'വിജയകാന്തിനെ കാണാൻ ശ്രമിച്ചപ്പോഴൊന്നും വിജയ്ക്ക് അനുവാദം കിട്ടിയിരുന്നില്ല, ആ കണ്ണുനീർ സത്യമുള്ളതാണ്'
തമിഴകത്തിന് കരുത്തും കരുതലുമായിരുന്ന ക്യാപ്റ്റന് വികാരനിർഭര യാത്രാമൊഴിയാണ് തമിഴ് മക്കൾ നൽകിയത്. നടനും ഡിഎംഡികെ സ്ഥാപക അധ്യക്ഷനുമായ വിജയകാന്തിന്റെ സംസ്കാരം ചെന്നൈയിൽ നടന്നപ്പോൾ പങ്കെടുക്കാൻ ഒഴുകിയെത്തിയത് ആയിരങ്ങളായിരുന്നു. വൈകിട്ട് ഏഴ് മണിയോടെ കോയമ്പേട്ടിലെ പാർട്ടി ആസ്ഥാനത്ത് പൂർണ സംസ്ഥാന ബഹുമതികളോടെയായിരുന്നു വിജയകാന്തിന്റെ സംസ്കാരം നടന്നത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദർരാജൻ തുടങ്ങിയ പ്രമുഖർ സംസ്കാര ചടങ്ങിൽ പങ്കെടുത്തിരുന്നു.
ബീച്ചിലെ അയലൻഡ് മൈതാനത്ത് 10 മണിക്കൂറോളം നീണ്ട പൊതുദർശനത്തിന് ശേഷം വിലാപയാത്രയായാണ് മൃതദേഹം കോയമ്പേട്ടിൽ എത്തിച്ചത്. കേന്ദ്ര സർക്കാരിനെ പ്രതിനീധികാരിച്ച് ധനമന്ത്രി നിർമല സീതാരാമനും, രജിനികാന്ത്, കമൽഹാസൻ തുടങ്ങിയ സൂപ്പർ താരങ്ങളും അയലൻഡ് മൈതാനത്ത് എത്തി പുഷ്പചക്രം സമർപ്പിച്ചിരുന്നു.

അടുത്ത ബന്ധുക്കൾക്കും പാർട്ടി നേതാക്കൾക്കും സിനിമാ -രാഷ്ട്രീയ മേഖലയിലെ പ്രമുഖർക്കും മാത്രമാണ് സംസ്കാര ചടങ്ങിൽ പ്രവേശനം അനുവദിച്ചത്. വിജയകാന്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാൻ കഴിഞ്ഞ ദിവസം രാത്രി സൂപ്പർ താരം വിജയ് എത്തിയിരുന്നു. വിജയകാന്തിന്റെ ഭാര്യ പ്രേമലത ഉൾപ്പെടെയുള്ള കുടുംബാംഗങ്ങങ്ങളെ വിജയ് ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു.
പ്രിയ താരത്തെ കണ്ട് വികാരധീനനായി നിൽക്കുന്ന വിജയിയുടെ വീഡിയോ വൈറലാണ്. മരണവാർത്ത അറിഞ്ഞയുടൻ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നും പറന്നെത്തുകയായിരുന്നു വിജയ്. ഇരുവരും കുടുംബ സുഹൃത്തുക്കളും നല്ലൊരു ആത്മബന്ധം പരസ്പരം കാത്തുസൂക്ഷിക്കുന്നവരുമായിരുന്നു. തുടക്കകാലത്ത് വിജയ്ക്ക് ഏറ്റവും കൂടുതൽ പിന്തുണ നൽകിയത് വിജയകാന്ത് ആയിരുന്നു.
മാത്രമല്ല വിജയിയുടെ പിതാവ് എസ്. എ ചന്ദ്രശേഖറിന്റെ നിരവധി സിനിമകളിൽ വിജയകാന്ത് നായകനായി അഭിനയിച്ചിട്ടുമുണ്ട്. വിജയകാന്തിന് അന്തിമോപചാരം അർപ്പിക്കാനെത്തിയ വിജയ്ക്ക് നേരെയുണ്ടായ ചെരുപ്പേറിനെ കുറിച്ച് സിനിമാനിരൂപകൻ ചെയ്യാറു ബാലു പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.
വിജയകാന്തിനെ കാണാൻ ശ്രമിച്ചപ്പോഴൊന്നും വിജയ്ക്ക് അനുവാദം കിട്ടിയിരുന്നില്ലെന്നും അതുകൊണ്ടാണ് ജീവിച്ചിരുന്നപ്പോൾ വിജയ്ക്ക് അദ്ദേഹത്തെ സന്ദർശിക്കാൻ കഴിയാതിരുന്നതെന്നുമാണ് ചെയ്യാറു ബാലു അരംനാടിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. 'കഴിഞ്ഞ ഒരു ആറ്, ഏഴ് മാസമായി വിജയകാന്തിനെ കാണാനുള്ള അനുമതിക്കായി വിജയ് ശ്രമിക്കുന്നുണ്ട്. പക്ഷെ അനുമതി കിട്ടിയില്ല.'

