'പഠിക്കുന്ന സമയത്ത് പൂവാല ശല്യത്തിനെതിരായ കാമ്പയിനുകളിൾ പങ്കെടുത്തത് നിലപാടിന്റെ ഭാഗമായാണ്'; മാളവിക മോഹനൻ!
ഒരിടവേളയ്ക്ക് ശേഷം നടി മാളവിക മോഹനൻ മലയാള സിനിമയിലേക്ക് തിരിച്ചെത്താൻ ഒരുങ്ങുകയാണ്. ഫ്രെബ്രുവരി 17ന് റിലീസിനെത്താൻ പോകുന്ന ക്രിസ്റ്റി എന്ന സിനിമയിലൂടെയാണ് മാളവിക വീണ്ടും മലയാളി പ്രേക്ഷകർക്ക് മുമ്പിലെത്തുന്നത്.
തണ്ണീർ മത്തൻ ദിനങ്ങൾ അടക്കമുള്ള സിനിമകളിലൂടെ ശ്രദ്ധ നേടിയ യുവതാരം മാത്യുവാണ് ചിത്രത്തിൽ നായകൻ. വളരെ നാളുകൾക്ക് ശേഷം ഒരു വ്യത്യസ്തമായ പ്രണയ കഥ റിലീസിന് തയ്യാറെടുക്കുന്നുവെന്നതും ക്രിസ്റ്റിയെ വ്യത്യസ്തമാക്കുന്നുണ്ട്.
പട്ടം പോലെയ്ക്ക് ശേഷം അത്രത്തോളം ശ്രദ്ധിക്കപ്പെടുന്ന മറ്റൊരു നായിക വേഷം മലയാളത്തിൽ ചെയ്യാൻ മാളവികയ്ക്ക് ആയില്ല. നടി മാളവിക മോഹനന്‍റെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ തരംഗം തീർക്കുക പതിവാണ്. സിനിമകളെക്കാൾ കൂടുതലായി പ്രേക്ഷകർ മാളവികയെ കാണുന്നത് ഫോട്ടോഷൂട്ടുകളിലൂടെയാണ്.
ഇപ്പോഴിത ക്രിസ്റ്റി സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ മാളവിക തന്റെ സിനിമാ ജീവിതത്തെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത്.

സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തമായി നിലപാട് വേണമെന്ന അഭിപ്രായക്കാരിയാണ് താനെന്നാണ് മാളവിക പറയുന്നത്. 'ക്രിസ്റ്റി എനിക്ക് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ്. ക്രിസ്റ്റി എന്ന ടൈറ്റിൽ കഥാപാത്രം ലഭിക്കുമ്പോൾ അത് എന്നെ ഏൽപ്പിക്കുന്ന ഉത്തരവാദിത്വവും സാധ്യതകളും ഒരുപോലെ പ്രധാനപ്പെട്ടതാണ്.'
'എനിക്ക് സമീപകാലത്ത് ലഭിച്ച കഥാപാത്രങ്ങളെല്ലാം അൽപം സീരിയസായ പശ്ചാത്തലത്തിലുള്ളതായിരുന്നു. ക്രിസ്റ്റിയുടെ കഥ അതിൽ നിന്നെല്ലാം വ്യത്യസ്തമാണെന്നതാണ് എന്നെ ആകർഷിച്ച ഘടകം.'

'ഒരു കൗമാരക്കാരനും അവന് ട്യൂഷൻ എടുക്കാനായി വരുന്ന യുവതിയും തമ്മിൽ ഉടലെടുക്കുന്ന സൗഹൃദവും പിന്നീട് ആ ബന്ധത്തിൽ വരുന്ന മാറ്റങ്ങളുമെല്ലാമാണ് ഈ സിനിമ പറയുന്നത്. ഞാൻ ഒരുപാട് ആസ്വദിച്ച് ചെയ്ത വേഷമായിരുന്നു ഇത്.'
'അതുകൊണ്ടുതന്നെ മലയാളത്തിലേക്ക് തിരിച്ചെത്തിയ വേഷത്തിൽ എനിക്ക് ഏറെ സന്തോഷവും സംതൃപ്തിയുമുണ്ട്. പട്ടംപോലെ എന്ന സിനിമയിൽ റിയ എന്ന കഥാപാത്രമായിട്ടാണ് ഞാൻ മലയാളത്തിൽ എത്തുന്നത്. പിന്നീട് നിർണായകം, ദി ഗ്രേറ്റ് ഫാദർ തുടങ്ങിയ ചിത്രങ്ങൾ ചെയ്ത ശേഷം വലിയൊരു ഇടവേളയായിരുന്നു.'

