ഒപ്പുവെക്കും മുമ്പ് വായിച്ചപ്പോൾ അവരുടെ കണ്ണുകൾ ഈറനണിഞ്ഞു, ഒരു മകനുണ്ടായിരുന്നെങ്കിൽ...; തുറന്ന് പറച്ചിൽ
സിനിമാ ലോകത്തിന് മറക്കാൻ പറ്റാത്ത നടിയാണ് ശ്രീവിദ്യ. ശ്രീവിദ്യയുടെ ജീവിതത്തിലുണ്ടായ സംഭവങ്ങൾ പലതും ഇന്നും ചർച്ചയാകാറുണ്ട്. പ്രണയത്തിൽ ഒന്നിലേറെ തവണ വഞ്ചിക്കപ്പെട്ട നടിയാണ് ശ്രീവിദ്യയെന്ന് സഹപ്രവർത്തകർ തുറന്ന് പറഞ്ഞിട്ടുണ്ട്. പ്രണയത്തകർച്ചകൾ, വിവാഹമോചനം, രോഗാതുരമായ അവസാന നാളുകൾ തുടങ്ങി പല ഘട്ടങ്ങൾ ശ്രീവിദ്യക്ക് അഭിമുഖീകരിക്കേണ്ടി വന്നു. 2006 ലാണ് ശ്രീവിദ്യ ലോകത്തോട് വിട പറഞ്ഞത്.
ശ്രീവിദ്യയെക്കുറിച്ചുള്ള ഓർമ്മ പങ്കുവെക്കുകയാണ് ഫിലിം ജേർണലിസ്റ്റ് ചെയ്യാറു ബാലു. വർഷങ്ങൾക്ക് മുമ്പ് നടിയെ അഭിമുഖം ചെയ്തതിനെക്കുറിച്ചാണ് ചെയ്യാറു ബാലു സംസാരിച്ചത്. '2002 ൽ ഞാനൊരു വാരികയിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു. ആ സമയത്ത് മറ്റൊരു വാരികയിൽ ശ്രീവിദ്യയെക്കുറിച്ച് ഒരു വാർത്ത വന്നു. സായ് ബാബ ഭക്തരെന്ന് പറഞ്ഞ് ശ്രീവിദ്യയിൽ നിന്നും ചിലർ ലക്ഷങ്ങൾ കൈക്കലാക്കി എന്നായിരുന്നു വാർത്ത'

'ഇതേക്കുറിച്ച് ഒരു അഭിമുഖം ചെയ്യാൻ എന്നെ ഏൽപ്പിച്ചു. ആ കാലഘട്ടത്തിൽ ഒരു മാധ്യമത്തെയും കാണില്ലെന്ന പിടിവാശിയിലായിരുന്നു ശ്രീവിദ്യ. ലാന്റ് ലൈൻ ഫോണിൽ വിളിച്ച് രണ്ട് തവണ ചോദിച്ചപ്പോഴും മറുപടി ഇല്ല. മൂന്നാമത്തെ തവണ ചോദിച്ചപ്പോൾ നിങ്ങളുടെ വാരികയാണ് എന്നെക്കുറിച്ച് തെറ്റായി എഴുതിയതെന്ന് ശ്രീവിദ്യ പറഞ്ഞു. അക്കാലത്ത് അതേ വാരികയിൽ തന്നെ ശ്രദ്ധ നേടിയ അവരുടെ ഒരു അഭിമുഖം വന്നിരുന്നു'
'അത് ചൂണ്ടിക്കാണിച്ചപ്പോൾ ഒരു നിമിഷം നിശബ്ദയായി. നിന്റെ പേരെന്താണ് അനിയാ, എന്ന് ചോദിച്ചു. രാവിലെ ഫോൺ ചെയ്യൂ എന്നും പറഞ്ഞു. ഞാൻ ഫോൺ ചെയ്തു. ജീവിതത്തിലെ അനുഭവങ്ങളെക്കുറിച്ച് കവർ സ്റ്റോറി ചെയ്യാനാണുദ്ദേശിക്കുന്നതെന്ന് പറഞ്ഞു. അര മണിക്കൂർ സമയം തരും, വിവാദ ചോദ്യങ്ങളൊന്നും ചോദിക്കരുതെന്ന് പറഞ്ഞു. അഭിമുഖം പ്രിന്റ് ആകുന്നതിന് മുമ്പ് അഭിമുഖം തന്നെ കാണിച്ച് ഒപ്പ് വാങ്ങണമെന്നും ശ്രീവിദ്യ ആവശ്യപ്പെട്ടു. നിബന്ധനകളെല്ലാം അംഗീകരിച്ച് അഭിമുഖമെടുത്തത്,' ചെയ്യാറു ബാലു പറയുന്നു.

