കൊച്ചു പ്രേമന്‍ എന്നോട് കപ്പില്‍ ചായ എടുക്കാന്‍ പറഞ്ഞു, ഞാന്‍ ജൂനിയര്‍ ആര്‍ടിസ്റ്റല്ലേ; അനുഭവം പറഞ്ഞ് ചിത്ര
ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച് ഇന്ന് സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയ കഥയില്‍ നായികയായി എത്തിനില്‍ക്കുന്ന ചിത്ര നായര്‍ ആദ്യമായി അഭിനയിക്കുന്നത് ആറാട്ട് എന്ന സിനിമയില്‍ പഞ്ചായത്ത് മെമ്പറുടെ കഥാപാത്രമാണ്. ഈ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ മോഹന്‍ലാലിനെ കണ്ട കഥ പറയുകയാണ് നടി ചിത്രനായര്‍.
ചിത്രത്തില്‍ കൊച്ചു പ്രേമന്‍ അടക്കമുള്ള താരങ്ങള്‍തന്നെ ഒരു ജൂനിയര്‍ ആര്‍ടിസ്റ്റ് ആയല്ല കണ്ടതെന്നും ചിത്ര പറയുന്നു. ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ക്ക് പേപ്പര്‍ ഗ്ലാസിലൊക്കെയായിരുന്നു കൊടുത്തിരുന്നത്. എന്നാല്‍ തന്നോട് കൊച്ചു പ്രേമന്‍ കപ്പില്‍ കുടിക്കാനാണ് ആവശ്യപ്പെട്ടതെന്നും കപ്പ് എടുക്കാന്‍ തനിക്ക് പേടിയായിരുന്നെന്നും ചിത്ര പറയുന്നു.

'ആറാട്ടില്‍ അഭിനയിച്ചിട്ടുണ്ട്. അതിന്റെ ഷൂട്ടിന് പോകുന്ന സമയത്തും വെറുതേ ചിന്തിച്ചിരുന്നു ഇവരെ ഒക്കെ നമുക്ക് കാണാന്‍ പറ്റുമോ എന്ന്. മോഹന്‍ ലാല്‍ എന്ന നടനെ അത്രയും ഇഷ്ടമാണ്. പത്ത് നാല്‍പ്പത് ദിവസത്തെ ഷൂട്ട് ഉണ്ട് ആറാട്ടില്‍ പഞ്ചായത്ത് മെമ്പര്‍ ആയിട്ടാണ് എന്നും പറഞ്ഞു. അവസരം ഉണ്ടെന്ന് പറഞ്ഞപ്പോള്‍ തന്നെ ലാലേട്ടനെ കാണാന്‍ പറ്റുമോ എന്നാണ് ഞാന്‍ ചോദിച്ചത്,' ചിത്ര നായര്‍ പറഞ്ഞു.
ലാലേട്ടന്‍ വരുമോ എന്ന് വിചാരിച്ച് നില്‍ക്കുമ്പോഴാണ് അദ്ദേഹം വരുന്നത്. അതും വരുമ്പോള്‍ തന്നെ എല്ലാവരോടും ഹായ് എന്നൊക്കെ കാണിച്ച് അദ്ദേഹത്തെ കാണുമ്പോള്‍ തന്നെ ബോധം പോയ പോലെയാണ് എനിക്ക് തോന്നിയത്. എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ ആദ്യം ജൂനിയര്‍ ആര്‍ടിസ്റ്റ് ആയിട്ടാണ് വന്നിട്ടുള്ളതെങ്കിലും അത് മോഹന്‍ലാല്‍ നായകനായി എത്തിയ സിനിമയില്‍ ആണെന്നത് എന്നെ സംബന്ധിച്ച് വലിയ കാര്യമാണെന്നും ചിത്ര പറഞ്ഞു.
ലാലേട്ടന്റെ പ്രകടനം നേരിട്ട് കാണാന്‍ കഴിയുക എന്നത് എത്രയോ വലിയ ഭാഗ്യമായിട്ടാണ് കാണുന്നത്. ആ സെറ്റില്‍ കൊച്ചു പ്രേമന്‍ സാര്‍ ഉണ്ടായിരുന്നു. അവരൊക്കെ നമ്മളോട് പെരുമാറിയത് കാണുമ്പോഴാണ് നമുക്ക് ഇന്‍സ്പിരേഷന്‍ ആകുന്നത്. സെറ്റില്‍ ചെന്നാല്‍ എല്ലാവര്‍ക്കും ഓരോ പോലെയാണ്. ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ക്ക് പേപ്പര്‍ കപ്പ്, അല്ലാത്തവര്‍ക്ക് ഗ്ലാസ് അങ്ങനെയൊക്കെയാണ്.
ഇത് എന്റെ എക്‌സ്പീരിയന്‍സ് ആണ് ഞാന്‍ പറയുന്നത്. ഇത് പറയാമോ എന്ന് അറിയില്ല. പക്ഷെ കൊച്ചു പ്രേമന്‍ ചേട്ടന്‍ പറയും മോളേ നീ ഈ കപ്പില്‍ എടുക്ക് എന്ന്. ഞാന്‍ ജൂനിയര്‍ ആര്‍ടിസ്റ്റ് ആയിട്ടാണ് അവരുടെ കൂടെ ഉള്ളത്. കപ്പില്‍ വേണ്ട എട്ടാ എന്നാണ് ഞാന്‍ പറയാറ്. കാരണം എടുക്കാന്‍ പറ്റുമോ ഇല്ലയോ എന്ന് എനിക്ക് അറിയില്ലല്ലോ.

പക്ഷെ ചേട്ടന്‍ പറയുന്നത് നീ എടുക്ക്, നീ എടുത്താല്‍ എന്താ സംഭവിക്കുക എന്നൊക്കെയാണ് ചേട്ടന്‍ ചോദിക്കുന്നത്. നമ്മളോട് ഭയങ്കര സ്‌നേഹത്തിലാണ് പെരുമാറിയത്. അതുപോലെ ഡിസംബര്‍ പത്തിന് മോന്റെ പിറന്നാളായിരുന്നു. ആദ്യമായിട്ടാ ഞാന്‍ അവന്റെ പിറന്നാളിന് ഇല്ലാതിരുന്നത്. ഞാന്‍ അവിടെ നിന്ന് ഒരു സൈഡില്‍ നിന്ന് വീഡിയോ കോള്‍ ചെയ്യുകയായിരുന്നു. മകനെ കൊച്ചു പ്രേമന്‍ ചേട്ടന്‍ ഒക്കെ കണ്ടിട്ടുണ്ട്. പിറന്നാളാണെന്ന് ലാലേട്ടനും അറിയാം. അങ്ങനെ ലാലേട്ടന്‍ മകനോട് വീഡിയോ കോളില്‍ സംസാരിച്ചു എന്നും ചിത്ര നായര്‍ പറഞ്ഞു.
ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലെ സുരേഷ് സുമലത പ്രണയ ജോഡികളുടെ സ്പിന്‍ ഓഫ് ആണ് സുരേഷിന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന ചിത്രം. ചിത്രത്തിന് വളരെ മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് വന്നുകൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications











