'ഞാൻ പഠിക്കാൻ പോയില്ലെങ്കിൽ അച്ഛന് ഭയങ്കര സന്തോഷമാകും... വീട്ടിൽ തന്നെ ഇരുന്നോളാൻ പറയും'; മീനാക്ഷി അനൂപ്!
അമര്‍ അക്ബര്‍ ആന്‍റണിയിലെ മൂവര്‍ സംഘത്തിന്‍റെ പ്രിയപ്പെട്ട പാത്തുവായും ഒപ്പത്തിലെ രാമച്ഛന്‍റെ നന്ദിനിയായും മലയാള സിനിമ പ്രേമികള്‍ക്ക് പ്രിയങ്കരിയായി മാറിയ ബാലതാരമാണ് മീനാക്ഷി അനൂപ്. ബാലതാരമായി മലയാളത്തിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിച്ച് തുടങ്ങിയ മീനാക്ഷി ടെലിവിഷന്‍ ഷോകളില്‍ അവതാരകയായാണ് കുടുംബപ്രേക്ഷകര സമ്പാദിച്ചത്. ടോപ്പ് സിങർ എന്ന മലയാളം റിയാലിറ്റി ഷോയുടെ പ്രധാന ആകർഷണം തന്നെ മീനാക്ഷി അനൂപാണ് അവതാരക എന്നതാണ്.
ഒട്ടുമിക്ക പ്രേക്ഷകരും ടോപ്പ് സിങർ കണ്ടിരുന്നതുപോലും മീനാക്ഷിക്ക് വേണ്ടിയാണ്. വളരെ ചെറിയ പ്രായം മുതൽ അഭിനയത്തിൽ സജീവമായുള്ള മീനാക്ഷിക്ക് ഒട്ടനവധി നല്ല സിനിമകളുടെ മാത്രമല്ല നല്ല പാട്ടുകളുടെയും ഭാഗമാകാൻ കഴിഞ്ഞു. അമർ അക്ബർ അന്തോണിയിലേയും ഒപ്പത്തിലേയും പാട്ടുകൾ കേൾക്കുമ്പോൾ ആദ്യം തന്നെ മലയാളികൾ ഓർമ വരിക മീനാക്ഷിയുടെ മുഖമാണ്.

അനൂപ്- രമ്യ ദമ്പതികളുടെ മകളായ മീനാക്ഷി കോട്ടയം സ്വദേശിയാണ്. അനുനയ അനൂപ് എന്നാണ് യഥാർഥ പേര്. കോട്ടയത്തുള്ള കിടങ്ങൂർ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിൽ പഠിക്കുന്ന മീനാക്ഷിക്ക് ആരിഷ്, ആദിഷ് എന്ന് പേരുള്ള സഹോദരങ്ങളുമുണ്ട്. മീനാക്ഷിയുടെ സഹോദരങ്ങളും സിനിമയിൽ അരങ്ങേറി കഴിഞ്ഞു.
അമർ അക്ബർ അന്തോണിയിൽ മീനാക്ഷിക്കൊപ്പം അഭിനയിച്ചപ്പോൾ ഡയലോഗ് ഡെലിവറിയും ടൈമിങും കണ്ട് താൻ അത്ഭുതപ്പെട്ടിട്ടുണ്ടെന്ന് പൃഥ്വിരാജ് തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. തങ്ങൾ ഡയലോഗ് തെറ്റിക്കുമ്പോൾ മീനാക്ഷി ക്ഷമയോടെ റീടേക്കിന് നിൽക്കുമെന്നാണ് പൃഥ്വിരാജ് മുമ്പ് അഭിമുഖങ്ങളിൽ പറഞ്ഞത്. അഖിൽ എസ് കിരൺ സംവിധാനം ചെയ്ത മധുര നൊമ്പരം എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് മീനാക്ഷി അഭിനയ രംഗത്ത് എത്തുന്നത്.
ജമ്‌ന പ്യാരി, ആന മയിൽ ഒട്ടകം എന്നീ ചിത്രങ്ങളിൽ പിന്നീട് അഭിനയിച്ചു. ശേഷമാണ് അമർ അക്ബർ അന്തോണി, ഒപ്പം എന്നിവയിലേക്ക് മീനാക്ഷിക്ക് ക്ഷണം ലഭിച്ചത്. കഴിഞ്ഞ വർഷം മീനാക്ഷിക്ക് പതിനെട്ട് വയസായി. രണ്ട് മാസം കൂടി കഴിഞ്ഞാൽ സ്കൂൾ പഠനം പൂർത്തിയാക്കി മീനാക്ഷി കോളജിൽ ചേരും. ക്യാമ്പസ് ലൈഫ് ആസ്വദിക്കാനുള്ള തയ്യാറെടുപ്പിലാണ് മീനാക്ഷി.
സ്വന്തമായി ഒരു യുട്യൂബ് ചാനലും മീനാക്ഷിക്കുണ്ട്. ഇപ്പോഴിതാ താൻ ഏത് കോഴ്സിനാണ് ചേരേണ്ടത് എന്നതുമായി ബന്ധപ്പെട്ട് അച്ഛനും അമ്മയുമായി ചർച്ച ചെയ്യുന്ന മീനാക്ഷിയുടെ വീഡിയോയാണ് വൈറലാകുന്നത്. മാർക്ക് വന്നിട്ടെ മീനാക്ഷിയെ ഏത് കോളജിൽ ഏത് കോഴ്സിന് ചേർക്കണമെന്ന് തീരുമാനിക്കാനാകൂവെന്ന് പറഞ്ഞാണ് മീനാക്ഷിയുടെ അച്ഛനും അമ്മയും സംസാരിച്ച് തുടങ്ങുന്നത്.

