മകളുടെ കാര്യം ചിത്ര ആദ്യമേ പറഞ്ഞിരുന്നു, അക്കൗണ്ട് വിവരങ്ങളും തന്നു; 'കുടുംബത്തേക്കാളും വിശ്വാസമാണ്'
സിനിമാ പ്രേക്ഷകർക്ക് മറക്കാനാകാത്ത നടിയാണ് അന്തരിച്ച ചിത്ര. മലയാളത്തിൽ നിരവധി ശ്രദ്ധേയ സിനിമകളിൽ ചിത്ര അഭിനയിച്ചിട്ടുണ്ട്. ഒരു ഘട്ടത്തിൽ സ്റ്റീരിയോടെെപ് ചെയ്യപ്പെട്ട് സ്ഥിരം ശൈലിയിലുള്ള വേഷങ്ങളാണ് ചിത്രയ്ക്ക് ലഭിച്ചതെങ്കിലും പ്രേക്ഷകർക്കിടയിൽ നടിക്ക് എന്നും സ്വീകാര്യതയുണ്ടായിരുന്നു. 2021 ൽ ഹൃദയാഘാതം വന്നാണ് ചിത്ര മരിക്കുന്നത്. ചിത്രയുടെ മരണം കുടുംബത്തെ പിടിച്ചുലച്ചു. ഭർത്താവും ഒരു മകളും അടങ്ങുന്നതാണ് ചിത്രയുടെ കുടുംബം. വിജയരാഘവൻ എന്നാണ് ചിത്രയുടെ ഭർത്താവിന്റെ പേര്.
1990 ലായിരുന്നു വിവാഹം. 1992 ൽ മഹാലക്ഷ്മി എന്ന മകളും ദമ്പതികൾക്ക് ജനിച്ചു. മകൾക്കും ഭർത്താവിനും ഒപ്പം ചെന്നെെയിലാണ് ചിത്ര താമസിച്ചിരുന്നത്. ചിത്രയുടെ മരണ ശേഷം മകളുടെ കാര്യങ്ങളിൽ താൻ കൊടുത്ത ശ്രദ്ധയെക്കുറിച്ച് സംസാരിക്കുകയാണ് കുട്ടി പത്മിനി. തനിക്കെന്തെങ്കിലും സംഭവിച്ചാലും മകളുടെ ഭാവി സുരക്ഷിതമായിരിക്കണമെന്ന് ചിത്ര ആഗ്രഹിച്ചിരുന്നെന്നും കുട്ടി പത്മിനി വ്യക്തമാക്കി. ചിത്ര ഞങ്ങളോട് ആദ്യമേ സംസാരിച്ചിരുന്നു.

കുടുംബത്തേക്കാളും നിങ്ങളെയും ശരണ്യയെയും വിശ്വസിക്കുന്നു. ദയവ് ചെയ്ത് രണ്ട് പേരും എനിക്കെന്തെങ്കിലും സംഭവിച്ചാൽ എന്റെ മകൾക്ക് ആവശ്യമുള്ളതെല്ലാം ചെയ്ത് കൊടുക്കണമെന്ന് ചിത്ര പറഞ്ഞിരുന്നു. ഏതൊക്കെ അക്കൗണ്ടുകളിൽ എന്തൊക്കെയുണ്ടെന്ന് പറഞ്ഞ് തന്നു. എല്ലാം ജോയ്ന്റെ അക്കൗണ്ട് ആയിരുന്നു. രാമചന്ദ്ര കോളേജിൽ ശരണ്യയും പൊൻവണ്ണനും ചിത്രയുടെ മകൾക്ക് സീറ്റ് വാങ്ങിക്കൊടുത്തു. ഞാനും പൊൻവണ്ണൻ സാറും പോയി ചിത്രയുടെ വീടിന്റെ താഴെ വാടകയ്ക്ക് താമസിക്കുന്നവരുമായുള്ള എഗ്രിമെന്റ് മകളുടെ പേരിലേക്ക് മാറ്റി.
മാസം ഒരുലക്ഷം രൂപ വരുന്ന രീതിയിൽ എല്ലാം ഏർപ്പാട് ചെയ്തു. മുകൾ ഭാഗം വാടകയ്ക്ക് കൊടുത്തില്ല. അമ്മ കഴിഞ്ഞ വീടാണ്, ഞാൻ ഹോസ്റ്റലിൽ ആയാലും അമ്മയുടെ ഓർമ്മയ്ക്കായി ഇതിവിടെ ഇരിക്കട്ടെ എന്ന് പറഞ്ഞു. എപ്പോൾ വേണമെങ്കിലും അവിടെ വന്നോളൂ എന്ന് ഞങ്ങളും പറഞ്ഞു. ഇത്തരത്തിൽ കനകയ്ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞേനെ. പക്ഷെ കനക അതിനായി മുന്നോട്ട് വരുന്നില്ല. കനകയ്ക്ക് പഴയ വീട് വിറ്റ് നല്ലൊരു ഫ്ലാറ്റിലേക്ക് താമസം മാറാൻ താൻ എല്ലാ വിധ സഹായങ്ങളും ചെയ്തേനെ എന്നും കുട്ടി പത്മിനി വ്യക്തമാക്കി.

അടുത്തിടെയാണ് നടി കനകയെ കുട്ടി പത്മിനി നേരിൽ പോയി കണ്ടത്. കനകയുടെ ഫോട്ടോയും കുട്ടി പത്മിനി പുറത്ത് വിട്ടു. ഒറ്റയ്ക്ക് ജീവിക്കുന്ന കനകയെ ലൈം ലൈറ്റിൽ നിന്നും പൂർണമായും മാറി നിൽക്കുകയായിരുന്നു. കനകയെ നേരിൽ കണ്ട് സംസാരിച്ച കുട്ടി പത്മിനി നടിക്ക് എന്ത് സഹായം വേണമെങ്കിലും നൽകാമെന്ന് ഉറപ്പ് കൊടുക്കുകയും ചെയ്തു. എന്നാൽ തന്നോട് നല്ല രീതിയിൽ സംസാരിച്ച് പിരിഞ്ഞ കനക ഇപ്പോൾ മെസേജുകൾക്ക് മറുപടി തരുന്നില്ലെന്നാണ് കുട്ടി പത്മിനി പറയുന്നത്.
അന്തരിച്ച നടി ദേവികയുടെ മകളാണ് കനക. ദേവികയുടെ സിനിമകളിൽ ബാലതാരമായി കുട്ടി പത്മിനി അഭിനയിച്ചിട്ടുണ്ട്. ഈ പരിചയം വെച്ചാണ് കനകയെ കാണാൻ കുട്ടി പത്മിനി പോയത്. അമ്മ ദേവികയുണ്ടാക്കിയ സമ്പാദ്യങ്ങൾ കനകയ്ക്ക് ഇന്നുണ്ട്. കനക സന്തോഷവതിയായി കഴിയുകയാണെന്നും കുട്ടി പത്മിനി വ്യക്തമാക്കി. അച്ഛനുമായുണ്ടായിരുന്ന സ്വത്ത് തർക്കങ്ങൾ അവസാനിച്ചെന്ന് കനക തന്നോട് പറഞ്ഞതായും കുട്ടി പത്മിനി വെളിപ്പെടുത്തി.


Click it and Unblock the Notifications











