ചിരഞ്ജീവി ഭയന്ന പ്രൊഡ്യൂസറുടെ മകൻ സ്റ്റാർ ആയപ്പോൾ; തെലുങ്ക് സിനിമയിലെ അപൂർവ്വ സൗഹൃദം
തെലങ്കു സിനിമയുടെ ഏറ്റവും വിലപ്പിടിപ്പുള്ള താരങ്ങളിൽ ഒരാളാണ് മെഗാസ്റ്റാർ ചിരഞ്ജീവി. 47 വർഷങ്ങൾ പിന്നിട്ട സിനിമ ജീവിതത്തിൽ സൂപ്പർതാരം നിരവധി ഉയർച്ചകളും, താഴ്ചകളും നേരിട്ട്. കരിയറിന്റെ പല ഘട്ടങ്ങളിലായി നിരവധി നായകന്മാർ ചിരഞ്ജീവിക്ക് വലിയ വെല്ലുവിളികൾ ഉയർത്തിയിട്ടുണ്ട്. സുമൻ, രാജശേഖർ തുടങ്ങി അനവധി നടന്മാർ എതിരാളികളായി എത്തിയെങ്കിലും, മെഗാസ്റ്റാറിന്റെ സിംഹാസനം ഒരിക്കലും ഉലഞ്ഞിട്ടില്ല.
ഒരിക്കലും മറ്റൊരു താരത്തിന്റെ ഉയർച്ചയിൽ ഭയക്കാതിരുന്ന ചിരഞ്ജീവി പക്ഷേ ഒരു പ്രൊഡ്യൂസറുടെ സുന്ദരനായ മകനെ കണ്ടപ്പോൾ ഒന്ന് ഭയന്നു. ഈ ചെറുപ്പക്കാരൻ സിനിമ അഭിനയത്തിലേക്ക് തിരിയരുതേ എന്നും ആഗ്രഹിച്ചു. എന്നാൽ, പിന്നീട് നായകനായി അരങ്ങേറിയ ആ പയ്യൻ, തെലുങ്ക് സിനിമയിലെ ഏറ്റവും വിലപ്പിടിപ്പുള്ള താരങ്ങളിൽ ഒരാളായി വളർന്നു. മെഗാസ്റ്റാറിന് ആദ്യം അയാളോട് തോന്നിയ ഭയവും മത്സരബുദ്ധിയും, പിന്നീട് സൗഹൃദത്തിന് വഴിമാറി.
ചിരഞ്ജീവി ഭയന്ന പ്രൊഡ്യൂസറുടെ മകൻ

സിനിമ വ്യവസായത്തിൽ വേരുകളോ, ഗോഡ്‌ഫാദറിന്റെ പിന്ബലമോ ഇല്ലാതെയാണ് ചിരഞ്ജീവി എന്ന തെലുങ്ക് സിനിമയുടെ മെഗാസ്റ്റാർ നായകനായി അരങ്ങേറിയത്. വില്ലനും സഹനടനുമായി തുടങ്ങി, പിന്നീട് തന്റെ കഠിന പ്രയത്നം കൊണ്ട് ടോളിവുഡിന്റെ ഏറ്റവും വലിയ താരമായി മാറി, മെഗാസ്റ്റാർ പട്ടവും നേടി ചിരു. എൻ.ടി.ആർ, കൃഷ്ണ, ശോഭൻ ബാബു തുടങ്ങിയ ഇതിഹാസ താരങ്ങൾക്കിടയിൽ ചിരഞ്ജീവിയെ വ്യത്യസ്തനാക്കിയത് അദ്ധേഹത്തിന്റെ നൃത്തചുവടുകളും, ആക്ഷൻ സീനുകളുമാണ്. താൻ മറ്റു താരങ്ങളിൽ നിന്നും വ്യത്യസ്തമാണെന്ന് പൂർണ്ണ ബോധ്യം ഉണ്ടായിരുന്ന ചിരഞ്ജീവി ഒരിക്കലും മറ്റു താരങ്ങളുടെ ഉയർച്ചയിൽ പതറിയിരുന്നില്ല.