'ഇപ്പോൾ മലയാളത്തിലേക്ക് തിരിച്ചെത്തുമ്പോൾ സ്വന്തം വേരുകൾ തന്നെയാണ് ഞാൻ ഓർക്കുന്നത്. സിനിമയിലേക്കുള്ള യാത്രയിൽ എന്റെ സ്വപ്നങ്ങൾക്ക് നിറങ്ങൾ ചാലിച്ചവരിൽ പ്രധാനി ഛായാഗ്രാഹകനായിരുന്ന അച്ഛൻ മോഹനനായിരുന്നു.'
'അച്ഛൻ സിനിമയിൽ ഏറെ താത്പര്യമുള്ള ആളായതുകൊണ്ട് വീട്ടിൽ എപ്പോഴും സിനിമകളുടെ ഡി.വി.ഡി.കളുണ്ടായിരുന്നു. കുട്ടിക്കാലം മുതൽ കണ്ട് തുടങ്ങിയ ഡി.വി.ഡി.കളാണ് എന്റെ സിനിമാ മോഹങ്ങളിലേക്കുള്ള വാതിൽ തുറന്നത്.'

'ഹിന്ദിയിൽ യുദ്ര എന്ന സിനിമയും തമിഴിൽ തങ്കലാൻ എന്ന സിനിമയുമാണ് ഇനി വരാനുള്ളത്. രണ്ടും ഏറെ പ്രതീക്ഷകളുള്ള സിനിമകളാണ്. മാസ്റ്റർ എന്ന തമിഴ് ചിത്രത്തിനുശേഷം എനിക്ക് മലയാളത്തിൽ നിന്ന് ധാരാളം ഓഫറുകൾ വന്നിരുന്നു.'
'എന്നാൽ എനിക്ക് കാര്യമായി ഒന്നും ചെയ്യാനില്ലാത്ത വേഷങ്ങളിൽ അഭിനയിക്കേണ്ടെന്നായിരുന്നു തീരുമാനം. കുറച്ച് റിയലിസ്റ്റിക്കായ പ്രോജക്ടുകൾ വരുമ്പോഴെ ഒരു നടി എന്ന നിലയിൽ എനിക്ക് പെർഫോം ചെയ്യാൻ കഴിയൂ. അത്തരം വേഷങ്ങൾ തരുന്ന മലയാള ചിത്രങ്ങളിലേക്ക് ഇനിയുമെത്തണമെന്നാണ് ആഗ്രഹിക്കുന്നത്.'

'സിനിമയിലായാലും ജീവിതത്തിലായാലും നമുക്കൊരു നിലപാട് വേണമെന്ന അഭിപ്രായക്കാരിയാണ് ഞാൻ. മുംബൈയിൽ പഠിക്കുന്ന സമയത്ത് പൂവാലശല്യത്തിനെതിരായ ചപ്പൽ മാരൂംഗി പോലെയുള്ള കാമ്പയിനുകളിലൊക്കെ പങ്കെടുത്തത് എന്റെ നിലപാടുകളുടെ അടയാളം തന്നെയായിട്ടാണ്. സമൂഹത്തിലെ എല്ലാ കാര്യങ്ങളിലും നമുക്ക് പ്രതികരിക്കാനോ ഇടപെടാനോ സാധിക്കില്ല.'
'പക്ഷെ നമ്മൾ അഭിമുഖീകരിക്കുന്ന ചില കാര്യങ്ങളിലെങ്കിലും നമ്മുടെ നിലപാട് ശക്തമായി ബോധ്യപ്പെടുത്തണമെന്ന് തോന്നിയിട്ടുണ്ട്. സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ ഇപ്പോഴത്തെ കുട്ടികൾക്ക് നല്ല പരിഗണന ലഭിക്കുന്നുണ്ടെന്നാണ് ഞാൻ കരുതുന്നത്' മാളവിക പറഞ്ഞു.


Click it and Unblock the Notifications