'അപ്പോയ്ൻമെന്റിനായി വിജയ് ശ്രമിച്ചപ്പോഴെല്ലാം വിജയകാന്ത് ചികിത്സയ്ക്കും മറ്റുമായും അവശതകൊണ്ടും പലയിടങ്ങളിൽ ആയിരുന്നു. അല്ലാതെ വിജയ് അദ്ദേഹത്തെ മനപൂർവം അവഗണിച്ചതല്ല. പുരട്ച്ചികലഞ്ചർ എന്ന പേര് വിജയകാന്തിന് സിനിമയിൽ ലഭിക്കാൻ കാരണക്കാരയവരിൽ ഒരാൾ വിജയിയുടെ പിതാവ് ചന്ദ്രശേഖറാണ്. ആ സ്നേഹം വിജയകാന്തിന് ചന്ദ്രശേഖറോടും വിജയിയോടുമുണ്ട്.'
'വിജയിയെ സിനിമയിൽ ഇൻട്രൊഡ്യൂസ് ചെയ്യാൻ സഹായം ചോദിച്ച് ചന്ദ്രശേഖർ പല സൂപ്പർ താരങ്ങളെയും സമീപിച്ചിരുന്നു. പക്ഷെ ആരും അതിന് തയ്യാറായില്ല. പലരും പരിഹസിക്കുകയാണ് ചെയ്തത്. ആ സമയത്ത് തമിഴകത്തെ സൂപ്പർ താരമാണ് വിജയകാന്ത്. ഇന്ന് വിജയ്ക്കും അജിത്തിനുമുള്ള ആരാധകരെ മുഴുവൻ ചേർത്താൻ എത്രയുണ്ടാകുമോ അതായിരുന്നു വിജയകാന്തിന് അന്നുണ്ടായിരുന്ന ഫാൻസ്.'
'ഒരു ദിവസം നാല് സിനിമകളിൽ ഒക്കെ അദ്ദേഹം അഭിനയിക്കുന്ന സമയവുമായിരുന്നു. മനസില്ലാമനസോടെയാണ് മകന് വേണ്ടി സഹായം ചോദിക്കാൻ വിജയകാന്തിന് അടുത്ത് ചന്ദ്രശേഖർ പോയത്. പക്ഷെ ഗംഭീരവരവേൽപ്പാണ് അദ്ദേഹം നൽകിയത്. മാത്രമല്ല വിജയ്ക്കൊപ്പം അഭിയിക്കാൻ തയ്യാറായി ഡേറ്റും അഡ്ജസ്റ്റ് ചെയ്ത് കൊടുത്തു വിജയകാന്ത്. ഇരുവരും ഒരുമിച്ച് അഭിനയിച്ച സിനിമയിൽ പല സീനുകളിലും വിജയിയെ പെർഫോം ചെയ്യാൻ വിട്ട് അദ്ദേഹം കാഴ്ചക്കാരനെപ്പോലെ നിന്നു.'
'വിജയകാന്ത് അല്ലാതെ മറ്റൊരു അതിനൊന്നും സ്റ്റാർഡം മറന്ന് തയ്യാറാവില്ല. എന്തിന് വിജയിയോ അജിത്തോ പോലും തയ്യാറാകില്ല. ആ സ്നേഹം വിജയ്ക്ക് വിജയകാന്തിനോടുണ്ട്. അതാണ് വിജയ്ക്ക് സങ്കടം അടക്കാൻ കഴിയാതെ പോയത്. അല്ലാതെ സങ്കടം അഭിനയിച്ചതൊന്നുമല്ല. ആ കണ്ണുനീർ സത്യമുള്ളതാണ്. വിജയ്ക്ക് നേരെയുണ്ടായ ചെരുപ്പേറ് വളരെ മോശം പ്രവൃത്തിയായിപ്പോയി. വിജയകാന്തുണ്ടായിരുന്നെങ്കിൽ അദ്ദേഹം അത് ചെയ്തവരെ വെറുതെ വിടില്ലായിരുന്നുവെന്നാണ്', ചെയ്യാറു ബാലു പറഞ്ഞത്.


Click it and Unblock the Notifications











