെ ബാല പെൺകുട്ടികൾക്കെല്ലാം പ്രിയങ്കരനായ നടനായി മാറി. റൊമാന്റിക്ക് രംഗങ്ങളെല്ലാം മനോഹരമായി ചെയ്തിരുന്ന ബാല ആക്ഷനിലും പുലിയായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബാല അഭിനയത്തിൽ സജീവമല്ല.

ഷെഫീക്കിന്റെ സന്തോഷത്തിനുശേഷം ബാഡ് ബോയ്സ് എന്ന ഒമർ ലുലു സിനിമയിൽ മാത്രമാണ് ബാല അഭിനയിച്ചത്. എന്ന് നിന്റെ മൊയ്തീനിലും ലൂസിഫറിലും എല്ലാം ശ്രദ്ധിക്കപ്പെടുന്ന പ്രകടനമായിരുന്നു ബാലയുടേത്. പ്രൊഫഷനിൽ കുറച്ച് കൂടി ശ്രദ്ധ കൊടുത്തിരുന്നുവെങ്കിൽ ബാല മുൻനിര താരങ്ങളുടെ നിരയിലുണ്ടാകുമായിരുവെന്ന് പറയുകയാണിപ്പോൾ സംവിധായകൻ റോബിൻ തിരുമല.
ബാല നായകനായ ചെമ്പടയുടെ സംവിധായകൻ റോബിനായിരുന്നു. സിനിമ പരാജയപ്പെട്ടുവെങ്കിലും ബാല അഭിനയിച്ച പാട്ടുകളെല്ലാം ഹിറ്റായിരുന്നു. താൻ പരിചയപ്പെടുമ്പോൾ സിനിമയ്ക്ക് വേണ്ടി മാത്രം ജീവിക്കുന്നയാളായിരുന്നു ബാലയെന്നും റോബിൻ കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
അന്നത്തെ ബാലയ്ക്ക് മലയാളവുമായി അത്ര ബന്ധമൊന്നും ഇല്ലായിരുന്നു. കുറച്ച് കൂടി സിനിമയ്ക്ക് വേണ്ടി ജീവിച്ചിരുന്ന ഒരാളായിരുന്നു. ഇപ്പോൾ അങ്ങനെയല്ലെന്നല്ല. ആരോഗ്യപരമായ പ്രശ്നങ്ങളൊക്കെയുണ്ട്. ഇന്ന് ബാല കുറച്ച് കൂടി സോഷ്യലി കണക്ടടായിട്ടുള്ള ആളാണ്. അതുപോലെ നല്ലതും ചീത്തയുമായ വിവാദങ്ങളും അദ്ദേഹത്തിന്റെ കൂടെയുണ്ട്.
പക്ഷെ അന്ന് ഞാൻ ബാലയെ കാണുമ്പോൾ വളരെ സിൻസിയറായി സിനിമയ്ക്ക് വേണ്ടി നിൽക്കുന്ന അതിമനോഹരമായി ഫൈറ്റ് ചെയ്യുന്ന ഒരാളായിരുന്നു ബാല. രാജേഷായിരുന്നു ചെമ്പടയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായിരുന്നു. രാജേഷായിരുന്നു ബാലയുടെ മുഴുവൻ കാര്യങ്ങളും നോക്കിയിരുന്നത്. പ്രൊഫഷനെ ബാലയ്ക്ക് കുറച്ച് കൂടി നന്നായി കൊണ്ടുപോകാൻ കഴിയുമായിരുന്നുവെന്ന് എനിക്ക് തോന്നുന്നു.

തുടക്ക കാലത്ത് കമ്മിറ്റഡായിട്ടുള്ള ഒരാളായിരുന്നു. ഇന്നും കമ്മിറ്റഡാണ് അല്ലെന്നല്ല. പ്രൊഫഷൻ ശ്രദ്ധിച്ച് മുന്നോട്ട് കൊണ്ടുപോയിരുന്നുവെങ്കിൽ നല്ലൊരു നടനായും മുൻനിരയുള്ള ആക്ടറായും മാറുമായിരുന്നു എന്നും റോബിൻ തിരുമല പറയുന്നു. വിവാഹ ജീവിത്തിലേക്ക് കടന്നതോടെയാണ് ബാലയുടെ കരിയറും ജീവിതവുമെല്ലാം താറുമാറായത്. ഗായിക അമൃത സുരേഷിനെയാണ് നടൻ ആദ്യം വിവാഹം ചെയ്തത്. ആ ബന്ധത്തിൽ നടന് ഒരു പെൺകുഞ്ഞുമുണ്ട്.
മൂന്ന് വർഷത്തെ ആയുസ് മാത്രമെ ആ ദാമ്പത്യത്തിന് ഉണ്ടായിരുന്നുള്ളു. ബാലയ്ക്കൊപ്പം കഴിഞ്ഞാൽ ക്രൂരമായ മാനസീകവും ശാരീരികവുമായ പീഡനം അനുഭവിച്ചിരുന്നുവെന്ന് അടുത്തിടെയാണ് അമൃത വെളിപ്പെടുത്തിയത്. ബന്ധം വേർപ്പെടുത്തിയശേഷം കുഞ്ഞിന്റെ അവകാശം അമൃതയ്ക്കാണ് കോടതി നൽകിയത്. എന്നാൽ വിവാഹമോചനത്തിനുശേഷവും ബാല തങ്ങളെ ഉപദ്രവിച്ചിരുന്നുവെന്നും അമൃത പറഞ്ഞിരുന്നു.
അമൃതയ്ക്ക് മുമ്പ് മറ്റൊരു പെൺകുട്ടിയെ നടൻ വിവാഹം ചെയ്തിരുന്നുവെന്ന വിവരം അടുത്തിടെയാണ് പുറത്ത് വന്നത്. അമൃത പോയശേഷം പത്ത് വർഷത്തോളം ഒറ്റയ്ക്ക് ജീവിച്ച ബാല പിന്നീട് എലിസബത്തിനെ വിവാഹം ചെയ്തു. എന്നാൽ എലിസബത്തിനും ബാലയിൽ നിന്നും മോശം അനുഭവങ്ങളാണുണ്ടായത്. എലിസബത്തും ബാലയുമായുള്ള ബന്ധം വേർപ്പെടുത്തി.
ശേഷം കഴിഞ്ഞ വർഷം അവസാനം ബാല വീണ്ടും വിവാഹിതനായി. ബന്ധുവായ പെൺകുട്ടിയെയാണ് വിവാഹം കഴിച്ചത്. ഇരുവരും ഇപ്പോൾ വൈക്കത്താണ് താമസം. യുട്യൂബ് ചാനലും മറ്റുമായി ബാല സജീവമാണ്.


Click it and Unblock the Notifications











