'മമ്മൂക്ക നന്നായി ഡാൻസ് ചെയ്യും, കല്യാണം വേണ്ടെന്ന് തീരുമാനിച്ചിരുന്നു, ഞാനൊരു മലയാളിയാണ്'; പ്രസന്ന സുജിത്ത്
രണ്ട് പതിറ്റാണ്ടുകളായി വിസ്മയിപ്പിക്കുന്ന നൃത്തച്ചുവടുകളുമായി പ്രസന്ന മാസ്റ്റർ എന്ന പ്രസന്ന സുജിത്ത് മലയാള സിനിമയിലുണ്ട്. മൂന്ന് തവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരമടക്കമുള്ള നേട്ടങ്ങൾ പ്രസന്ന മാസ്റ്റർ സ്വന്തമാക്കിയിട്ടുണ്ട്.
മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിലെ നൃത്തത്തിനാണ് ഏറ്റവും അവസാനം പ്രസന്ന സുജിത്തിന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചത്.
റിയാലിറ്റി ഷോകളിലൂടെ മിനിസ്ക്രീനിലും സജീവമായതിനാൽ കൊറിയോഗ്രാഫറെന്ന് കേൾക്കുമ്പോഴെ മലയാളികളുടെ മനസിലേക്ക് ഓടിയെത്തുന്ന മുഖമാണ് പ്രസന്ന മാസ്റ്ററുടേത്.
നൃത്തസംവിധായകരായ രഘു മാസ്റ്റർ, കലാ മാസ്റ്റർ, ബൃന്ദ മാസ്റ്റർ എന്നിവരുടെ ശിഷ്യനായി നിന്നാണ് പ്രസന്ന സുജിത്ത് കൊറിയോഗ്രഫറായി പേരെടുത്തത്. കുട്ടിക്കാലം മുതൽ റിഹേഴ്സൽ ക്യാമ്പുകൾ കണ്ടാണ് പ്രസന്ന വളർന്നത്. ചെറിയ പ്രായത്തിലൊന്നും നൃത്തത്തോട് വലിയ അഭിനിവേശം തോന്നിയിരുന്നില്ല പ്രസന്നയ്ക്ക്.
പിന്നീട് ഈ പാലക്കാട്ടുകാരൻ ഇന്ത്യൻ സിനിമയുടെ ഭാഗമായി മാറുകയായിരുന്നു. പലരും പ്രസന്ന മാസ്റ്റർ തമിഴ്നാട് സ്വദേശിയാണെന്ന് തെറ്റിധരിക്കുമെങ്കിലും ആളൊരു പാലക്കാട്ടുകാരനാണ്. പ്രസന്നയുടെ അമ്മ മലയാളിയാണ്.
മലയാളിയെന്ന് പറയുന്നതിൽ അഭിമാനിക്കുന്ന വ്യക്തി കൂടിയാണ് പ്രസന്ന സുജിത്ത്.

നിരവധി സിനിമകളിൽ ഒട്ടനവധി താരങ്ങളെ നൃത്തം പഠിപ്പിച്ചിട്ടുള്ള പ്രസന്ന സുജിത്ത് സിനിമാ അനുഭവങ്ങളും ജീവിതാനുഭവങ്ങളും ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണിപ്പോൾ.
'റിയാലിറ്റി ഷോകളിൽ ജഡ്ജായി വന്ന് തുടങ്ങിയ ശേഷമാണ് എന്നെ ആളുകൾ തിരിച്ചറിഞ്ഞ് തുടങ്ങിയത്. ഇപ്പോൾ പലരും യാത്ര ചെയ്യുമ്പോഴെല്ലാം തിരിച്ചറിയുകയും അടുത്ത് വന്ന് സംസാരിക്കുകയും സെൽഫി പകർത്തുകയുമെല്ലാം ചെയ്യാറുണ്ട്.'
'ഞാനൊരു മലയാളിയാണ്. പാലക്കാടാണ് സ്ഥലം. പക്ഷെ ജനിച്ചതും വളർന്നതും ചെന്നൈയിലാണെന്ന് മാത്രം.'

