'പോസ്റ്റുമാന് കൊണ്ടുവരാൻ കഴിയാത്ത അത്രയും കത്തുകൾ; ശാലിനി തീരുമാനം മാറ്റിയത് ഒറ്റക്കാരണത്താൽ'; ചെയ്യാറു ബാലു
തമിഴ് സിനിമാ രംഗത്ത് തരംഗം സൃഷ്ടിച്ച നടനാണ് മാധവൻ. മലയാളത്തിൽ കുഞ്ചാക്കോ ബോബൻ ആഘോഷിക്കപ്പെട്ടത് പോലെ തമിഴകത്ത് സ്വീകാര്യത നേടിയത് മാധവനാണ്. റൊമാന്റിക് ഹീറോ ഇമേജിൽ അക്കാലത്ത് മാധവൻ അറിയപ്പെട്ടു. അലൈപായുതേ, മിന്നലെ തുടങ്ങിയ സിനിമകളിൽ മാധവൻ ചെയ്ത കഥാപാത്രം ഏറെ ജനശ്രദ്ധ നേടി. സ്ത്രീകളുടെ ആരാധ്യ പുരുഷനാണ് അന്നും ഇന്നും മാധവൻ. കരിയറിൽ ഒരു ഘട്ടത്തിൽ മാധവന് താഴ്ചയും നേരിട്ടു.
വിജയ്, സൂര്യ, അജിത്ത് തുടങ്ങിയ നടൻമാർ താരങ്ങളായി വളരുന്ന കാലഘട്ടത്തിൽ മാധവന് അവസരങ്ങൾ കുറഞ്ഞു. തമിഴിലെ മുൻനിര നായകനായിരുന്ന മാധവൻ പിന്നീട് ബോളിവുഡിൽ പ്രധാന്യം കുറഞ്ഞ സഹനായക വേഷങ്ങളും ചെയ്തു. അതേസമയം ഇന്ന് വ്യത്യസ്തമായ സിനിമകളിലൂടെ പഴയ താരമൂല്യം തിരിച്ച് പിടിച്ചിരിക്കുകയാണ് നടൻ. മാധവനെക്കുറിച്ച് സംസാരിക്കുകയാണ് തമിഴ് സിനിമാ രംഗത്തെ മാധ്യമപ്രവർത്തൻ ചെയ്യാറു ബാലു.
തുടക്ക കാലത്ത് ആരാധകരുടെ എണ്ണിയാലൊടുങ്ങാത്ത കത്തുകൾ മാധവന് വരാറുണ്ടായിരുന്നെന്ന് ചെയ്യാറു ബാലു പറയുന്നു. അലൈ പായുതേ ഇറങ്ങിയ സമയത്ത് മാധവന്റെ അഭിമുഖം എടുത്തിരുന്നു. വീട്ടിൽ വെച്ചായിരുന്നു അഭിമുഖം. ഇതിനിടെ പോസ്റ്റ്മാൻ അങ്ങോട്ട് വന്നു. പോസ്റ്റ് ഓഫീസിൽ കത്തുകൾ വന്നിട്ടുണ്ട്. കാെണ്ട് വരാൻ പറ്റില്ല അത്രയും ഉണ്ട്, ഒരു സഹായിയെ വിട്ടാൽ എത്തിക്കാം എന്ന് പറഞ്ഞു. കത്തുകൾ എത്തിച്ചു.

നിരവധി പ്രണയ ലേഖനങ്ങളായിരുന്നു. ഫോട്ടോകളും മറ്റുമാണ് കത്തുകളിൽ ആവശ്യപ്പെടുന്നത്. മറുപടിയും ഫോട്ടോയും അയക്കാനായി ഒരാളെ മാധവൻ ഏൽപ്പിച്ചു. അക്കാലത്ത് ആരാധകരും താരങ്ങളും തമ്മിലുള്ള ബന്ധം ഇതായിരുന്നു. ഇതൊക്കെ മാധവന്റെ വളർച്ചയ്ക്ക് കാരണമാണെന്നും ചെയ്യാറു ബാലു അഭിപ്രായപ്പെട്ടു.
അലൈപായുതെയ്ക്ക് ശേഷവും റൊമാന്റിക് വേഷങ്ങൾ ചെയ്ത മാധവന് മറ്റ് കഥാപാത്രങ്ങൾ വഴങ്ങില്ലെന്ന് സിനിമാ ലോകം കരുതി. എന്നാൽ മാധവനെ വെച്ച് റൺ എന്ന സിനിമ ചെയ്യാൻ ലിംഗുസ്വാമി തയ്യാറായി. സിനിമയിൽ ആക്ഷൻ രംഗങ്ങൾ ചെയ്ത് മാധവൻ പ്രേക്ഷകപ്രീതി നേടിയെന്നും ചെയ്യാറു ബാലു ചൂണ്ടിക്കാട്ടി.

അലൈപായുതെ എന്ന സിനിമ വൻ ഹിറ്റായതിനെക്കുറിച്ചും ചെയ്യാറു ബാലു സംസാരിച്ചു. മാധവൻ-ശാലിനി കോംബോ സിനിമയിലൂടെ വൻ ഹിറ്റായി. ശാലിനി ഇന്റിമേറ്റ് സീനുകളിലൊന്നും അഭിനയിക്കില്ലായിരുന്നു. എന്നാൽ സിനിമയ്ക്ക് ഇത് ആവശ്യമാണെന്ന് മണിരത്നം പറഞ്ഞത് കൊണ്ടാണ് അലൈപായുതേയിൽ റൊമാന്റിക് സീനുകളിൽ അഭിനയിച്ചതെന്നും ഇദ്ദേഹം പറയുന്നു.
2000 ത്തിലാണ് അലൈപായുതേ റിലീസ് ചെയ്യുന്നത്. മാധവന്റെ ആദ്യ തമിഴ് സിനിമയായിരുന്നു ഇത്. അതിന് മുമ്പ് ഹിന്ദി ടെലിവിഷൻ സീരിയലുകളിൽ മാധവൻ അഭിനയിച്ചിട്ടുണ്ട്. മാധവനും ശാലിനിക്കും കരിയറിൽ എന്നും ഓർക്കാൻ പറ്റുന്ന സിനിമയായി അലൈപായുതേ മാറി. അനിയത്തി പ്രാവ്, നിറം തുടങ്ങിയ സിനിമകളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ ശാലിനി ചുരുങ്ങിയ കാലം കൊണ്ട് തമിഴ് സിനിമാ രംഗത്തും ശ്രദ്ധിക്കപ്പെട്ടു.
അലൈപായുതേയ്ക്ക് ശേഷം കൈ നിറയെ അവസരങ്ങൾ വന്നെങ്കിലും ശാലിനി വിവാഹം ചെയ്ത് കുടുംബ ജീവിതത്തിലേക്ക് കടന്നു. നിറം എന്ന മലയാള സിനിമയുടെ തമിഴ് റീമേക്കായ പ്രിയദ വരം വേണ്ടും എന്ന സിനിമയിലാണ് ശാലിനി അവസാനമായി അഭിനയിച്ചത്. ശാലിനിയുടെ ഭർത്താവ് അജിത്ത് ഇന്ന് തമിഴ് സിനിമാ രംഗത്തെ സൂപ്പർസ്റ്റാറാണ്. സിനിമയിൽ നിന്നകന്ന ശേഷം ലൈം ലൈറ്റിൽ നിന്നും ശാലിനി മാറി നിന്നു. അടുത്തിടെയാണ് താരം സോഷ്യൽ മീഡിയയിലേക്ക് കടന്ന് വന്നത്.


Click it and Unblock the Notifications