'എനിക്ക് സംസാരിക്കണം..., അജിത്ത് പറഞ്ഞപ്പോൾ മഞ്‍ജു വിളിച്ചു, ഒരുമിച്ചായിരുന്നു ഭക്ഷണം'; ഫോട്ടോയ്ക്ക് പിന്നിൽ!
സക്സസ് ഫുള്ളായ സിനിമകളുടെ എണ്ണം കണക്കിലെടുത്തോ സ്റ്റാർഡം പരിഗണിച്ചോ താരമൂല്യം നോക്കിയോ ഒന്നും അല്ല മലയാളികൾ നടി ഭാവനയെ സ്നേഹിക്കുന്നത്. നമ്മൾ മുതൽ ഭാവനയ്ക്ക് മലയാളികൾക്കിടയിൽ പ്രത്യേക സ്ഥാനമുണ്ട്. മലയാളത്തിലൂടെയാണ് അഭിനയത്തിലേക്ക് എത്തിയതെങ്കിലും തമിഴും കന്നഡയുമാണ് താരമൂല്യമുള്ള നടിയെന്ന ലേബലിലേക്ക് വളരാൻ ഭാവനയെ സഹായിച്ചത്. യാതൊരു സിനിമാ പാരമ്പര്യവും ഭാവനയ്ക്കുണ്ടായിരുന്നില്ല.
എന്നിട്ടും സഹനടിയിൽ നിന്നും നായിക റോളുകളിലേക്ക് വേഗത്തിൽ എത്തിപ്പെടാനും ഒട്ടനവധി മികച്ച സിനിമകളുടെ ഭാഗമാകാനും ഭാവനയ്ക്ക് സാധിച്ചു. മലയാളത്തിൽ മോഹൻലാൽ, ജയറാം, ദിലീപ്, പൃഥ്വിരാജ്, ആസിഫ് അലി തുടങ്ങി ഒട്ടുമിക്ക മുൻനിര താരങ്ങളുടെയും നായികവേഷം ഭാവന ചെയ്തിട്ടുണ്ട്. തമിഴിലെത്തിയപ്പോഴും അജിത്ത്, ജയംരവി തുടങ്ങിയവർക്കൊപ്പമായിരുന്നു ഭാവനയ്ക്ക് അവസരങ്ങൾ ലഭിച്ചത്.

ഇപ്പോൾ വളരെ സെലക്ടീവായി മാത്രമാണ് ഭാവന സിനിമകൾ ചെയ്യുന്നത്. മലയാളത്തിലും കന്നഡയിലുമാണ് ഭാവനയുടെ ഏറെയും സിനിമകൾ ഇറങ്ങുന്നത്. മലയാളത്തിൽ ഒരിടവേളയ്ക്കുശേഷമാണ് ഭാവന വീണ്ടും സിനിമകൾ ചെയ്ത് തുടങ്ങിയത്. ജീവിതത്തിലുണ്ടായ ചില അപ്രതീക്ഷിതമായ സംഭവങ്ങളാണ് മലയാളത്തിൽ നിന്നും വിട്ടുനിൽക്കാൻ ഭാവനയെ പ്രേരിപ്പിച്ചത്.
ആ വിഷമഘട്ടങ്ങൾ താണ്ടാൻ അഞ്ച് വർഷത്തോളം നീണ്ട ഇടവേളയെടുക്കേണ്ടി വന്നു ഭാവനയ്ക്ക്. മലയാളത്തിലും കന്നഡയിലും ആക്ടീവാണെങ്കിലും തമിഴിൽ ഭാവന ഇപ്പോൾ അഭിനയിക്കാറില്ല. സിനിമകൾ ചെയ്യാറില്ലെങ്കിലും തമിഴിൽ ഭാവനയ്ക്കുള്ള ആരാധകരുടെ എണ്ണം കുറഞ്ഞിട്ടില്ല. ചിത്തിരം പേസുതടി സിനിമയിലൂടെയാണ് ഭാവന തമിഴിലേക്ക് അരങ്ങേറിയത്.
പിന്നീട് ദീപാവലി അടക്കം നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാകാൻ ഭാവനയ്ക്ക് കഴിഞ്ഞു. അതേസമയം അടുത്തിടെ നടൻ അജിത്തിനൊപ്പമുള്ള ഭാവനയുടെ വീഡിയോ വൈറലായിരുന്നു. 2010ൽ പുറത്തിറങ്ങിയ അസൽ എന്ന ചിത്രത്തിൽ അജിത്തിന്റെ നായികയായിരുന്നു ഭാവന. ഇപ്പോഴിതാ അജിത്തും ഭാവനയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് കാരണക്കാരി ഭാവനയുടെ അടുത്ത സുഹൃത്തും നടിയുമായ മഞ്ജു വാര്യരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മാധ്യമപ്രവർത്തകനും സിനിമാനിരൂപകനുമായ ചെയ്യാറു ബാലു.
'അസല്‍ എന്ന ചിത്രത്തിലാണ് ഭാവനയും അജിത്തും നേരത്തെ ഒന്നിച്ചഭിനയിച്ചത്. അന്ന് മുതല്‍ ഇരുവരും തമ്മില്‍ നല്ല ഒരു സൗഹൃദമുണ്ടായിരുന്നു. തുനിവ് എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ച് മഞ്ജു വാര്യരുമൊത്ത് അഭിനയിക്കവെ തനിക്ക് ഭാവനയുമായി സംസാരിക്കണമെന്ന് അജിത്ത് പറയുകയായിരുന്നുവത്രെ.'