'ജോൺ എബ്രഹാം മുതലുള്ള താരങ്ങളെ നൃത്തം പഠിപ്പിച്ചിട്ടുണ്ട്. മമ്മൂക്കയ്ക്ക് നൃത്തം ചെയ്യാൻ അറിയില്ലെന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. പക്ഷെ മമ്മൂക്ക നന്നായി ഡാൻസ് കളിക്കും. അദ്ദേഹത്തിന്റെ ശരീരപ്രകൃതിക്കനുസരിച്ച് നൃത്തം ചെയ്യാൻ അദ്ദേഹത്തിനറിയാം.'
'മമ്മൂക്കയെ മനസിലാക്കി അതിനിണങ്ങുന്ന ചുവടുകൾ പറഞ്ഞ് കൊടുത്ത് ചെയ്യിപ്പിക്കണം. ഞാൻ ആരെയാണോ നൃത്തം പഠിപ്പിക്കാൻ പോകുന്നത് അയാളെ നിരീക്ഷിച്ച ശേഷമാണ് പാട്ടിനും അയാൾക്കും ഇണങ്ങുന്ന രീതിയിൽ നൃത്തം കംമ്പോസ് ചെയ്യുന്നത്.'
'എനിക്ക് കൊറിയോഗ്രാഫർ എന്ന നിലയിൽ ശ്രദ്ധ കിട്ടി തുടങ്ങിയത് കാക്കകുയിൽ ചെയ്ത ശേഷമാണ് അതിനാൽ ഞാനെന്നും പ്രിയദർശൻ സാറിനോടും മോഹൻലാൽ സാറിനോടും കടപ്പെട്ടിരിക്കും.'

'ബോളിവുഡിലേക്ക് കൊണ്ടുപോയതും പ്രിയൻ സാറാണ്. റിയാലിറ്റി ഷോകളിൽ വന്ന് പിള്ളേര് തകർക്കുന്ന കാണുമ്പോൾ തോന്നാറുണ്ട് എന്റെ കാലത്ത് എനിക്ക് ഇങ്ങനെയുള്ള സ്റ്റേജുകൾ കിട്ടിയിരുന്നെങ്കിൽ ഞാൻ വേറെ ലെവലായി പോയേനെയെന്ന്.'
'കല്യാണം കഴിക്കില്ലെന്ന തീരുമാനമൊക്കെ എടുത്തിരുന്ന ഞാൻ അവസാനം പ്രണയിച്ച് വിവാഹം കഴിച്ചു. അതൊരു ഫോൺ കോൾ വഴി തുടങ്ങിയ പ്രണയമായിരുന്നു. കൂട്ടുകാരന് വന്നൊരു കോളിൽ തുടങ്ങിയ സംസാരമായിരുന്നു.'
'ഇന്നേവരെ സിനിമാ മേഖലയിൽ എത്തിയ ശേഷം ഒരു മോശം അനുഭവം ആരെയും നൃത്തം പഠിപ്പിക്കാൻ പോയിട്ട് സംഭവിച്ചിട്ടില്ല.'
Recommended Video

'ഒരോ സിനിമ ചെയ്ത് കഴിയുമ്പോഴും അംഗീകാരങ്ങൾ കിട്ടുമ്പോഴും ഞാൻ ഒന്ന് മാത്രമെ മനസിൽ ചിന്തിക്കാറുള്ളൂ. ഇതുവരെ ചെയ്തപോലെയല്ല... അടുത്ത തവണ കുറച്ചു കൂടി നന്നായി ചെയ്യണം.'
'ഞാൻ എല്ലായ്പ്പോഴും എന്നോട് തന്നെയാണ് മത്സരിക്കാറുള്ളത്. ഇത്രയും വർഷത്തെ പരിചയമുണ്ടെങ്കിലും ആദ്യമായി കൊറിയോഗ്രഫി ചെയ്യുന്ന അതെ മനസുമായാണ് ഞാൻ ഒരോ സിനിമയും ചെയ്യാറുള്ളത്' പ്രസന്ന സുജിത്ത് പറയുന്നു.
ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിൽ ജഡ്ജായി വന്ന ശേഷമാണ് പ്രസന്ന സുജിത്തെന്ന കൊറിയോഗ്രാഫർക്ക് ആരാധകരുണ്ടായത്.


Click it and Unblock the Notifications











