'ഞാൻ മുൻനിരയിൽ നിർത്തിയ സാന്റിയെ കറുപ്പാണെന്നതിന്റെ പേരിൽ അവർ പിന്നിൽ നിർത്തി, അവൻ എനിക്ക് അഭിമാനം'
തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ക്ക് സുപരിചിതയായ ഡാൻസ് കോറിയോഗ്രാഫറാണ് കലാ മാസ്റ്റര്‍. ഡാൻസ് കൊറിയോഗ്രാഫ് രംഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള കലാകാരിയാണ് കല മലയാളികൾക്ക് സുപരിചിതയായി തുടങ്ങിയത് താരം മലയാളം ഡാൻസ് റിയാലിറ്റി ഷോകളിൽ വിധി കർത്താവായി വന്ന് തുടങ്ങിയശേഷമാണ്. കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിന് കൊറിയോഗ്രാഫി ഒരുക്കി ദേശീയ പുരസ്കാരം വരെ കലാ മാസ്റ്റർ നേടിയിട്ടുണ്ട്. 12 ആം വയസിലാണ് അസിസ്റ്റന്റ് കൊറിയോഗ്രഫറായി കലാ മാസ്റ്റർ കരിയർ ആരംഭിച്ചത്.
വിവിധ ഭാഷകളിലായി നാലായിരത്തോളം ഗാനങ്ങൾക്ക് കലാ മാസ്റ്റർ നൃത്തമൊരുക്കിയിട്ടുണ്ട്. പ്രമുഖ കൊറിയോഗ്രഫർ ബൃന്ദ മാസ്റ്റർ കലയുടെ ഇളയ സഹോദരിയാണ്. ഗിരിജ, ജയന്തി എന്നീ കലയുടെ സഹോരിമാരും കൊറിയോഗ്രഫി രംഗത്ത് തന്നെയാണ്. 2019ൽ ഗോവിന്ദരാജനിൽ നിന്നും വിവാഹമോചനം നേടിയ കലാ മാസ്റ്റർ 2004ൽ വീണ്ടും വിവാഹിതയായി. മഹേഷാണ് ഭർത്താവ്. വിദ്യുത് എന്നൊരു മകനും ഈ ബന്ധത്തിലുണ്ട്.

കലയുടെ ശിഷ്യന്മാരിൽ ഒരാളാണ് നടനും കൊറിയോഗ്രാഫറുമായ സാന്റി. നിറത്തിന്റെ പേരിൽ താൻ നേരിട്ടതുപോലുള്ള അനുഭവങ്ങൾ സാന്റിക്കുമുണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ കല മാസ്റ്റർ. ഫിൽമിബിറ്റ് മലയാളത്തിന്റെ യുട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ട വീഡിയോയിൽ സംസാരിക്കുകയായിരുന്നു താരം.
കലാ മാസ്റ്ററുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... ഇന്റസ്ട്രി നിറത്തിന്റെ കാര്യത്തിൽ ആളുകളെ അവഗണിക്കുന്നതിൽ ഇപ്പോൾ കുറവ് വന്നിട്ടുണ്ട്. ഒരു സമയത്ത് നിരവധി സ്റ്റേജ് ഷോകൾ ഞാൻ ചെയ്യുമായിരുന്നു. അപ്പോഴാണ് സാന്റിയെ കണ്ടുമുട്ടിയത്. അവൻ നന്നായി ഡാൻസ് ചെയ്യുന്നുവെന്ന് മനസിലായി അവനെ ഞാൻ മുൻനിരയിൽ തന്നെ നിർത്തി. കംപോസ് ചെയ്ത് കൊടുത്തിട്ട് പെർഫെക്ടാക്കാൻ നിർദേശം നൽകി ഞാൻ ഷൂട്ടിങിന് പോയി.
തിരികെ വന്ന് നോക്കിയപ്പോൾ മുൻനിരയിൽ സാന്റിയെ കാണാനില്ല. അതേ കുറിച്ച് ചോദിച്ചപ്പോൾ അവൻ കറുത്തതായതുകൊണ്ട് പുറകിൽ നിർത്തിയിരിക്കുകയാണെന്ന് അവർ പറഞ്ഞു. ഉടൻ അസിസ്റ്റന്റ്സിനോട് പറഞ്ഞ് അവനെ മുന്നിൽ കൊണ്ട് വന്ന് ഞാൻ നിർത്തി. ടാലന്റിന് നിറവും ഭംഗിയും ആവശ്യമില്ല. ഞാൻ ഗ്രൂപ്പ് ഡാൻസറായിരുന്നപ്പോൾ കറുത്തിരിക്കുന്നുവെന്നതിന്റെ പേരിൽ അവഗണന നേരിട്ടിട്ടുണ്ട്.
അതുകൊണ്ട് എനിക്ക് അത്തരം ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെ മനസ് മനസിലാകും. എനിക്കും എന്റെ സ്റ്റുഡന്റ്സിനും ഇടയിൽ വഴക്കുണ്ടാവില്ല. അവരെ ഞാൻ എവിടെയും വിട്ടുകൊടുക്കില്ല. സാന്റിയുടെ വളർച്ച കാണുന്നത് എനിക്ക് അഭിമാനമാണ്. ഐശ്വര്യ രാജേഷിന്റെ വളർച്ചയും എനിക്ക് സന്തോഷം നൽകുന്നതാണ്. അവളും നന്നായി ഡാൻസ് ചെയ്യും.

കാത്ത്വാക്കിലെ രണ്ട് കാതൽ സിനിമ ചെയ്തത് നയൻസിനും വിക്കിക്കും വേണ്ടി മാത്രം. അല്ലാതെ അഭിനയത്തിലൊന്നും എനിക്ക് ഇന്ററസ്റ്റില്ല. എനിക്ക് ഞാൻ എപ്പോഴും ബിസിയായി ഇരിക്കുന്നതാണ് ഇഷ്ടം. വിവാഹത്തിന് മുമ്പ് ഞാൻ വളരെ ബിസിയായിരുന്നു.
ഡ്രൈവർ പോലും എനിക്ക് ഇല്ലായിരുന്നു. ഞാൻ തന്നെയാണ് എല്ലായിടത്തും ഡ്രൈവ് ചെയ്ത് പോയിരുന്നത്. കൃത്യമായി ഉറങ്ങാതെ ആറ് ദിവസം കൺടിന്യൂസ് വർക്ക് ചെയ്തിട്ടുണ്ട്. അമ്മയ്ക്ക് വരെ പേടിയായിരുന്നു. ഡാൻസിനോടുള്ള ഇഷ്ടം കൊണ്ടാണ് അങ്ങനെ ജോലി ചെയ്തത്.
ഞാൻ സിനിമ കാണാറില്ല ഡാൻസിനും റഫറൻസും എടുക്കാറില്ല. എങ്ങാനും പാട്ട് സീൻ കണ്ടാൽ കോപ്പി ചെയ്യാൻ തോന്നുമോയെന്ന് ഭയമാണ്. പെണ്ണാണെന്ന് കരുതി ഭയപ്പെടേണ്ടതില്ല ആണുങ്ങളെ പോലെ ആയിരിക്കണം എന്ന് ധൈര്യം നൽകിയാണ് അമ്മ എന്നെ വളർത്തിയത് എന്നാണ് കല സിനിമാ രംഗത്ത് നിന്നുള്ള അനുഭവങ്ങൾ വെളിപ്പെടുത്തി പറഞ്ഞത്.


Click it and Unblock the Notifications