'അറിയാത്തത് പഠിക്കാന്‍ ലാലേട്ടൻ തയ്യാറാണ്, അദ്ദേഹം ചെയ്തപ്പോൾ ഭംഗി കൂടി, പൃഥ്വിക്കായി മല്ലിക ചേച്ചി വിളിച്ചു'

മലയാളത്തിൻ്റെ അഭ്രപാളിയിൽ കമലദളം വിരിഞ്ഞിട്ട് മുപ്പത് വർഷങ്ങൾ കഴിഞ്ഞു. മോഹൻലാൽ എന്ന മഹാനടൻ്റെ അഭിനയ വിസ്മയം കണ്ട സിനിമകളിലൊന്നായിരുന്നു കമലദളം. ശാസ്ത്രീയമായി നൃത്തം അഭ്യസിച്ചിട്ടില്ലാത്ത മോഹൻലാൽ കമലദളത്തിലെ നന്ദഗോപൻ എന്ന നൃത്താധ്യാപകനായി ജീവിച്ചത് സിനിമപ്രേക്ഷകരെ വിസ്മയിപ്പിച്ചിരുന്നു.

ഇന്നും ഓരോ അഭിമുഖങ്ങളിലും മോഹൻലാലിന് മുന്നിൽ ഈ ചോദ്യം ഉയരാറുണ്ട്. നന്ദഗോപനെ എങ്ങിനെ അവതരിപ്പിക്കാൻ കഴിഞ്ഞു..? എങ്ങിനെ ക്ലാസിക്കൽ നൃത്തം ചെയ്യാൻ കഴിഞ്ഞു..?എന്ന്. അതൊക്കെ അങ്ങിനെ സംഭവിച്ചുപോയി... എല്ലാം ദൈവഹിതം എന്ന മറുപടിയാണ് അദ്ദേഹത്തിൽ നിന്നും അന്നും ഇന്നും ലഭിക്കാറ്.

ചിത്രത്തിലെ ഏറ്റവും വലിയ ഹൈലൈറ്റാണ് ആനന്ദനടനം എന്ന ​ഗാനരം​ഗത്തിലെ മോഹൻലാലിന്റെ നൃത്തം. അത് ചിട്ടപ്പെടുത്തിയതാകട്ടെ മലയാളത്തിലെ ഒട്ടനവധി ​ഗാനങ്ങൾക്ക് നൃത്തം ഒരുക്കിയിട്ടുള്ള കുമാറും ശാന്തിയും.

 Kumar Shanthi

തമിഴിൽ കൊറിയോ​ഗ്രാഫറായി തിളങ്ങി നിൽക്കുന്ന കാലത്താണ് ഭർത്താവ് കുമാറിനൊപ്പം ശാന്തി മലയാളത്തിലേക്ക് എത്തുന്നത്. ഫാസിലിന്റെ പൂവിന് പുതിയ പൂന്തെന്നല്‍ എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. അവിടുന്നങ്ങോട്ട് കുമാർ ശാന്തിക്ക് തിരക്കിന്റെ കാലമായിരുന്നു. മോഹ​ൻലാൽ മുതൽ ശോഭന, പൃഥ്വിരാജ് വരെയുള്ള താരങ്ങൾക്ക് വേണ്ടി കൊറിയോ​ഗ്രഫി ചെയ്തു.

തൊണ്ണൂറുകളിലെ സിനിമകൾ ആസ്വദിക്കുന്നവർക്ക് ടൈറ്റിൽ കാർഡുകളിൽ പ്രത്യക്ഷപ്പെടാറുള്ള കുമാർ ശാന്തിയെന്ന പേര് സുപരിചിതമായിരിക്കും. ഒരുമുറൈ വന്ത് പാര്‍ത്തായാ..., ഹിറ്റ്ലർ സിനിമയിലെ കിതച്ചെത്തും കാറ്റേ, നരസിംഹത്തിലെ പഴനിമലമുരുകന് പള്ളി വേലായുധം എന്നിങ്ങനെ ഒട്ടനവധി ​ഗാനങ്ങൾക്ക് മലയാളത്തിൽ കുമാർ ശാന്തി നൃത്തം ഒരുക്കിയിട്ടുണ്ട്.

മൂന്ന് പതിറ്റാണ്ടിലേറെയായി തെന്നിന്ത്യൻ സിനിമയുടെ ഭാ​ഗമായി കുമാർ ശാന്തി പതിനാറ് വയസ് മുതൽ സിനിമയിൽ പ്രവർത്തിക്കുന്നുണ്ട്. ഇപ്പോഴിതാ മാതൃഭൂമി ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ‌ തന്റെ സിനിമാ അനുഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ് കുമാർ ശാന്തി. 'ഫാസില്‍ സാറിനൊപ്പം പപ്പയുടെ സ്വന്തം അപ്പൂസ്, മാനത്തെ വെള്ളിത്തേര്, മണിച്ചിത്രത്താഴ്, അനിയത്തിപ്രാവ് തുടങ്ങി ഒരുപാട് സിനിമകള്‍ ചെയ്തു.'

