'ചിന്തിച്ചാൽ ഉത്തരം കിട്ടും... പച്ചക്കറി വാങ്ങുന്നത് പോലെ എളുപ്പമല്ല, ഈ ചോദ്യം കേട്ടാൽ മീനയ്ക്ക് ദേഷ്യം വരും'
തൊണ്ണൂറുകൾ മുതൽ ഇന്നും തമിഴ്, തെലുങ്ക്, മലയാളം സിനിമകളിലെ മുൻനിര നടിമാരിൽ ഒരാൾ തന്നെയാണ് മീന. ഒരു തെന്നിന്ത്യൻ നടി എന്നതിലുപരി മലയാളി സിനിമാ പ്രേക്ഷകർക്ക് ഒരു മലയാളി നടി തന്നെയാണ് മീന. മലയാളത്തിലെ തന്നെ എവർഗ്രീൻ ജോഡികളിൽ ഒന്നായിട്ടാണ് മീന-മോഹൻലാൽ ജോഡികളെ വിശേഷിപ്പിക്കുന്നത്. മീനയുടെ അമ്മ മലയാളി ആണെങ്കിലും മീന ജനിച്ചതും വളർന്നതുമെല്ലാം ചെന്നൈയിലാണ്.
നൈനിക എന്നൊരു മകളാണ് മീനയ്ക്കുള്ളത്. ഭര്‍ത്താവ് വിദ്യ സാഗറിന്റെ മരണത്തിന് ശേഷം മീന പതിയെ കരിയറിലേക്കും തന്റെ തിരക്കുകളേക്കും തിരിച്ചെത്തിയിരിയ്ക്കുകയാണ്. സോഷ്യല്‍ മീഡിയയിലും സജീവമായ താരം തന്റെ പുതിയ വിശേഷങ്ങളും സന്തോഷങ്ങളും എല്ലാം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെയ്ക്കാറുണ്ട്.

ബാലതാരമായി കരിയർ ആരംഭിച്ച മീന നായികയായി രണ്ടാം വരവ് നടത്തിയപ്പോഴും സൂപ്പർ താരങ്ങൾക്കൊപ്പമെല്ലാം അഭിനയിക്കാൻ സാധിച്ചിരുന്നു. വളരെ ചുരുക്കം അഭിനേത്രികൾക്ക് മാത്രമെ അത്തരം ഭാഗ്യം ലഭിക്കാറുള്ളു. നായികയായി കത്തി നിൽക്കുമ്പോഴായിരുന്നു വിദ്യാ സാഗറുമായുള്ള മീനയുടെ വിവാഹം നടന്നത്. മീനയുടെ വഴിയെ മകൾ നൈനികയും തെറി എന്ന സിനിമയിലൂടെ ബാലതാരമായി അഭിനയത്തിൽ അരങ്ങേറിയിരുന്നു.
ഭർത്താവിന്റെ മരണശേഷം മീന ജീവിതത്തിലേക്ക് തിരികെ വന്നത് മകളുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെയാണ്. അമ്മ എപ്പോഴും തന്റെ അച്ഛനില്ലാത്തതിന്റെ വിഷമം അനുഭവിക്കുന്നുണ്ടെന്നാണ് മകൾ നൈനിക പറയാറുള്ളത്.
ഭർത്താവിന്റെ മരണം വരുത്തിവെച്ച ദുരന്തത്തിൽ നിന്ന് കരകയറാൻ മീനയുടെ സുഹൃത്തുക്കളാണ് ഏറ്റവും കൂടുതൽ സഹായിച്ചത്. അവരിൽ പ്രധാനി നടിയും കൊറിയോഗ്രാഫറുമായ കലാ മാസ്റ്ററായിരുന്നു. മീനയുടെ ഭർത്താവിന്റെ അന്ത്യകർമങ്ങൾക്കുള്ള ക്രമീകരണങ്ങളും നടത്തി മേൽനോട്ടം വഹിച്ചതും കലാ മാസ്റ്ററായിരുന്നു.
ശ്വാസകോശത്തിലെ അണുബാധ രൂക്ഷമായതിനെത്തുടര്‍ന്ന് ശ്വാസകോശം മാറ്റിവെയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും അവയവദാതാവിനെ കിട്ടാന്‍ വൈകി. മീനയും കലാ മാസ്റ്ററും കഠിന പരിശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഭർത്താവിന്റെ മരണശേഷം അവയവദാനത്തിന്റെ പ്രധാന്യത്തെ കുറിച്ച് ജനങ്ങളെ ബോധവത്കരിച്ച് മീന രംഗത്തെത്തുകയും ചെയ്തിരുന്നു.

