വാപ്പിച്ചി വർക്കിനുപോയാൽ ചിരിക്കുന്നത് പോലും നിർത്തും, ഉമ്മച്ചിയുടെ ബെസ്റ്റ് ഫ്രണ്ട്; നവാസ് ഇല്ലാതെ ആനിവേഴ്സറി
കലാഭവൻ നവാസിന്റെ വേർപാട് ഇന്നും ഒരു വേദനയോടെയാണ് മലയാളികൾ ഓർത്തെടുക്കുന്നത്. നവാസിനൊപ്പം തന്നെ രഹ്നയുടെ മുഖവും എല്ലാവരുടേയും മനസിൽ തെളിഞ്ഞ് വരും. അത്രമേൽ സ്നേഹിച്ച് കഴിഞ്ഞിരുന്ന ദമ്പതികളായിരുന്നു ഇരുവരും. നവാസിന്റെ മരണവാർത്ത പടർന്നപ്പോൾ എല്ലാവരും ആദ്യം ചിന്തിച്ചതും രഹ്ന ഇതെങ്ങനെ സഹിക്കും ഉൾക്കൊള്ളുമെന്നാണ്. ഇന്നും ആ വേർപാടും വിടവും രഹ്നയ്ക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല.
ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ട ഇക്ക ഒപ്പമില്ലാത്ത ആദ്യത്തെ വിവാഹ വാർഷിക ദിനത്തിലൂടെ കടന്ന് പോവുകയാണ് രഹ്ന. ഇരുപത്തിമൂന്ന് വർഷത്തെ ദാമ്പത്യം... ഇപ്പോഴിതാ നവാസ് തന്നെ എഡിറ്റ് ചെയ്ത് സൂക്ഷിച്ചിരുന്ന ഒരു വീഡിയോ ഇരുവരുടേയും വിവാഹ വാർഷിക ദിനത്തിൽ ഒരു കുറിപ്പിനൊപ്പം സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് നവാസിന്റെ മക്കൾ.

നവാസ് ഷൂട്ടിനും മറ്റുമായി വീട്ടിൽ നിന്നും അകന്ന് കഴിഞ്ഞാൽ ഒന്ന് ചിരിക്കാൻ പോലും മടിച്ചിരുന്നയാളാണ് രഹ്നയെന്ന് മക്കൾ പറയുന്നു. പ്രിയരേ... ഉമ്മിച്ചിക്ക് ഇഷ്ടപ്പെട്ട പാട്ട് വാപ്പിച്ചി പാടി കൊടുത്തതാണ് വീഡിയോയിൽ നിങ്ങൾ കേൾക്കുന്നത്. വാപ്പിച്ചി തന്നെ എഡിറ്റ് ചെയ്ത വീഡിയോയാണ് ഇത്. ഇന്ന് ഒക്ടോബർ 27... വാപ്പിച്ചിയുടേയും ഉമ്മിച്ചിയുടേയും വിവാഹ വാർഷികമാണ്. ഇന്നത്തെ ദിവസം രാവിലെ രണ്ടുപേരും ഒരുമിച്ച് ഫ്രൂട്ട്സിന്റെ തൈകൾ നടാറുണ്ട്.
അങ്ങനെ നട്ട തൈകളാണ് ഇവിടെ കായ്ച്ച് നിൽക്കുന്ന ഓരോ മരങ്ങളും. ഒന്നിനും പറ്റാത്ത ഈ അവസ്ഥയിൽ ഉമ്മച്ചിയുടെ ചെടികളെപ്പോലും ഉമ്മിച്ചി ശ്രദ്ധിച്ചില്ല. പക്ഷെ വാപ്പിച്ചിയെ ചേർത്തുപിടിച്ച് ഈ വാർഷികത്തിനും ഉമ്മിച്ചി ഫ്രൂട്ട്സിന്റെ തൈകൾ നട്ടു. ലോകത്തിലാരും ഇത്രയേറെ പ്രണയിച്ചിട്ടുണ്ടാവില്ല.
അവരുടെ പ്രണയം ഇപ്പോഴും കൗതുകത്തോടെയാണ് ഞങ്ങൾ നോക്കി നിൽക്കുന്നത്. വാപ്പിച്ചി വർക്കിനുപോയാൽ ഉമ്മിച്ചി ചിരിക്കില്ല, Tv കാണില്ല, ബെസ്റ്റ് ഫ്രണ്ട്‌സ് ഇല്ല, ഫാമിലി ഗ്രൂപ്പിലോ ഫ്രണ്ട്‌സ് ഗ്രൂപ്പിലോ ഇല്ല. വാപ്പിച്ചിയില്ലാതെ ഒരു കല്ല്യാണത്തിനുപോലും പോവാറില്ല. വാപ്പിച്ചിയായിരുന്നു ഉമ്മച്ചിയുടെ ബെസ്റ്റ് ഫ്രണ്ട്. വാപ്പിച്ചി വർക്ക് കഴിഞ്ഞ് തിരിച്ചെത്തും വരെ വാപ്പിച്ചിക്കുവേണ്ടി ഉമ്മിച്ചി പ്രാർത്ഥിച്ചുകൊണ്ടേയിരിക്കും.
വാപ്പിച്ചി തിരിച്ചെത്തിയാലാണ് ആ മുഖമൊന്ന് തെളിയുന്നത്. വാപ്പിച്ചി വന്നാൽ ഔട്ടിങ്ങിന് പോവാൻപോലും ഉമ്മിച്ചിക്കിഷ്ടമല്ല. വാപ്പിച്ചിയുമായി വീട്ടിൽ തന്നെ ചിലവഴിക്കാനാണ് ഉമ്മിച്ചിക്കിഷ്ടം. രണ്ടുപേർക്കും ഒരുമിച്ചെത്രനാൾ വീട്ടിലിരുന്നാലും ബോറടിക്കില്ല. ഉമ്മിച്ചി ഒരാഗ്രഹവുമില്ലാത്ത ആളാണെന്ന് വാപ്പിച്ചി എപ്പോഴും പറയും. വാപ്പിച്ചിയും അടുക്കളയും ഞങ്ങളുമായിരുന്നു ഉമ്മച്ചിയുടെ ലോകം.