'ഒരു കുടുംബംപോലെയായി. സിബി മലയില്‍, ഷാജി കൈലാസ്, രാജസേനന്‍, വിനയന്‍, ബാലു കിരിയത്ത്, നിസാര്‍, അക്കു അക്ബര്‍, അനില്‍ബാബു അങ്ങനെ ഒരുകൂട്ടം മികച്ച സംവിധായകരുടെ സിനിമകളിലെല്ലാം തുടരെ അവസരങ്ങള്‍ ലഭിച്ചു. രാവണപ്രഭുവിലെ കൊറിയോഗ്രഫി തൊട്ടാണ് അവാര്‍ഡുകൾ ലഭിച്ച് തുടങ്ങിയത്. അന്ന് ഡാന്‍സ് എന്നുപറഞ്ഞാല്‍ അഭിനേതാക്കള്‍ക്ക് പേടിയാണ്.'

 Kumar Shanthi

'ഞങ്ങള്‍ വന്നതിനുശേഷം രാമായണക്കാറ്റേ, 'ഗോപാംഗനേ, പുത്തന്‍പുതുക്കാലം മുത്തമിട്ട നേരം തുടങ്ങിയ പാട്ടുകള്‍ക്ക് വന്‍സ്വീകാര്യത ലഭിച്ചു. പിന്നെപ്പിന്നെ നൃത്തംചെയ്യാന്‍ പലരും തയ്യാറായി. ആര്‍ട്ടിസ്റ്റുകളെ പേടിപ്പിച്ചിട്ടോ ടെന്‍ഷനടിപ്പിച്ചിട്ടോ ചെയ്യേണ്ടതല്ല കൊറിയോഗ്രഫി. അവരുടെ ശരീരഭാഷയ്ക്കനുസരിച്ച് എളുപ്പത്തിലുള്ള ചുവടുകളാണ് ആദ്യം പറഞ്ഞുകൊടുക്കുക. പിന്നീട് അവരും താത്പര്യം പ്രകടിപ്പിക്കുകയാണെങ്കില്‍ കൂടുതല്‍ പഠിപ്പിക്കും.'

'അന്നത്തെ നടിമാരായ ഭാനുപ്രിയ, ശോഭന, രേവതി, ശാലിനി, മഞ്ജു വാര്യര്‍, നവ്യ, കാവ്യ തുടങ്ങി മിക്കവരും ശാസ്ത്രീയനൃത്തം പഠിച്ചവരായിരുന്നു. പക്ഷെ നൃത്തമറിയാത്ത ലാലേട്ടന്‍ ഡാന്‍സ് ചെയ്തപ്പോഴാണ് അതിന്റെ ഭംഗി കൂടിയത്. ലാലേട്ടന് എന്തും ചെയ്യാനുള്ള ആത്മവിശ്വാസമുണ്ട്. അറിയാത്തത് പഠിക്കാന്‍ തയ്യാറാണ്. അങ്ങനെയല്ലാത്ത ഒരാള്‍ക്ക് കമലദളം എന്ന സിനിമ ചെയ്യാന്‍ പറ്റുമോ.'

'ലാലേട്ടന്റെ കമലദളത്തിലെ ക്ലൈമാക്‌സില്‍ കൊറിയോഗ്രഫി ചെയ്തത് കലാമണ്ഡലം സുജാത ടീച്ചറായിരുന്നു. ആനന്ദനടനം, സായന്തനം എന്നീ ഗാനരംഗങ്ങള്‍ക്ക് ഞങ്ങളും. ശരിക്കും ഫാസില്‍ സാറും സിബി സാറുമാണ് ഞങ്ങളുടെ ഗോഡ്ഫാദേഴ്സ്. ചാക്കോച്ചന് നൃത്തത്തിനോട് ഇഷ്ടമുണ്ടെന്ന് ആദ്യ സിനിമ അനിയത്തിപ്രാവ് ചെയ്യുമ്പോഴേ തോന്നിയിരുന്നു. പിന്നീട് ഓരോ സിനിമയിലും അദ്ദേഹം സ്വയം പോളിഷ് ചെയ്‌തെടുത്തു.'

'എനിക്ക് അനിയനെപ്പോലെയാണ്. പൃഥ്വിരാജ് നന്ദനം ചെയ്യുമ്പോള്‍ മല്ലികച്ചേച്ചി വിളിച്ചിട്ട് പറഞ്ഞു മോളൂ... അവന് ഡാന്‍സറിയില്ല. പാട്ടെന്നു പറഞ്ഞാല്‍ തന്നെ ടെന്‍ഷനാണ്. ഒന്ന് നോക്കിക്കോളണമെന്ന്. പൃഥ്വി അന്ന് ചെറുതല്ലേ. പിന്നെപ്പിന്നെ അന്യഭാഷാ സിനിമകളില്‍ വരെ പൃഥ്വി അടിപൊളിയായി ഡാന്‍സ് ചെയ്യുന്നതാണ് കണ്ടതെന്നാണ്', മലയാള സിനിമയിലെ താരങ്ങൾക്കൊപ്പം പ്രവർ‌ത്തിച്ച അനുഭവങ്ങൾ പങ്കിട്ട് കുമാർ ശാന്തി പറഞ്ഞത്.

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X