'എന്നാല്‍ അന്ന് മഞ്ജു ഫോണില്‍ ട്രൈ ചെയ്തുവെങ്കിലും ഭാവനയെ കിട്ടിയില്ല. മറ്റൊരു നമ്പറിലേക്ക് കൂടെ വിളിച്ചുനോക്കി. പക്ഷെ അതും നോട്ട് റീച്ചബിളായിരുന്നു. പിന്നീട് തന്റെ സഹോദരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ എത്തിയപ്പോള്‍ യാദൃശ്ചികമായി ഭാവന മഞ്ജുവിനെ വിളിച്ചു. സിനിമയുടെ ഷൂട്ടിങ് ചെന്നൈയിലായിരുന്നു. അപ്പോഴാണ് മഞ്ജു പറഞ്ഞത് അജിത്ത് സര്‍ നിന്നോട് സംസാരിക്കണമെന്ന് പറഞ്ഞിരുന്നുവെന്ന്.'
'നോക്കിയപ്പോള്‍ അജിത്തിന്റെ വിടാമുയര്‍ച്ചി എന്ന ചിത്രത്തിന്റെ ഷൂട്ടിങും ചെന്നൈയില്‍ നടക്കുന്നുണ്ടായിരുന്നു. അങ്ങനെയാണ് ഫോണില്‍ വിളിച്ച് സംസാരിച്ചതിനുശേഷം ഭാവന അജിത്തിനെ നേരിട്ട് പോയി കണ്ടത്. അന്ന് ലഞ്ച് നമുക്കൊരുമിച്ച് കഴിക്കാമെന്ന് അജിത്ത് പറഞ്ഞിരുന്നു. ഒരുമിച്ച് ഭക്ഷണം ഒക്കെ കഴിച്ചിട്ടാണ് ഇരുവരും പിരിഞ്ഞത്.'
'അജിത്തിനൊപ്പം അഭിനയിക്കാൻ മാത്രമല്ല ഭാവനയ്ക്ക് വിജയ്ക്കൊപ്പം അഭിനയിക്കാനും അവസരം വന്നിരുന്നു. പുതിയ ഗീതൈ എന്ന ചിത്രത്തില്‍ മീര ജാസ്മിന് പകരം അഭിനയിക്കേണ്ടിയിരുന്നത് ഭാവനയായിരുന്നു.'
'എന്നാല്‍ ഡേറ്റിന്റെ പ്രശ്‌നം കാരണമാണ് അഭിനയിക്കാതിരുന്നതെന്നാണ്', ചെയ്യാര്‍ ബാലു പറയുന്നത്. 2010നുശേഷം ഭാവന തമിഴിൽ സിനിമകളൊന്നും തന്നെ ചെയ്തിട്ടില്ല. മലയാളത്തിൽ റാണി ദി റിയൽ സ്റ്റോറിയാണ് ഏറ്റവും അവസാനം പുറത്തിറങ്ങിയ ഭാവനയുടെ സിനിമ.


Click it and Unblock the Notifications