അങ്ങനെയിരിക്കെ, ഒരു സിനിമ സെറ്റിലെത്തിയ ചിരഞ്ജീവി, നല്ല നിറവും പൊക്കവും ഉള്ള സുന്ദരനായ ഒരു ചെറുപ്പക്കാരനെ കണ്ട് അത്ഭുതപ്പെട്ടു. പിന്നീട് അന്വേഷിച്ചപ്പോൾ, സീനിയർ പ്രൊഡ്യൂസറായ ദഗ്ഗുബതി രാമ നായിഡുവിന്റെ മകനായ, രാജ എന്ന് വിളിപ്പേരുള്ള വെങ്കടേഷ് ആണ് ആ ചെറുപ്പക്കാരൻ എന്ന് മനസ്സിലായി. ഈ അറിവ് ചിരഞ്ജീവിയെ ഭയപ്പെടുത്തി.
പിന്നീട രാമ നായിഡു തന്നെ മകനെ ചിരഞ്ജീവിക്ക് പരിചയപ്പെടുത്തി. വെങ്കടേഷിന് സിനിമയിൽ അഭിനയിക്കാൻ പ്ലാൻ ഉണ്ടോ എന്ന മെഗാസ്റ്റാറിന്, ഇല്ല എന്ന മറുപടിയാണ് പ്രൊഡ്യൂസറുടെ മകൻ നൽകിയത്. അവന് പഠിക്കാനാണ് താത്പര്യമെന്നും, ഉടനെ തന്നെ മാസ്റ്റേഴ്സ് ചെയ്യാൻ അമേരിക്കയിലേക്ക് പോകാൻ ഇരിക്കുകയാണെന്നും, ഒരു ചെറു ചിരിയോടെ രാമ നായിഡു ചിരഞ്ജീവിയെ അറിയിച്ചു. ആ വാർത്ത തെലുങ്ക് സിനിമയുടെ മെഗാസ്റ്റാറിന് നൽകിയ ആശ്വാസം ചെറുതല്ല.
വെങ്കടേഷ് സിനിമയിൽ എത്തിയപ്പോൾ
എന്നാൽ തന്റെ താര പദവി സുരക്ഷിതമാണെന്ന ചിരഞ്ജീവിയുടെ തോന്നലിന് ആയുസ്സ് വെറും രണ്ടു വർഷം മാത്രമായിരുന്നു. അതിന് ശേഷം രാമ നായിഡുവിനെ കണ്ടപ്പോൾ, തന്റെ മകൻ അമേരിക്കയിൽ നിന്ന് തിരിച്ചെത്തിയെന്ന് മെഗാസ്റ്റാറിനെ അദ്ദേഹം അറിയിച്ചു. ഒപ്പം തന്നെ, വെങ്കടേഷ് എന്ന രാജ ഉടനെ തന്നെ സിനിമയിൽ നായകനായി അരങ്ങേറുമെന്നും നിർമാതാവ് വെളിപ്പെടുത്തി. ആദ്യം ആ വാർത്ത ചിരഞ്ജീവിയെ ഒന്ന് ഉലച്ചു. അതിന് കാരണം, ആ ചെറുപ്പക്കാരന് ഒരു സൂപ്പർതാരം ആകാനുള്ള എല്ലാ ഗുണങ്ങളും ഉണ്ടെന്ന് മെഗാസ്റ്റാറിന് ആദ്യ നോട്ടത്തിൽ തന്നെ മനസ്സിലായിരുന്നു.
എന്നാൽ അധികം വൈകാതെ ഈ മത്സരബുദ്ധി സൗഹൃദത്തിന് വഴിമാറി. ചിരഞ്ജീവി മാസ്സ് ചിത്രങ്ങളുടെ രാജാവായി വളർന്നപ്പോൾ, വെങ്കടേഷ് ദഗ്ഗുബതി പ്രണയ ചിത്രങ്ങളും, ഫാമിലി ഡ്രാമകളുമാണ് തന്റെ താരപദവിയിലേക്കുള്ള വഴിയായി തിരഞ്ഞെടുത്തത്. വർഷങ്ങൾ കഴിയും തോറും പരസ്പരം പ്രോത്സാഹിപ്പിച്ചും, ആവശ്യഘട്ടങ്ങളിൽ തണലായി നിന്നും ചിരഞ്ജീവിയും വെങ്കടേഷും അടുത്ത സുഹൃത്തുക്കളായി മാറി. ഇന്നും ആ സൗഹൃദം അതുപോലെ സൂക്ഷിക്കുന്നുണ്ട് ഇരുവരും. ഇന്ന് ആ അടുപ്പം വെങ്കടേഷിന്റെ ജ്യേഷ്ഠപുത്രനും നടനുമായ റാണ ദഗ്ഗുബേതിയും, ചിരഞ്ജീവിയുടെ മകനും പ്രശസ്ത താരവുമായ രാം ചരണും തമ്മിലുമുണ്ട്.


Click it and Unblock the Notifications