'ബുദ്ധിമുട്ടിയാണ് അവരുടെ വീട് കണ്ടുപിടിച്ചത്. അടയാളം കാണിച്ചപ്പോഴാണ് വിളിച്ചത് ഞാനാണെന്ന് അവർ വിശ്വസിച്ചത്. ചോദ്യങ്ങളെല്ലാം കൊടുത്തു. ചില ചോദ്യങ്ങൾ അവർ വേണ്ടെന്ന് പറഞ്ഞു. അഭിമുഖം നാളെ മുതൽ എടുക്കാമെന്ന് അവർ പറഞ്ഞു. ഞാൻ തിരിച്ച് പോയി. എന്റെയടുത്ത് ബൈക്കില്ല. ബസ് കയറിയും നടന്നുമെല്ലാം വിയർത്ത് കുളിച്ചാണ് വീട്ടിലെത്തിയത്. എങ്ങനെയാണ് വന്നതെന്നറിഞ്ഞപ്പോൾ ശ്രീവിദ്യക്ക് വിഷമം തോന്നി'
'വീട്ടിനുള്ളിലേക്ക് വിളിച്ച് വെള്ളം തന്നു. ടേപ്പ് റെക്കോർഡർ കൊണ്ടുവന്നിട്ടുണ്ടോ എന്ന് ചോദിച്ചു. ഇല്ലെന്ന് പറഞ്ഞപ്പോൾ ടേപ്പ് ഉണ്ടെങ്കിലേ അഭിമുഖം തരൂ എന്ന് പറഞ്ഞു. തെറ്റായെടുക്കരുത് നാളെ വരൂ എന്നും പറഞ്ഞു. അഭിമുഖം എടുത്തേ പറ്റൂ എന്ന് ഞാൻ തീരുമാനിച്ചിരുന്നു. ടേപ്പ് കൊണ്ടുവന്ന് അഭിമുഖം ആരംഭിച്ചു. നല്ല രീതിയിൽ അവർ സംസാരിച്ചു. അഭിമുഖത്തിന്റെ ബ്ലൂ പ്രിന്റ് അവരെ കാണിച്ചു. അഭിമുഖം മുഴുവൻ വായിച്ചപ്പോൾ അവർ കണ്ണ് ഈറനണിഞ്ഞു. സൂപ്പർ എന്നെഴുതി അവർ ഒപ്പുവെച്ചു'
'വീട്ടിലേക്ക് വിളിച്ച് അവർ സംസാരിച്ചു. എനിക്കൊരു മകനുണ്ടെങ്കിൽ നിന്റെ പ്രായത്തിലായിരിക്കുമെന്ന് പറഞ്ഞ് അവർ സംസാരിച്ചു. പറയാൻ പറ്റാത്ത പല വ്യക്തിപരമായ കാര്യങ്ങളും മകനോടെന്ന പോലെ അവർ സംസാരിച്ചു. അന്ന് പറഞ്ഞ കാര്യങ്ങൾ എവിടെയും ഞാൻ പറയില്ല. കബളിക്കപ്പെട്ട വിഷയങ്ങളെല്ലാം അവർ സംസാരിച്ചു,' ചെയ്യാറു ബാലു ചൂണ്ടിക്കാട്ടി.


Click it and Unblock the Notifications