'നയൻതാരയുടെ ശാപം കിട്ടിയതാണ്, വിഘ്നേഷിന് വേണ്ടി അജിത്തിനോട് നയൻതാര പലവട്ടം റിക്വസ്റ്റ് ചെയ്തിരുന്നു'; ബാലു!
തമിഴ് സിനിമയിൽ ഇന്ന് ഏറ്റവും പ്രബലമായ ഒരു താരജോഡിയാണ് ലേഡി സൂപ്പർസ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും. നിർമ്മാണം അടക്കം സിനിമയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും ഇരുവരും ശക്തിപ്പെട്ട് വരികയാണ്. മുപ്പത്തിയെട്ടുകാരനായ വിഘ്നേഷ് ശിവൻ 2007 മുതൽ തമിഴ് സിനിമയുടെ ഭാഗമാണ്. ഇതുവരെ സിമ്പു, വിജയ് സേതുപതി, സൂര്യ തുടങ്ങിയ സൂപ്പർ താരങ്ങളെയെല്ലാം നായകന്മാരാക്കി സിനിമ എടുത്ത് കഴിഞ്ഞു വിഘ്നേഷ് ശിവൻ.
വിജയ് സേതുപതി, നയൻതാര, സാമന്ത എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ കാത്തുവാക്ക്ലെ രണ്ട് കാതൽ വിജയമായശേഷം വിഘ്നേഷ് ശിവൻ തല അജിത്തിനെ നായകനാക്കി സിനിമ ചെയ്യാൻ ഒരുങ്ങുന്നുവെന്ന ഔദ്യോഗിക പ്രഖ്യാപനം വന്നിരുന്നു. എന്നാൽ മാസങ്ങൾക്ക് ശേഷം വിഘ്നേഷിനെ ചിത്രത്തിൽ നിന്നും മാറ്റി മഗിഴ് തിരുമേനിയെ വെച്ചതായി റിപ്പോർട്ടുകൾ വന്നു.

ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷനായി വിഘ്നേഷ് ശിവന് ഏകദേശം ആറ് മാസത്തെ സമയം നൽകിയിരുന്നെങ്കിലും അജിത്തിനെയും നിർമ്മാതാക്കളെയും തൃപ്തരാക്കാൻ വിഘ്‌നേഷ് ശിവന് കഴിയാത്തതിനാലാണ് സംവിധായക സ്ഥാനത്ത് നിന്നും അദ്ദേഹത്തെ മാറ്റിയതെന്നാണ് വിശദീകരണം വന്നത്. തുണിവാണ് അജിത്തിന്‍റേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. പൊങ്കൽ റിലീസായാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്.
എച്ച്. വിനോദ് സംവിധാനം ചെയ്ത ചിത്രത്തിന്‍റെ നിർമാണം ബോണി കപൂറാണ് നിർവഹിച്ചത്. മഞ്ജു വാര്യർ, ജോൺ കൊക്കൻ, സമുദ്രക്കനി, ജിഎം സുന്ദർ എന്നിവരാണ് അജിത്തിന് പുറമെ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ചത്. അജിത്തുമായുള്ള സിനിമ മുടങ്ങിയശേഷം പിന്നീട് മറ്റൊരു പ്രോജക്ട് വിഘ്നേഷ് കമ്മിറ്റ് ചെയ്തിരുന്നില്ല.
നയൻതാരയ്ക്കൊപ്പം ബിസിനസും ഗാനരചനയും മറ്റുമായി തിരക്കിലായിരുന്നു വിഘ്നേഷ്. അതുമാത്രമല്ല. അജിത്തും അതിനുശേഷം ഒരു ഷൂട്ടിന്റെയും ഭാഗമായില്ല. വിടാമുയർച്ചി എന്നൊരു സിനിമ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെയും അതിന്റെ വർക്കുകളൊന്നും തുടങ്ങിയില്ല. പ്രോജക്ട് പ്രഖ്യാപിച്ചിട്ടും അജിത്ത് സിനിമയുടെ ഷൂട്ട് നീണ്ടുപോകുന്നതിന് പിന്നിൽ നയൻതാരയുടെ ശാപമാണെന്ന് പറയുകയാണ് ചെയ്യാറു ബാലു.
'അജിത്തിന്റെ വിടാമുയർച്ചി സിനിമയ്ക്ക് സംഭവിക്കുന്ന തടസങ്ങൾക്ക് പിന്നിൽ വിഘ്നേഷ് ശിവന്റെ ശാപമല്ല നയൻതാരയുടെ ശാപമാണ്. എകെ 62 പ്രഖ്യാപിച്ചുകൊണ്ട് വിഘ്നേഷ് ശിവനാണ് സംവിധാനമെന്ന് അണിയറപ്രവർത്തകർ വെളിപ്പെടുത്തിയശേഷം വിഘ്നേഷ് ശിവന് സിനിമ മേഖലയിലും പ്രേക്ഷകർക്കിടയിലും വലിയ മതിപ്പുണ്ടായി.'