ഏതായാലും അടച്ചുറപ്പുള്ളിടത്തെ വിടു എന്നാണ് അച്ഛൻ അനൂപ് തമാശയായി മീനാക്ഷിയോട് പറഞ്ഞത്. ഞാൻ പഠിക്കാൻ പോയില്ലെങ്കിൽ അച്ഛന് ഭയങ്കര സന്തോഷമാകും... വീട്ടിൽ തന്നെ ഇരുന്നോളാൻ പറയുമെന്നാണ് മീനാക്ഷി പറയുന്നത്. എന്നെ കുറിച്ച് എന്തെങ്കിലും ആഗ്രഹങ്ങൾ ഉള്ളത് അമ്മയ്ക്കാണെന്നും അതേ കുറിച്ച് അമ്മ ഇടയ്ക്കിടെ പറയാറുണ്ടെന്നും മീനാക്ഷി പറയുന്നു.
ഐഎഎസ് ആകാൻ പഠിക്കാൻ പറഞ്ഞിട്ട് മീനാക്ഷി അതിന് ശ്രമിക്കാത്തതുകൊണ്ടാണ് താനിപ്പോൾ ആഗ്രഹങ്ങളൊന്നും പറയാത്തതെന്നായിരുന്നു അച്ഛൻ അനൂപ് പറഞ്ഞത്. കലക്ടറായില്ലെങ്കിൽ പിന്നെ നീ വേറെ ആരും ആകേണ്ടെന്നാണ് അച്ഛൻ പറയാറുള്ളതെന്ന് മീനാക്ഷിയും പറയുന്നു. ഏത് ജോലി ചെയ്താലും നമ്മൾ സന്തോഷമായി ഇരിക്കുക എന്നതാണ് മെയിനെന്നും മീനാക്ഷി പറയുന്നു.
ഭാവിയിൽ എന്ത് പഠിക്കണമെന്നതിനെ കുറിച്ചുള്ള മീനാക്ഷിയുടെയും മാതാപിതാക്കളുടെയും ചർച്ച കണ്ട് ഭൂരിഭാഗം ആരാധകരും മീനാക്ഷി ഡോക്ടറാകാൻ പോയാൽ മതിയെന്നാണ് അഭിപ്രായപ്പെട്ടത്. മീനുവിന് ഇഷ്ടമുള്ളത് പഠിക്കൂ... അച്ഛന്റെയും അമ്മയുടെയും ആഗ്രഹത്തിന് പഠിച്ചാൽ അവർ അല്ലലോ ജോലിക്ക് പോകുന്നത്... കുട്ടിക്ക് ഇഷ്ടമുള്ള ഫീൽഡ് തെരഞ്ഞെടുക്കൂ, ഈ ലോകം മുഴുവൻ അറിയുന്ന ഒരു അഭിനേത്രിയായാൽ മതി മീനാക്ഷിയെന്ന് കമന്റ് ചെയ്തവരും നിരവധിയാണ്.


Click it and Unblock the Notifications