അംബാനിയുടെ സ്വർണത്താെട്ടിലും ഉപാസനയുടെ നിലപാടും; ക്ലിൻ കാര കാെനിഡേല ഏത് തൊട്ടിലിൽ കിടക്കും?
ചിരഞ്ജീവിയുടെ കുടുംബത്തെ സംബന്ധിച്ച് ഇത് സന്തോഷങ്ങളുടെ കാലമാണ്. മകൻ രാം ചരണിന് കുഞ്ഞ് പിറന്നതിൽ അതീവ ആഹ്ലാദത്തിലാണ് ചിരഞ്ജീവി. വിവാഹം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷം ജനിച്ച കുഞ്ഞായതിനാൽ താരകുടുംബത്തിലെ ഏവരും ആഹ്ലാദത്തിലാണ്. കരിയറിലെ സ്വപ്നങ്ങൾ നേടിയ ശേഷമാണ് രാം ചരണിന്റെ ഭാര്യ ഉപാസനയും അമ്മയായിരിക്കുന്നത്. വിവാഹം കഴിഞ്ഞ് ആദ്യ നാളുകളുകളിൽ തന്നെ കുഞ്ഞ് പിന്നീട് മതി എന്ന തീരുമാനം ഇരുവരും എടുത്തിരുന്നു.
രണ്ട് പേരും കരിയറിന്റെ തിരക്കുകളിലായതിനാലാണ് കുഞ്ഞെന്നെ സ്വപ്നം മാറ്റിവെച്ചത്. ഇതിന്റെ ഭാഗമായി വർഷങ്ങൾക്ക് മുന്നേ താൻ എഗ് ഫ്രീസിംഗ് ചെയ്തിരുന്നു എന്ന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ ഉപാസന തുറന്ന് പറയുകയും ചെയ്തു. ഇപ്പോഴിതാ താരദമ്പതികളുടെ കുഞ്ഞിന്റെ പേര് പുറത്ത് വന്നിരിക്കുകയാണ്. ക്ലിൻ കാര കൊനിഡേല എന്നാണ് താരപുത്രിയുടെ പേര്.

ചിരഞ്ജീവിയാണ് കൊച്ചുമകളുടെ പേര് സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടത്. പേര് കൊണ്ട് അർത്ഥമാക്കുന്നതെന്തെന്നും ഇദ്ദേഹം വ്യക്തമാക്കി. ക്ലിൻ കാരയെന്നാൽ പ്രകൃതിയുടെ മൂർത്തീഭാവമാണ്. പ്രപഞ്ചമാതാവായ ശക്തിയുടെ സൂക്ഷ്മരൂപം. ഞങ്ങളുടെ കൊച്ചുരാജകുമാരി വളരുമ്പോൾ ഈ ഗുണങ്ങളെല്ലാം അവളിലുണ്ടാകുമെന്ന് ഉറപ്പുണ്ടെന്നും ചിരഞ്ജീവി സോഷ്യൽ മീഡിയയിൽ കുറിച്ചു.
അതേസമയും ക്ലിൻ കാരയെക്കുറിച്ച് കൗതുകരമായ ചർച്ചയാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. അംബാനി കുടുംബം താരപത്രിക്ക് നൽകിയ സമ്മാനമാണ് ചർച്ചാ വിഷയം. ഒരു കോടി രൂപയുടെ സ്വർണത്തൊട്ടിൽ മുകേഷ് അംബാനിയും നിത അംബാനിയും ചിരഞ്ജീവിയുടെ കൊച്ചുമകൾക്ക് നൽകിയെന്നാണ് റിപ്പോർട്ട്. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങൾ വന്നിട്ടില്ലെങ്കിലും വാർത്ത ആരാധകർ ഏറ്റെടുത്തു.
പ്രസവത്തിന് മുമ്പേ തന്നെ തന്റെ കുഞ്ഞിന് വേണ്ടി പ്രത്യേക തൊട്ടിൽ ഉപാസന പണികഴിപ്പിച്ചിട്ടുണ്ട്. മനുഷ്യക്കടത്തിൽ നിന്നും രക്ഷപ്പെട്ടവർ സ്വന്തം കൈ കൊണ്ട് പണിതതാണ് ഈ തൊട്ടിൽ. പ്രത്യാശയെയും ആത്മാഭിമാനത്തെയും പ്രതിനിധാനം ചെയ്യുന്നതാണ് ഈ തൊട്ടിലെന്ന് നേരത്തെ ഉപാസന വ്യക്തമാക്കിയിരുന്നു. ഇതിലേത് തൊട്ടിലിൽ കുഞ്ഞിനെ കിടത്തുമെന്നാണ് ആരാധകരുടെ രസകരമായ ചോദ്യം.

പൊതുവെ തന്റെ നിലപാടുകളിൽ വിട്ടുവീഴ്ചയില്ലാത്ത ആളാണ് ഉപാസന. വിവാഹത്തിന് ശേഷം അമ്മയാകാത്തതിനെക്കുറിച്ചുള്ള ചോദ്യങ്ങൾ വർഷങ്ങളോളം അവഗണിക്കാൻ ധൈര്യം കാണിച്ച സ്ത്രീ. അംബാനിയുടെ കോടികളുടെ തൊട്ടിൽ കണ്ടാലൊന്നും ഉപാസന തന്റെ തീരുമാനം മാറ്റില്ലെന്ന് ആരാധകർ പറയുന്നു.
കുഞ്ഞിനെ വളർത്തുന്നതിലും ഉപാസനയ്ക്ക് തന്റേതായ തീരുമാനങ്ങളുണ്ട്. പ്രസവിച്ച ശേഷം രാം ചരണിന്റെ അച്ഛന്റെയും അമ്മയുടെയും വീട്ടിലേക്ക് താമസം മാറുമെന്ന് ഉപാസന നേരത്തെ വ്യക്തമാക്കിയിരുന്നു. കുഞ്ഞ് അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും സ്നേഹം അനുഭവിച്ച് വളരണം എന്ന ആഗ്രഹം കൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം.
രാം ചരണും ഉപാസനയും വിവാഹ ശേഷം മറ്റാെരു വീട്ടിലാണ് താമസിച്ചത്. ഇനി ഏവരും ഒരുമിച്ച് ഒരു വീട്ടിൽ കഴിയും. 2012 ലാണ് രാം ചരണം ഉപാസനയും വിവാഹിതരാകുന്നത്. അച്ഛനായതിന്റെ സന്തോഷത്തിലാണ് രാം ചരൺ. കുറച്ച് നാൾ കുഞ്ഞിനൊപ്പം ചെലവഴിച്ച ശേഷമേ താരം ഇനി ഷൂട്ടിംഗ് തിരക്കുകളിലേക്ക് മടങ്ങൂ.
ജീവിതത്തിലെ സന്തോഷങ്ങൾക്കൊപ്പം രാം ചരണിന് കരിയറിലും ഇത് നല്ല കാലമാണ്. ആർആർആർ എന്ന സിനിമയുടെ വിജയത്തിന് ശേഷം ആഗോളതലത്തിൽ അറിയപ്പെടുന്ന നടനായി മാറിയിരിക്കുകയാണ് രാം ചരൺ. നടന്റെ വരാനിരിക്കുന്ന സിനിമകളിൽ ആരാധകർക്ക് ഏറെ പ്രതീക്ഷയുണ്ട്.


Click it and Unblock the Notifications