'വിഘ്നേഷ് ശിവനെക്കാൾ നയൻതാരയ്ക്കാണ് അത് കൂടുതൽ അഭിമാനവും പെരുമയും നൽകിയത്. അതുപോലെ തന്നെ അജിത്തിനൊപ്പം നയൻതാര അഭിനയിക്കാൻ പോകുന്നുവെന്ന തരത്തിൽ വരെ കാര്യങ്ങൾ എത്തിയിരുന്നു. മാത്രമല്ല സന്താനം വീണ്ടും അഭിനയത്തിലേക്ക് തിരിച്ച് എത്തുന്നുവെന്നും റിപ്പോർട്ടുണ്ടായിരുന്നു. ഒരു കോടി രൂപയാണ് സന്താനത്തിന് പ്രതിഫലം തീരുമാനിച്ചിരുന്നത്. അജിത്ത് നേരിട്ട് സന്താനത്തെ വിളിച്ച് സംസാരിച്ചതാണ്.'
'പക്ഷെ അവസാന നിമിഷം കഥയിലെ പ്രശ്നങ്ങൾ കാരണം കാണിച്ച് വിഘ്നേഷ് ശിവനെ പ്രോജക്ടിൽ നിന്നും ഒഴിവാക്കി. ഒരു മാസ് ഹീറോയുടെ പടത്തിൽ നിന്നൊക്കെ സംവിധായകൻ ഒഴിവാക്കപ്പെട്ടാൽ കൊമേഡിയൻ റോൾ ചെയ്യുന്ന താരങ്ങൾ പോലും പിന്നെ ആ സംവിധായകന്റെ കഥ കേൾക്കാൻ തയ്യാറാകില്ല. വിഘ്നേഷ് ശിവനെ ഒഴിവാക്കിയെന്ന് അറിഞ്ഞ് നയൻതാര അജിത്തിനെ വിളിച്ചിരുന്നു.'
'പലവട്ടം ആവർത്തിച്ച് വിളിച്ച് നയൻതാര അജിത്തിനോട് റിക്വസ്റ്റ് ചെയ്തിരുന്നു', എന്നാണ് ചെയ്യാറു ബാലു അടുത്തിടെ ഒരു തമിഴ് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. അതേസമയം വിഘ്‌നേഷ് സംവിധായകനും നിര്‍മാതാവുമാകുന്ന പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവും പൂജയും കഴിഞ്ഞ ദിവസം നടന്നിരുന്നു. ലവ് ഇന്‍ഷുറന്‍സ് കമ്പനിയെന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ എസ്‌ജെ സൂര്യ, പ്രദീപ് രംഗനാഥന്‍, കൃതി ഷെട്ടി എന്നിവരാണ് അഭിനയിക്കുന്നത്.


Click it and Unblock the Notifications