2009 ലാണ് മീനയും വിദ്യാസാഗറും വിവാഹിതരായത്. ബംഗളൂരുവില്‍ വ്യവസായിയായിരുന്നു വിദ്യാസാഗര്‍. മീനയുടെ ഭർത്താവിന്റെ മരണശേഷം ഏറ്റവും കൂടുതൽ വരാറുള്ള ഒരു വാർത്ത മീനയുടെ രണ്ടാം വിവാഹം ഉടൻ ഉണ്ടാകുമെന്നാണ്. എന്നാൽ മീനയ്ക്ക് അത്തരത്തിൽ ഒരു പ്ലാനില്ലെന്നും ഭർത്താവിന്റെ വേർപാട് ഉൾക്കൊണ്ട് വരുന്നതേയുള്ളുവെന്നും അതുകൊണ്ട് തന്നെ ഇത്തരം ഗോസിപ്പുകൾ അമ്മയെ വല്ലാതെ വേദനിപ്പിക്കാറുണ്ടെന്നും അടുത്തിടെ നൈനിക തന്നെ പറഞ്ഞിരുന്നു.
ഇപ്പോഴിതാ മീനയുടെ രണ്ടാം വിവാഹത്തെ കുറിച്ച് കലാ മാസ്റ്റർ പറഞ്ഞ കാര്യങ്ങളാണ് ചർച്ചയാകുന്നത്. മീനയുടെ മനസാക്ഷി സൂക്ഷിപ്പുകാരി കൂടിയാണ് കലാ മാസ്റ്റർ. 'ഭർത്താവ് നഷ്ടപ്പെട്ടതിന്റെ ദുഖത്തിൽ നിന്ന് കരകയറാൻ ഒരു യുവതിക്ക് എത്ര വർഷമെടുക്കും..? നമ്മൾ സ്വയം ചിന്തിക്കേണ്ടതല്ലേ..? ചിലർ എന്നോട് ഇതേക്കുറിച്ച് ചോദിച്ചു. ഞാൻ അവരെ ശകാരിച്ചു. നിങ്ങൾ എന്തിനാണ് മണ്ടത്തരം ചോദിക്കുന്നതെന്നാണ് ഞാൻ ചോദിച്ചത്.'
'മീനയോട് രണ്ടാം വിവാഹത്തെക്കുറിച്ച് തമാശയായി ചോദിച്ചാൽ പോലും അവൾ ദേഷ്യപ്പെടുകയും തുറിച്ചുനോക്കുകയും ചെയ്യും. പച്ചക്കറി വാങ്ങുന്നത് പോലെ എളുപ്പമാണോ രണ്ടാം വിവാഹം', എന്നാണ് കല മാസ്റ്റർ മീനയുടെ വിവാഹവുമായി ബന്ധപ്പെട്ട ഗോസിപ്പുകളോട് പ്രതികരിച്ച് ചോദിച്ചത്.
നാൽപ്പത്തിയേഴുകാരിയായ മീന അടുത്തിടെയാണ് സിനിമയിൽ എത്തിയതിന്റെ നാൽപ്പത് വർഷം ആഘോഷിച്ചത്. ആ വേദിയിൽ വെച്ചും തന്റെ ഭർത്താവ് തന്നോടൊപ്പം സന്തോഷം പങ്കിടാൻ ഇല്ലെന്നത് വല്ലാതെ വേദനിപ്പിക്കുന്നുവെന്നാണ് മീന പറഞ്ഞത്.


Click it and Unblock the Notifications