നാല് ക്യാമറകൾ കേടായി, പുകയിൽ തെളിഞ്ഞ രൂപം; പ്രേതം ഷൂട്ടിംഗ് സമയത്ത് ശരിക്കും പ്രേതം? അനുഭവങ്ങളിങ്ങനെ
ഭയപ്പെടുത്തുന്ന പ്രേത സിനിമകൾ മലയാളത്തിൽ ഒരുപാട് വന്നിട്ടുണ്ട്. പ്രേതം എന്ന പേരിൽ തന്നെയെത്തി പ്രേക്ഷകരെ പേടിപ്പിച്ച ചിത്രമായിരുന്നു സംവിധായകൻ രഞ്ജിത്ത് ശങ്കറിന്റേത്. 2016 ൽ പുറത്തിറങ്ങിയ പ്രേതത്തിൽ ജയസൂര്യ, ഗോവിന്ദ് പത്മസൂര്യ, ശ്രുതി രാമചന്ദ്രൻ, തുടങ്ങിയവരാണ് പ്രധാന വേഷം ചെയ്തത്. സിനിമ ഹിറ്റായിരുന്നു. ഈ സിനിമയുടെ ഷൂട്ടിംഗ് സമയത്ത് അണിയറ പ്രവർത്തകരെ പേടിപ്പിച്ച ചില സംഭവങ്ങളുണ്ടായിട്ടുണ്ട്.
ഇതേക്കുറിച്ച് ചിത്രത്തിന്റെ ഛായാഗ്രാഹകൻ ജിത്തു ദാമോദർ ഒരിക്കൽ സഫാരി ടിവിയിൽ പങ്കുവെച്ച അനുഭവങ്ങളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
ഒരു ദിവസം ലെെറ്റപ്പ് നടന്ന് കൊണ്ടിരിക്കുകയാണ്, ഞാൻ ചായ കുടിച്ച് കൊണ്ടിരിക്കുമ്പോൾ എന്റെ അസോസിയേറ്റ് വന്ന് സർ, ഒരു ചെറിയ പ്രശ്നമുണ്ടെന്ന് പറഞ്ഞു. ആ കണ്ണാടിയിൽ പുക പോലെയെന്തോ വരുന്നെന്ന് പറഞ്ഞു. ക്ലീൻ ചെയ്ത് രണ്ട് മിനുട്ട് കഴിഞ്ഞ് വീണ്ടും പുക വരും. പുള്ളിക്ക് പേടിയായി.

ഈ റൂമിൽ പ്രേതമുണ്ടെന്ന് ഉറപ്പാണെന്ന് പറഞ്ഞു. ഞാൻ പോയി നോക്കിയപ്പോൾ അമ്പരന്ന് പോയി. നല്ല ക്വാളിറ്റിയുള്ള മിററാണ് ഹോട്ടലിൽ. ക്ലീൻ ചെയ്ത് കുറച്ച് നേരം കഴിഞ്ഞ് വീണ്ടും അതിനുള്ളിൽ നിന്ന് ഫോഗ് വന്നു. കുറച്ച് നേരം കഴിഞ്ഞ് അത് പ്രത്യേക രൂപമായി. ജിപി ഗ്ലാസിനകത്ത് കെെ നീട്ടി പോകുന്ന ഷോട്ടിന് മുമ്പുണ്ടായ സംഭവമാണത്. ബോംബെ, ഹെെദരാബാദ് ടീമിന്റെ ക്യാമറയാണ് ഞാൻ ഉപയോഗിക്കുന്നത്. ഞങ്ങൾ അത്രയും മിംഗിൾ ആണ്.
അവരുടെ ക്യാമറ ഉപയോഗിച്ച് പത്ത് സിനിമകളിൽ ഞാൻ വർക്ക് ചെയ്തിട്ടുണ്ട്. ഇതുവരെ ഒരു പ്രോബ്ലവും ഇല്ല. പ്രേതം ഷൂട്ട് ചെയ്ത് രണ്ടാമത്തെ ദിവസം ഒരു ക്യാമറ വർക്ക് ചെയ്യാതായി. ഉടനെ അടുത്ത ക്യാമറ കൊണ്ട് വന്നു. ഒരു മണിക്കൂർ കഴിഞ്ഞ് അതും നിന്നു. ഓൺ ചെയ്തപ്പോൾ ഐസി പോയി. വീണ്ടും ഹെെദരാബാദിൽ നിന്ന് ക്യാമറ കൊണ്ട് വന്നു. ഒരു മണിക്കൂറിനുള്ളിൽ അതും പോയി. മൂന്ന് ക്യാമറ ഓഫ് ആയി. ഓൺ ആകുന്നില്ല. ക്യാമറയുടെ ചെലവ് ലക്ഷങ്ങളാണ്.

റിപ്പയർ ചെയ്ത് വരാൻ യുഎസിലോ യുകെയിലോ പോകണം. കേരളത്തിൽ നിന്ന് ഒരു ക്യാമറ സബ്സിറ്റിറ്റ്യൂട്ടായി എടുത്തു. കൊണ്ട് വന്ന് അഞ്ച് മിനുട്ടിനുള്ളിൽ അതും കേടായി. ഷൂട്ട് നിർത്തി. എന്ത് ചെയ്യാൻ പറ്റും. ആർട്ടിസ്റ്റിന് ഡേറ്റില്ല, സംവിധായകന് ആശങ്കയായി. വല്ലാത്തൊരു അനുഭവമായിരുന്നു പ്രേതം എന്ന സിനിമ. കണ്ടോ സർ, പ്രേതമോ മറ്റോ ഉണ്ടെന്ന് അസോസിയേറ്റും പറഞ്ഞു. അഞ്ചാമത് വേറൊരു ക്യാമറ കൊണ്ട് വന്ന് ലൊക്കേഷൻ മാറ്റി ഷൂട്ട് ചെയ്തു.
ക്യാമറ സർവീസ് സെന്ററുമായി ഞാൻ ബന്ധപ്പെട്ടു. ഐസി ബോർഡിനകത്തെല്ലാം സോൾട്ടിന്റെ കണ്ടന്റ് ചെറുതായി ഉണ്ടെന്നാണ് അവർ പറഞ്ഞത്. ചെറായി ബീച്ചിലെ കാറ്റിൽ ഉപ്പിന്റെ അംശം കൂടുതലാണ്. കടലിനടുത്തുള്ള റിസോർട്ടിലായിരുന്നു ഷൂട്ട്. അങ്ങനെയാണ് ക്യാമറ കേടായതെന്ന് പിന്നീട് തനിക്ക് മനസിലാക്കാൻ കഴിഞ്ഞെന്നും ജിത്തു ദാമോദർ പറഞ്ഞു. പ്രേതം ഹിറ്റായതോടെ സിനിമയുടെ രണ്ടാം ഭാഗവും വന്നിരുന്നു. 2018 ലാണ് പ്രേതം 2 റിലീസ് ചെയ്തത്.


Click it and Unblock the Notifications