ഈ ഭൂമിയിൽ വേറെന്ത് നഷ്ടപ്പെട്ടാലും ഉമ്മിച്ചി പിടിച്ച് നിൽക്കുമായിരുന്നു. പക്ഷെ ഇത് ഉമ്മച്ചിയുടെ ഹൃദയത്തെ തകർത്ത് കളഞ്ഞു. ഇപ്പോൾ പടച്ചവൻ വാപ്പിച്ചിക്ക് എന്താണോ അവിടെ കൊടുക്കുന്നത് അതുതന്നെ ഉമ്മിച്ചിക്കും ഇവിടെ തന്നാൽ മതി എന്നാണ് ഉമ്മച്ചിയുടെ പ്രാർത്ഥന. ഇത്രയും നേരത്തെ പിരിയേണ്ടവരായിരുന്നില്ല രണ്ടുപേരും. ഒരുപാട് സ്നേഹിച്ചതിനാലാവും പടച്ചവൻ രണ്ടുപേരെയും രണ്ടിടത്താക്കിയത്. മരണം കൊണ്ടും അവരെ വേർപിരിക്കാനാവില്ല.
അവർ രണ്ടുപേരും ഇപ്പോഴും കാത്തിരിപ്പിലാണ്. പരീക്ഷണത്തിനൊടുവിൽ സുബർക്കത്തിൽ ഇവിടുത്തെ പോലെതന്നെ ഏറ്റവും നല്ല ഇണകളായി ജീവിക്കാൻ വാപ്പിച്ചിക്കും ഉമ്മിച്ചിക്കും പടച്ചവൻ തൗഫീഖ് നൽകുമാറാകട്ടെ എന്നായിരുന്നു കുറിപ്പ്. നിരവധി പേരാണ് നവാസിന്റെ വേർപാടിന്റെ വേദനയിൽ കഴിയുന്ന കുടുംബത്തിനെ ആശ്വസിപ്പിച്ച് എത്തിയത്.
മുമ്പ് പല ആമുഖങ്ങളിലും നവാസ് പറയുമായിരുന്നു തനിയ്ക്ക് സിനിമയിൽ അഭിനയിക്കാൻ ഒരുപാട് അവസരങ്ങളൊക്കെ മുന്നേ കിട്ടിയിരുന്നുവെന്നും പക്ഷെ തനിക്കും രഹ്നയ്ക്കും വേർപിരിഞ്ഞ് ഇരിക്കാൻ സാധിക്കാത്തതുകൊണ്ട് പലതിൽ നിന്നും ഒഴിഞ്ഞ് മാറിയതാണെന്ന്. 2002ൽ ആയിരുന്നു ഇരുവരുടേയും വിവാഹം. പ്രണയിച്ച് വിവാഹിതരായവരാണ് ഇരുവരും. വിവാഹത്തോടെ അഭിനയം വിട്ട് രഹ്ന കുടുംബിനിയായി.


Click it and Unblock the Notifications











